Friday, May 2, 2014

ശശിധരൻ എന്ന സ്നേഹിതൻ


1993-ൽ കവി ജോസാന്റണിയാണ് വർക്കല നാരായണ ഗുരുകുലത്തിലേക്ക് എന്നെ നിർബന്ധിച്ച് അയച്ചത്. എല്ലാ ഡിസംബറിലും അവിടെ അന്തർദേശീയ സെമിനാറുകൾ നടക്കാറുണ്ടായിരുന്നു. ഗുരു നിത്യചൈതന്യ യതിയാണ് അവിടത്തെ പ്രധാന ആകർഷണം. ഗുരുവിന്റെ നിരവധി പുസ്തകങ്ങൾ വായിച്ചു അദ്ദേഹത്തോട് ഒരു ആരാധന രൂപപ്പെട്ട കാലവുമായിരുന്നു അത്.
ഗുരുകുലത്തിലെത്തിയപ്പോൾ ആദ്യമായി പരിചയപ്പെട്ടത്‌ എന്നെ പോലെ മുൻ പരിചയമില്ലാതെ അവിടെ എത്തിയ, പാലക്കാടിനടുത്ത് ആലക്കോട്ടുള്ള ജയിംസ്, കോട്ടയത്ത്‌ നാട്ടകത്തുള്ള ശശിധരൻ എന്നിവരെയാണ്.
ശശിധരൻ ഇപ്പോഴും എന്റെ മനസ്സിൽ അത്ഭുതം ജനിപ്പിക്കുന്ന ഒരു വ്യക്തിത്വമാണ്. ഏതാണ്ടൊരു നക്സൽ ചിതാഗതി ഉള്ള ആൾ. ആളിന്റെ തൊഴിൽ പ്രസ്സുമായി ബന്ധപ്പെട്ട ബുക്ക്‌ ബയന്റിങ്ങും മറ്റുമായിരുന്നു. നിരന്തരം യാത്രകൾ ചെയ്യുന്ന ഒരാൾ. അന്ന് ഒരു പത്തിരുപത്തിയാരു വയസ്സുണ്ടായിരുന്ന ശശി കൈയ്യിൽ പണം ഉണ്ടോ ഇല്ലയോ എന്ന് യാതൊരു പ്രശ്നങ്ങളും ബാധിക്കാത്ത ഒരാളായിരുന്നു. കാണുന്ന വണ്ടിയിൽ കയറി യാത്ര ചെയ്യുക. എത്തുന്ന സ്ഥലത്ത് എവിടെയെങ്കിലും പ്രസ് ഉണ്ടോ എന്ന് കണ്ടുപിടിച്ചു അവിടെ ജോലി ചെയ്യുക. കുറെ കാലം കഴിഞ്ഞു അവിടം മടുക്കുമ്പോൾ വീണ്ടും അടുത്ത സ്ഥലം തേടുക. ഇതായിരുന്നു ആളുടെ രീതി.
കത്തുകൾ വഴി ആത്മബന്ധം വളർന്നപ്പോൾ ഞാൻ ഒരിക്കൽ നാട്ടകത്ത് പോയി അദ്ദേഹത്തെ കണ്ടിരുന്നു.
കൈയിൽ ഉള്ള നയാപൈസ വരെ സഹായം ആവശ്യമുള്ള ആരു ചോദിച്ചാലും നല്കും. സ്വന്തം വിശപ്പോ ദാഹമോ ഒന്നും ഒരു പ്രശ്നമല്ലാത്ത വ്യക്തി. ആവശ്യത്തിൽ കൂടുതൽ പണം സ്വന്തമായി വേണ്ട എന്ന് പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്.
ശശിധരന്റെ വിവാഹവും അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവത്തിന് പൂരകമായിരുന്നു. വിവാഹം എന്ന് പറയാനാവില്ല. ഒന്നിച്ചു ജീവിക്കുക എന്ന ആശയം. പത്നി..(അങ്ങനെയാണോ അതോ കൂട്ടുകാരി എന്നാണോ വിളിക്കേണ്ടത്..? അറിയില്ല) ഒരു തയ്യല്ക്കാരി ആയിരുന്നു. അവരും കമ്മ്യൂണിസ്റ്റ് ആശയത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു എന്നതാണ് ശശിധരൻ അവരിൽ കണ്ട ഗുണം. ഒരു പ്രണയമൊന്നുമായിരുന്നില്ല അവരെ അടുപ്പിച്ചത്. ആശയങ്ങൾ സമാനമായിരുന്നു എന്നതാണ് അവരെ ഒന്നിപ്പിച്ചത്. പത്നിക്കു  ജീവിതത്തിൽ അവരുടെതായ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.., ശശിധരന് അദ്ദേഹത്തിന്റെയും. ഒടുവിൽ സംസാരിച്ച കാലത്ത് അങ്ങനെയാണ് പറഞ്ഞിരുന്നത്.
പല നിറങ്ങളുള്ള പേപ്പറുകൾ ചേർത്ത് തുന്നിയ ഒരു വലിയ നോട്ടുബുക്കും അന്നത്തെ എന്റെ വിലാസം അടിച്ച ഒരു ലെറ്റർപാഡും ഒരിക്കൽ എനിക്ക് സമ്മാനിച്ചത്‌ ഇപ്പോഴും എന്റെ തകരപ്പെട്ടിയിൽ ഉണ്ട്. കാലത്തിന്റെ ഒഴുക്കിൽ എവിടെയോ ഞങ്ങളുടെ എഴുത്തുകുത്തുകൾ അവസാനിച്ചു. ഇപ്പോൾ എവിടെയെന്നറിയില്ല. കെ എൻ ശശിധരൻ എന്ന ആ സുഹൃത്തിനു ഓണ്‍ലൈൻ ബന്ധങ്ങൾ ഉണ്ടോ എന്നും അറിയില്ല. അന്നത്തെ സ്വഭാവം വച്ച് നോക്കിയാൽ ഉണ്ടാകാൻ ഇടയില്ല.
മനുഷ്യത്വം, സഹജീവി സ്നേഹം, ഉറച്ച ബോധ്യങ്ങൾ പിന്നെ കടുത്ത കമ്മ്യൂണിസ്റ്റ് ചിന്തയും ജീവിതവും... എന്റെ ഓർമ്മയിലെ ശശിധരൻ ഇതാണ്. എന്റെ മനസ്സിൽ ഇപ്പോഴും ഇടയ്ക്കിടെ മിന്നിമായും ആ രൂപം.

No comments:

Post a Comment