Saturday, May 17, 2014

ഒരു പ്രണയദുരന്തം....!

വർഷം 1989. കുറത്തികാട് SBT യില് കാഷ്യർ ആയിരുന്ന കൃഷ്ണനണ്ണന്റെ കല്യാണത്തിന് അന്നത്തെ സുഹൃത്തുക്കളായ ഞങ്ങളെ വിളിച്ചിട്ടുണ്ടായിരുന്നു. കാസർകോട് ബന്ദടുക്ക എന്ന സ്ഥലത്താണ് കല്യാണം. ഞാൻ, മുരളി, അമ്പിളി, കൊച്ചുമോൻ എന്നീ നാൽവർ സംഘം ഒരു രാത്രി ട്രെയിനിൽ മാവേലിക്കരയിൽ നിന്നും കയറി. പിറ്റെ ദിവസം കാഞ്ഞങ്ങാട്ട് ഇറങ്ങിയ ഞങ്ങളെ കാത്ത് ഒരു ജീപ്പ് കിടപ്പുണ്ടായിരുന്നു. കുന്നും മലയും കയറി ഹനുമാന്‍ ഗിയറില്‍ ജീപ്പ് പോകുമ്പോള്‍ ശ്വാസമടക്കി പിടിച്ചാണ് ഞങ്ങള്‍ ഇരുന്നത്. ഏതാനും മണിക്കൂറുകളെടുത്തു ബന്ദടുക്ക കഴിഞ്ഞും ഉള്ളിലെവിടെയോ ഉള്ള വീട്ടിലെത്താന്‍.
കല്യാണവീട്ടിലെത്തിയ ഞങ്ങൾ പക്ഷെ ഇത് കേരളം തന്നെയോ എന്ന് സംശയിച്ചു പോയി. കാരണം കൃഷ്ണനണ്ണനും അദ്ദേഹത്തിന്റെ അച്ഛനും മാത്രമേ മലയാളം അറിയുമായിരുന്നുള്ളൂ. മറ്റുള്ളവർ സംസാരിക്കുന്നത് വരമൊഴി ഇല്ലാത്ത ഏതോ ഭാഷ. തുളു എന്നു പറഞ്ഞതായാണ് ഓർമ്മ. കല്യാണവും ബഹു വിശേഷമായിരുന്നു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകൾ. ഈ ബഹളങ്ങൾക്കിടയിൽ ഞങ്ങൾ തെറിച്ചു തെറിച്ചു നില്ക്കുന്ന നാലുപേരും. ഞങ്ങളെ സല്ക്കരിക്കാനായി കൃഷ്ണനണ്ണൻ കരുതിയിട്ടുണ്ടായിരുന്ന കശുമാവിൻ പഴം വാറ്റിയ ലഹരിനീര് ഇടയ്ക്കിടയ്ക്ക് നുണഞ്ഞ ഞങ്ങൾ കാടും മേടും നിറഞ്ഞു നടന്നു. ഇടയ്ക്കു കല്യാണ ചടങ്ങുകളിൽ തല കാണിക്കും.
അതിനിടെ നല്ല കറുത്തിരുണ്ട സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നെ നോക്കി വശ്യമായി ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. വെളുപ്പാങ്കാലത്ത് മരക്കൂട്ടങ്ങൾക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങുന്നത് പോലെ ഒരനുഭൂതി. കശുമാമ്പഴനീരിനോടുള്ള പ്രണയം അസ്തമിച്ചു. കരുത്തു വന്നു തുടങ്ങിയിട്ടില്ലാത്ത മീശ പരമാവധി ഒരുക്കിയും ഇടയ്ക്കിടെ ആ പെണ്‍കുട്ടിയെ നോക്കി ചിരിച്ചു നില്ക്കാനും ഞാൻ ശ്രദ്ധിച്ചു. ഇതിനിടെ കൂട്ടുകാർ കാണാതെ ഒന്ന് സംസാരിക്കാനും ശ്രമിച്ചു. പക്ഷെ അവൾക്കു മനസ്സിലായില്ല. ഭാഷാപ്രശ്നം.
ഇടയ്ക്കു ഞങ്ങൾ ഒന്നിച്ചു കൂടിയിരിക്കുമ്പോൾ ഞാൻ എല്ലാവരോടും ഈ രഹസ്യം പങ്കു വച്ചു. അപ്പോഴാണ് അമ്പിളി പറയുന്നത് അയാൾക്കും ഒരു പെണ്‍കുട്ടിയുമായി അടുപ്പമായി എന്ന്. കൊച്ചുമോന്റെ മുഖത്ത് ഒരു നിഗൂഢസ്മിതം വിരിഞ്ഞു, ''എടാ ഞാൻ വന്ന ദിവസം തന്നെ ഒരു പെണ്ണുമായി ലൈനിലാ. നിന്നോടൊന്നും പറഞ്ഞില്ലെന്നെയുള്ളൂ.''
എന്ത് പറയാൻ. ചുരുക്കത്തിൽ നാല് പേർക്കും ഓരോ കൃഷ്ണാംഗനകൾ സഖികളായി കിട്ടിയതിൽ എല്ലാവരും സന്തോഷിച്ചു. മൊഴിയില്ലാത്ത അനുരാഗ നദികളിൽ ഞങ്ങൾ നീന്തിത്തുടിച്ചു.
ഒടുവിൽ ഞങ്ങൾക്കു തിരികെ പോരേണ്ട സമയമായി. മനസ്സിൽ വിരഹവേദന ആഴ്ന്നിറങ്ങാൻ തുടങ്ങി. ഞങ്ങൾ പരസ്പരം സംസാരിക്കുന്നില്ല. എല്ലാവർക്കും എല്ലാവരുടെയും വേദന മനസ്സിലാകുമായിരുന്നു. നെടുവീർപ്പുകൾ ഞങ്ങൾക്കിടയിൽ നിറഞ്ഞു.
എന്തായാലും യാത്രാമൊഴി പറയാതിരിക്കാനാവില്ലല്ലോ. കണ്ണുകളിൽ തരുതരുപ്പോടെ ഞാൻ എന്റെ പെണ്ണിന്റെ നേർക്ക് നടന്നു. അവൾ എന്നെ നോക്കി ഊഷ്മളമായി ചിരിക്കുന്നുണ്ടായിരുന്നു. ഇതെന്താ ഇവൾക്കൊരു വിഷമവുമില്ലെ എന്ന് ചിന്തിച്ചു ഞാൻ നടക്കുമ്പോൾ എന്റെ പിന്നിൽ ഒരു പാദപതനശബ്ദം. നോക്കുമ്പോൾ തൊട്ടു പിന്നിൽ മുരളി. മുരളി എന്നോട് അടക്കത്തിൽ ചൂടായി, ''നീയെന്തിനാ എന്റെ പെണ്ണിന്റെ അടുത്ത് പോകുന്നത്?'' ഞാൻ ദേഷ്യപ്പെടാനായി തിരിഞ്ഞപ്പോൾ അതാ അമ്പിളിയും കൊച്ചുമോനും മുരളിയുടെ പിന്നിലുണ്ട്. പെട്ടെന്ന് ബുദ്ധിയുദിച്ചത് കൊച്ചുമോനായിരുന്നു.
''എടാ നമ്മളെല്ലാം പ്രേമിച്ചത് ഒരുത്തിയെ തന്നെയായിരുന്നു..''
ആദ്യം ഒരു അവിശ്വസനീയത ഉണ്ടായെങ്കിലും കാര്യം ശരിയാണെന്നു ബോദ്ധ്യമായപ്പോൾ ചമ്മി വിളറിയ ഒരു ഭാവം എല്ലാവരുടെയും മുഖത്ത് പടർന്നു.
പെട്ടെന്നു തിരിഞ്ഞു നടന്ന ഞങ്ങൾ കൃഷ്ണനണ്ണനോടും കുടുംബത്തോടും യാത്ര പറഞ്ഞിറങ്ങി. എങ്ങനെയെങ്കിലും ആ പെണ്ണിന്റെ ദൃഷ്ടിയിൽ നിന്നും പുറത്തു കടക്കാൻ പരമാവധി വേഗത്തിൽ നടന്നു. ഞാൻ ഇടക്കൊന്നു തിരിഞ്ഞു നോക്കി.
അപ്പോഴും ആ പെണ്‍കുട്ടി ഞങ്ങൾക്കു നേരെ ചിരിയോടെ കൈ വീശുന്നുണ്ടായിരുന്നു. അതെന്റെ നേർക്ക് തന്നെയായിരുന്നു. ഞാനും തിരികെ കൈ വീശി.. കൂട്ടത്തിൽ ചൂടനായ അമ്പിളി എന്നെ ഒരു തെറി വിളിച്ചപ്പോൾ ഞാൻ വീണ്ടും നേരെ നടന്നു തുടങ്ങി... വിങ്ങുന്ന ഹൃദയവുമായി...

No comments:

Post a Comment