Monday, June 23, 2014

ചാരിത്ര്യത്തിന്റെ മറുവശം

നല്ല മഴയുള്ള ഒരു അവധി ദിവസം ഉച്ച കഴിഞ്ഞപ്പോഴാണ് മനുവിന്റെ താമസസ്ഥലത്തേക്ക് അഖിലും മറ്റു സുഹൃത്തുക്കളും എത്തിയത്. അഖിൽ അന്ന് കോളേജിലെ രാഷ്ട്രീയ നേതാവാണ്‌. സമ്പന്നനും. ഒപ്പമുള്ളവരിൽ ഒരാൾ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അനുജൻ, രാജീവൻ. കൂടെയുള്ളതു ലാലു. എന്ത് തരികിടയ്ക്കും അഖിലിനൊപ്പം നിൽക്കുന്നവൻ.
"നീ വൈകിട്ട് നാട്ടിൽ പോകുന്നുണ്ടോ..?" അഖിലിന്റെ ചോദ്യം.
"ഇല്ലെടാ ഈയാഴ്ച പോകുന്നില്ല. എന്തെടാ..?" മനു അന്വേഷിച്ചു.
ഒരു ദിവസം അവധിയുണ്ടെങ്കിൽ മനു വീട് പിടിക്കാൻ നോക്കും. എന്നാൽ ഇന്ന് കുറച്ചു പാഠഭാഗങ്ങൾ നോക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതിനാൽ വാടകവീട്ടിൽ തന്നെ കഴിയാം എന്ന് കരുതിയിരിക്കുകയാണ്.
"എന്നാൽ ഞങ്ങൾ രാത്രീൽ വരാം. ഒരു പാർട്ടീം കൂടെ കാണും." സന്തോഷ ഭാവത്തിൽ അഖിൽ പറഞ്ഞു.
"ആരെടാ..?"
"അതൊന്നും നീയറിയേണ്ടാ. നീ ഇന്ന് രാത്രി പുതിയൊരു ജന്മത്തിനു തുടക്കം കുറിക്കുന്നു. അത്രേം കരുതിയാൽ മതി." ലാലു പരിഹാസച്ചിരിയോടെ പറഞ്ഞു. 
"പിന്നെ ഫുഡ്ഡൊക്കെ ഞങ്ങൾ കൊണ്ടുവരാം. നീ എങ്ങും പോകണ്ടാ.." രാജീവൻ കൂട്ടിച്ചേർത്തു.
എന്താണാവോ ഇവന്റെയൊക്കെ ഭാവം. മനു തല ചൊറിഞ്ഞു നിന്നപ്പോൾ അഖിലും സംഘവും രണ്ടു ബൈക്കുകളിലായി പുറത്തേക്കിറങ്ങി.
വീട് വാടകയ്ക്ക് എടുത്തത് തന്നെ അഖിലിന്റെ നിർബന്ധപ്രകാരമാണ്. വാടക കൊടുക്കുന്നതും അവൻ തന്നെ. പിന്നെ എപ്പോൾ എന്ത് ആവശ്യത്തിനും മനുവിനോടൊപ്പം അവൻ നിൽക്കാറുണ്ട്. നല്ലൊരു സുഹൃത്താണ് അവൻ. പിന്നെന്തിനു കൂടുതൽ ചിന്തിക്കണം. അവൻ പുസ്തകത്തിലേക്ക് തല പൂഴ്ത്തി.
രാത്രി എട്ടുമണിയായപ്പോൾ രാജീവനും ലാലുവും കൂടി ഒരു ബൈക്കിൽ എത്തി. പൊറോട്ട, ചിക്കൻ, ചപ്പാത്തി തുടങ്ങി വിഭവസമൃദ്ധമായ അത്താഴപ്പൊതിയും കരുതിയിരുന്നു. രാജീവനെ വിട്ടിട്ടു ലാലു തിരികെ പോയി.
"അഖിൽ എവിടെ രാജീവാ..?" മനു അന്വേഷിച്ചു.
"അവൻ ഒരു കക്ഷിയെ പൊക്കാൻ പോയേക്കുവാ. പത്തു മണി കഴിയുമ്പോൾ വരും." ചിരിയോടെ രാജീവൻ പറഞ്ഞു.
"ആരാടാ..? എന്തേലും തരികിട പരിപാടിയാണോ..?" മനുവിന് ആകാംക്ഷയായി.
"നീയൊന്നു മിണ്ടാതിരിക്ക്‌. നമുക്ക് രണ്ടെണ്ണം വിടാം. എന്റെ കയ്യിൽ സാധനമുണ്ട്. നീ വാ." രാജീവൻ മനുവിനെയും കൂട്ടി അടുക്കളയിലേക്കു കയറി.
ഒന്നും രണ്ടും പെഗ്ഗുകൾ വിഴുങ്ങി ഇരുവരും കലാ, സാഹിത്യ, രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്നു. അതങ്ങനെ നീണ്ടു നീണ്ടു പോയി. ഏതാണ്ട് പതിനൊന്നു മണിയോടടുത്തപ്പോൾ ലാലു ബൈക്കിൽ മുറ്റത്തേക്ക്‌ വന്നു. ബൈക്ക് സ്റ്റാൻഡിൽ വച്ച ശേഷം അവൻ ഓടിക്കയറിവന്നു മുൻവശത്തുള്ള ലൈറ്റുകൾ ഓഫാക്കി. തൊട്ടു പിന്നാലെ അടുത്ത ബൈക്കിൽ അഖിലും വന്നു. അഖിലിനൊപ്പം ഒരു നിഴൽ പോലെ ഉണ്ടായിരുന്ന ആളെ അകത്തെത്തിയ ശേഷമാണ് മനു കാണുന്നത്. തലമൂടി സാരിയിട്ടിരുന്ന ഒരു സ്ത്രീ.
"എന്താടാ ഇത്..? എന്താ നിന്റെ ഭാവം..?" മനു ചൂടായി.
"നീയൊന്നും പറയേണ്ടാ. നീയിങ്ങു വാ." അഖിൽ അവനെ വിളിച്ചുകൊണ്ടുപോയി. "നീയിവിടിരിക്ക്. ഞങ്ങൾ മാറിമാറി നിനക്ക് കൂട്ടിരിക്കാം. അവൾക്കും."
മനു നേരെ അടുക്കളയിലേക്കു പോയി രാജീവൻ കൊണ്ട് വന്ന മദ്യം രണ്ടു മൂന്നു തവണ മടമടാന്നു കുടിച്ചു. പിന്നെ അവന്റെ വായനാ മുറിയിലേക്ക് പോയി.
മണിക്കൂറുകൾ കടന്നു പോയി. ഇടയ്ക്ക് ലാലു വന്നു അവനെ നോക്കിയിട്ട് പോയതും അവനറിഞ്ഞു. മൂന്നു മണിയായപ്പോൾ അഖിൽ അവന്റെയടുത്തെത്തി. "എടാ ഇതൊക്കെ ജീവിതത്തിലെ ഒരു രസമല്ലേ...? നീയൊരു കാര്യം ചെയ്യു. നീ അവളുടെയടുത്തൊന്നു പോയിനോക്ക്‌ . എല്ലാം അറിഞ്ഞിരിക്കേണ്ടേ..? വാ എണീല്ക്ക്..." അഖിൽ അവന്റെ കയ്യിൽ പിടിച്ചു അകത്തെ മുറിയിലേക്ക് പോയി. ലാലുവും രാജീവനും പരസ്പരം കണ്ണിറുക്കി ചിരിക്കുന്നത് അവൻ കാണാതിരുന്നില്ല.
മുറിയിലേക്ക് കടന്നപ്പോൾ അവൻ കണ്ടു. മാറിനു മുകളിൽ വച്ച് പാവാട ഉടുത്തു  കിടക്കയിലിരിക്കുന്ന സ്ത്രീയെ.
"ഡീ ഇവന് ഒന്നും അറിയില്ല. എല്ലാമൊന്നു പഠിപ്പിച്ചു കൊടുക്കണം കേട്ടോ." അഖിൽ അവളോട്‌ അത് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി വാതിലടച്ചു.
വശ്യമായ ഒരു ചിരിയോടെ അവൾ എണീറ്റ്‌ അവന്റെ കയ്യിൽ പിടിച്ചു. അവളോട്‌ ചേർന്നു അവനും കിടക്കയിലിരുന്നു.
"വാ മോനെ.." അവന്റെ കയ്യിൽ പിടിച്ചു കിടത്താൻ ശ്രമിച്ച അവളുടെ കൈ ബലമായി പിടിച്ചു മാറ്റി അവൻ ചോദിച്ചു,
"ഇതെങ്ങനെ നിങ്ങൾക്ക് സാധിക്കുന്നു..? ഞാൻ നാലാമത്തെ ആളല്ലേ..?"
"അതിനെന്താ എനിക്കതൊരു പ്രശ്നമല്ലല്ലോ..." അഭിമാനം സ്ഫുരിച്ച ശബ്ദം പോലെയാണ് അവനതു തോന്നിയത്.
"നിങ്ങൾക്കിതിൽ നിന്നും എന്ത് സുഖം കിട്ടും..?"
"നിങ്ങൾക്ക് കിട്ടുന്ന സുഖം തന്നെ എനിക്കും കിട്ടും" അവൾ ചിരിയോടെ മൊഴിഞ്ഞു.
"കള്ളം. കള്ളമാണ്. ആർക്കും ഒരേ തവണ പലരെ പ്രാപിക്കുമ്പോൾ സുഖമല്ല കിട്ടുക." മനുവിന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തു.
ആ സ്ത്രീയിൽ അതുവരെയുള്ള ലോലഭാവം മാറിയത് പൊടുന്നനെയായിരുന്നു. മുഖം രൗദ്രതയാർന്നു. കണ്ണുകളിൽ നിന്നും തീ പറക്കുംപോലെ മനുവിന് തോന്നി.
"എനിക്ക് സുഖമാണ്. വല്ലവനും വേണ്ടി തല്ലുണ്ടാക്കിയിരുന്ന എന്റെ കെട്ട്യോൻ ആരുടെയോ വെട്ടേറ്റു രണ്ടു കാലും ഒരു കയ്യും ഇല്ലാതെ എന്റെ വീട്ടിലുണ്ട്. അയാൾക്ക്‌ വേണ്ടതെല്ലാം... എന്റെ ശരീരവും കൊടുക്കുമ്പോൾ എനിക്ക് സുഖമാണ്. എന്റെ രണ്ടു മക്കളുടെയും വയറു നിറഞ്ഞു അവരുടെ മുഖത്തു സന്തോഷം കാണുമ്പോൾ എനിക്ക് സുഖമാണ്. കാശൊള്ളവന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ എന്റെ  കുഞ്ഞുങ്ങളും പഠിക്കുമ്പോൾ.., അവരെ വിളിക്കാനും മുറ്റത്തു വണ്ടി വന്നു നിക്കുമ്പോൾ എനിക്ക് സുഖമാണ്. കണ്ട എരപ്പയോടൊന്നും  ഞാൻ തെണ്ടുന്നില്ല. എന്റെ ശരീരം കൊടുത്തു ഞാൻ ഉണ്ണുമ്പോൾ കഴയ്ക്കുന്നവനൊക്കെ കഴക്കട്ടെ. അവനൊക്കെയാ സൊന്തം അമ്മയേം പെങ്ങളേം കേറിപ്പിടിക്കുന്നത്. എന്നിട്ടെന്റെ സൊഹം അന്വേഷിക്കുന്നു.. ത്ഫൂൂ.." 
ബഹളം കേട്ട് മുറിയിലേക്ക് ഓടി വന്ന എല്ലാവരുടെയും മുൻപിൽ നിന്ന് പിറുപിറുപ്പോടെ അവർ വസ്ത്രം ധരിച്ചു.
"എന്താടാ എന്താ പറ്റിയെ" എന്ന കൂട്ടുകാരുടെ ചോദ്യം മനു കേട്ടില്ല. അവന്റെ ബോധമണ്ഡലം മുഴുവൻ ആ സ്ത്രീയുടെ കണ്ണുകളിലെ അഗ്നിയായിരുന്നു. വാക്കുകളിലെ കരുത്തായിരുന്നു. എന്തൊക്കെയോ ചില വസ്തുതകൾ അവന്റെ ബോധത്തിലേക്ക്‌ അരിച്ചിറങ്ങുന്നത് പോലെ... പിന്നെ ഒന്നും മിണ്ടാതെ അവൻ പുറത്തേക്കിറങ്ങി... മുറ്റത്തേക്ക്‌.. പിന്നെ മുറ്റവും കടന്നു നടന്നു.. എങ്ങോട്ടെന്നില്ലാതെ.

Saturday, June 21, 2014

തേങ്ങലിൻ മണമുള്ള ഓർമ്മ

ഇന്ന് മറ്റൊരു ജൂണ്‍ 21. ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു തേങ്ങലിന്റെ ഓർമ്മയാണ്‌ ഈ ദിനത്തിന്. രക്ത ഗന്ധം കിനിയുന്ന ഓർമ്മ. എന്റെ സഹോദര തുല്യനും പ്രിയസഖാവുമായിരുന്ന അജിത് വെട്ടേറ്റു മരിച്ചത് 1991 ജൂണ്‍ 21 നായിരുന്നു.
1986 ലെ ഡിസംബറിൽ സ. ഭുവനേശ്വരൻ രക്തസാക്ഷി ദിനതിനായിരുന്നു ആദ്യമായി അജിത്‌ എന്നെ ഒരു സംഘടനാ (SFI ) പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. കരിമുളക്കലിൽ ഉള്ള ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒരു സൈക്കിൾ റാലി.
ക്രമേണ വ്യക്തി ബന്ധവും കുടുംബ ബന്ധവും ശക്തമായി. ചുരുങ്ങിയ കാലം കൊണ്ട് സംഘടനാ രംഗത്ത്‌ ഞാൻ വളർന്നു. ഒപ്പം ഞങ്ങളുടെ സൌഹൃദവും.
കുറത്തികാടിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലും കാറും കോളും നിറഞ്ഞു. ഏതാണ്ട് പ്രതിവർഷം ഒരു കൊലപാതകം എന്ന നിലയിലേക്ക് വഷളായ അവസ്ഥ. പലപ്പോഴും ഭീകരത അന്തരീക്ഷത്തിൽ പടരും. ചോരത്തിളപ്പിന്റെ ആവേശം വീട് മറന്നും രാപകലില്ലാതെ സംഘർഷങ്ങളിലേക്ക് എന്റെ സുഹൃത്തുക്കൾക്കൊപ്പം എന്നെയും പിടിച്ചിറക്കി.
ആക്രമണവും പ്രത്യാക്രമണവും ഒക്കെയായി 89, 90, 91 കാലങ്ങൾ കടന്നുപോയി. ഇക്കാലം കായംകുളം എം എസ് എം കോളേജിലെ എന്റെ ഡിഗ്രീ പഠനകാലം കൂടെയായിരുന്നു. എന്തിനും കൂടെ നില്ക്കാൻ പോന്ന സൌഹൃദങ്ങൾ കോളേജിലും മുതല്ക്കൂട്ടായി.
അജിത്തിന്റെ മരണത്തിൽ കലാശിച്ച പ്രശ്നങ്ങളുടെ തുടക്കം 91 ഏപ്രിൽ 18 ആയിരുന്നു. അജിത്തിന്റെ അച്ഛന് നേരെ ഉണ്ടായ ആക്രമണം. മെയ്‌ 1 നു പ്രത്യാക്രമണം. തുടർന്ന് അജിത്തിനെയും എന്നെയും കേന്ദ്രീകരിച്ചു നടന്ന പ്ലാനിംഗുകൾ.
ജൂണ്‍ 18 എന്റെ ഒരു പരീക്ഷയുണ്ട്. രാവിലെ കായംകുളത്തിന് പോയി. കായംകുളത്ത് എന്റെ സുഹൃത്തും അവിടത്തെ SFI നേതാവുമായിരുന്നു എസ് നജീബിന്റെ വീട്ടിൽ ഉച്ചവരെ കഴിച്ചു കൂട്ടി. ഉച്ചയ്ക്ക് കോളെജിലേക്ക് നടക്കുമ്പോൾ വീടിനടുത്തു തടത്തിലാലിൽ ഉള്ള ഷിബു നൈനാൻ പിന്നിൽ നിന്നും വിളിച്ചു.
"പ്രദീപേ നീയറിഞ്ഞില്ലേ..? അജിത്തിന് വെട്ടേറ്റു. മാവേലിക്കര ഗവ: ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി."
ശരീരത്തിൽ പൊടുന്നനെ തീ പിടിച്ചത് പോലെയാണ് തോന്നിയത്. ഉടൻ തന്നെ അടുത്ത ബസിൽ കയറി മാവേലിക്കരയ്ക്ക് പോയി.  ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ നിന്നും മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി എന്നറിയുന്നത്.
നേരെ കുറത്തികാട്ടെക്ക് പോകാം എന്ന് കരുതി സ്ടാന്റിലേക്ക് നടക്കുമ്പോൾ ഹൈസ്കൂൾ ജംഗ്ഷനിലെ സൂപ്പർ തയ്യൽ കടയിലെ തയ്യൽക്കാരായിരുന്ന രണ്ടു രാജേന്ദ്രൻമാർ സൈക്കിളിൽ വരുന്നു. കണ്ടയുടൻ അവർ പറഞ്ഞത് "ഇപ്പോൾ അളിയൻ അങ്ങോട്ട്‌ പോകരുത്. പ്രശ്നമാണ് എന്നാണ്.
പിന്നെ നേരെ മെഡിക്കൽ കോളെജിലേക്ക് പോകാം എന്ന് കരുതി. അപ്പോഴാണ്‌ കയ്യിൽ പൈസ കുറവാണല്ലോ എന്ന് ഓർക്കുന്നത്. ഭാഗ്യത്തിന് അജിത്തിന്റെ ബന്ധു കൂടിയായ മധു എന്ന സുഹൃത്തിനെ അവിടെ വച്ച് കണ്ടു. മധുവിന്റെ കയ്യിൽ ഉണ്ടായിരുന്ന 30 രൂപ കൂടി വാങ്ങി നേരെ ആലപ്പുഴ ബസിൽ കയറി.
ഹോസ്പിറ്റലിൽ എത്തുമ്പോൾ ആദ്യം കണ്ടത് ഷാജിയണ്ണനെയാണ്. "എടാ ബ്ലഡ് വേണം. ബി+." എന്റെ രക്തഗ്രൂപ്പും അതുതന്നെയാണ്. ആദ്യം രക്തം കൊടുത്തു. അതുകഴിഞ്ഞ് അജിത്തിന്റെ അടുത്തെത്തി. എല്ലാ സുഹൃത്തുക്കളും സഖാക്കളും ഉണ്ട്. കാലിൽ മാത്രമാണ് മുറിവുകൾ. വെട്ടിയറഞ്ഞുകളഞ്ഞു ദുഷ്ടന്മാർ. വേദനയോടെയെങ്കിലും ആ സമയം സംസാരിച്ചിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിലും.
പക്ഷെ 21 നു പുലർച്ചെ ഒരൽപം ഭേദമുണ്ട് എന്ന് തോന്നിപ്പിച്ച ശേഷം കണ്ണുകൾ അടച്ചു. എന്നെന്നേക്കുമായി.
എന്റെ മനസ്സിൽ പിന്നീടുണ്ടായത് ഒരു ശൂന്യത മാത്രമായിരുന്നു.
അക്കാലത്തെ ശരികളും വസ്തുതകളും അറിഞ്ഞു കൂടെ നിന്ന ഒരാളെ ഇവിടെ ഓർക്കാതിരിക്കാനും ആവില്ല എന്റെ മുരളിയെ. മുരളിയെ ഒരുപാടു തവണ ഇവിടെ പരാമർശിച്ചിട്ടുണ്ട്. ആത്മാർഥതയുടെ ആൾ രൂപമാണ് ഇവൻ. പിന്നെ എന്തിനും തയ്യാറായി കൂടെ നിന്ന അമ്പിളി. ഉടൻ പ്രതികരിച്ച ബാലകൃഷ്ണൻ.
പക്ഷെ ഇന്നും ഞാൻ ഉറപ്പിക്കുന്നു. "പ്രിയനേ ഒപ്പം ഞാനുണ്ടായിരുന്നെങ്കിൽ വിട്ടുകൊടുക്കില്ലായിരുന്നു നിന്നെ ഞാൻ. ഒന്നിനുമായില്ലെങ്കിൽ മരണത്തിലും ഞാൻ ഒപ്പമുണ്ടായിരുന്നേനെ."

Wednesday, June 18, 2014

ചിലപ്പോൾ ഇങ്ങനെയും

ഫോണ്‍ നിർത്താതെ ശബ്ദിച്ചപ്പോൾ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് വന്നത്. ഒന്നുറങ്ങാനും സമ്മതിക്കില്ലല്ലോ !
"ആരാ.." ഫോണെടുത്ത വിനോദ് ദേഷ്യം മറയ്ക്കാതെ ചോദിച്ചു.
"വിനുവേട്ടാ ഇത് ഞാനാണ് സത്യൻ." ഫോണിലെ മറുപടി കേട്ടപ്പോൾ വിനോദ് ഒന്ന് തണുത്തു.
"എന്തെടാ ഈ വെളുപ്പിന്..?"
"എനിക്ക് വിനുവേട്ടനെ ഒന്ന് കാണണം. ഇപ്പോൾ തന്നെ." എന്തെങ്കിലും അത്യാവശ്യമില്ലാതെ അവൻ കാണാൻ നിർബന്ധിക്കില്ല എന്നറിയാം.
"നീയെവിടെയാ..?" വിനോദ് ശാന്തമായി ചോദിച്ചു.
"ഞാൻ ഏട്ടന്റെ ഓഫീസിലുണ്ട്."
"ശരി അവിടെ തന്നെയിരുന്നോളൂ. ഞാൻ ദാ വന്നു." ഉടൻ തന്നെ തയ്യാറായി വിനോദ് ഇറങ്ങുമ്പോൾ ഭാര്യയുടെ മുറുമുറുക്കലുകൾഉണ്ടായെങ്കിലും അതു ശ്രദ്ധിച്ചില്ല.
ഓഫീസിന്റെ പടി കയറുമ്പോൾ തന്നെ കണ്ടു സത്യൻ വഴിക്കണ്ണുമായി കാത്തു നില്ക്കുന്നു.
"എന്തെടാ എന്ത് പറ്റി..?" സത്യന്റെ അടുത്തെത്തി വിനോദ് ചോദിച്ചു.
"അത്‌... അത്‌.... ഇന്നലെ മുതൽ സെലീനയെ കാണുന്നില്ല." വിക്കി വിക്കി അവൻ പറഞ്ഞു.
"അതെവിടെ പോയി..? അവളുടെ വീട്ടിലെങ്ങാനും പോയിട്ടുണ്ടാവും. നിങ്ങൾ തമ്മിൽ വഴക്കെന്തെങ്കിലും ഉണ്ടായോ...?" വിനോദ് ആരാഞ്ഞു.
"ഇല്ലേട്ടാ. അത്‌... അവനെയും കാണുന്നില്ല ആ സുകുവിനേയും." സത്യന്റെ മുഖം വേദന കൊണ്ട് ച്ചുളിയുന്നുണ്ടായിരുന്നു.
"ങേ.. അത്‌.. അതെങ്ങനെ...? അതിനു യാതൊരു സാധ്യതയുമില്ലല്ലൊടാ...അവനു നിങ്ങളെ അത്രയ്ക്കിഷ്ടമായിരുന്നല്ലോ...!" വിനോദിന് വിശ്വസിക്കാനായില്ല.
അതിനു കാരണമുണ്ട്. ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു സുകുവിന്റേത്‌. ഏറെക്കാലം വിനോദിന്റെ വിശ്വസ്തനായി കൂടെ നിന്നു. തനിക്കൊരു ജോലി വേണം എന്ന് അവൻ നിരന്തരം വിനോദിനെ അലട്ടിയിരുന്നു. അക്കാലത്ത് സത്യന് രണ്ടു ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നു. സമൂഹത്തിൽ നല്ല പേരുള്ള ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു സത്യൻ. നല്ല കുടുംബം. സുകുവിന് ഓട്ടോറിക്ഷ ഓടിക്കാൻ അറിയാം. അതിനാൽ വിനോദ് സത്യനെ കണ്ടു കാര്യം പറയുകയും സത്യൻ അവനെ സ്നേഹപൂർവ്വം സ്വീകരിക്കുകയും ചെയ്തു.
സ്വന്തം സഹോദരനെപ്പോലെയാണ് സത്യൻ സുകുവിനോട് പെരുമാറിയത്. സ്വന്തം വീട്ടിൽ തന്നെ അവനു താമസസൗകര്യം നല്കി. സ്വന്തം ഭാര്യയോടും മക്കളോടുമൊപ്പം സിനിമയ്ക്ക് കൊണ്ടുപോയി. നല്ല ഭക്ഷണവും വസ്ത്രവും നല്കി. ഒക്കെ വിനോദിനും അറിവുള്ള കാര്യങ്ങളായിരുന്നു.
കൂടാതെ ഭാര്യ സെലീന സത്യന് ജീവനായിരുന്നു. അവളെ ശകുനം കണ്ടുകൊണ്ടു മാത്രമേ അവൻ വണ്ടിയിറക്കുകയുള്ളൂ. മാറിവരുന്ന സിനിമകളെല്ലാം കാണിക്കും. പുതിയ ഫാഷനിലുള്ള ചുരിദാറുകൾ ഇടയ്ക്കിടെ അവളെയും കൊണ്ടുപോയി വാങ്ങിക്കൊടുക്കും. സ്നേഹം തുളുമ്പിയ കുടുംബജീവിതം.
പിന്നെ എന്താണ് സംഭവിച്ചത്...? വിനോദിന് സത്യൻ പറയുന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
"എന്തായാലും ഞാനൊന്ന് അന്വേഷിക്കട്ടെ. നീ വീട്ടിലേക്കു ചെല്ല്. അവിടെ മക്കൾ മാത്രമല്ലേയുള്ളൂ.." സത്യനെ വീട്ടിലേക്കു വിട്ടു സുകുവുമായി ബന്ധമുള്ളവരെ തേടി വിനോദ് യാത്രയായി.
ആഴ്ചയൊന്നെടുത്തെങ്കിലും സുകുവിനേയും സെലീനയെയും കണ്ടെത്താൻ അവനു കഴിഞ്ഞു. കാലടിയ്ക്കടുത്തു ഒരു സുഹൃത്തിന്റെ വീട്ടിൽ ഇരുവരും നവദമ്പതികളെ പോലെ കഴിയുകയാണ്. കണ്ടയുടൻ സുകുവിന്റെ ചെകിട് നോക്കി ഒന്ന് കൊടുത്ത ശേഷമാണ് വിനോദ് സംസാരം തുടങ്ങിയത്.
"എടാ നിന്നെ സ്വന്തം അനിയനെ പോലെയല്ലേ അവൻ സ്നേഹിച്ചത്? നീ ഈ പണി അവനോടു ചെയ്തല്ലോ... പാല് തന്ന കയ്ക്കു തന്നെ നീ കൊത്തി അല്ലെ.."
"അവനോടു ചോദിക്കേണ്ട ഞാനാണ് അവനെ കൂട്ടി ഇറങ്ങിയത്‌." ഇന്ന് വരെ കാണാത്ത മുഖഭാവത്തോടെ സെലീന മുന്നിലേക്ക്‌ വന്നു.
"എങ്കിൽ നിന്നോട് ചോദിക്കാം നീയെന്തിനാണ്‌ ഇങ്ങനൊരു ചതി അവനോടു ചെയ്തത്..?"
സെലീന ഒരു ക്രൌര്യഭാവത്തോടെ അവനെ നോക്കിയതല്ലാതെ ഉത്തരം പറഞ്ഞില്ല.
"എടീ നിന്നോട് എന്ത് തെറ്റാണ് അവൻ ചെയ്തത്..?" വിനോദ് വീണ്ടും ചോദിച്ചു. ഇപ്പോഴും ഉത്തരമൊന്നും ഉണ്ടായില്ല. അവളെ കൈക്ക് പിടിച്ചു അൽപ്പം മാറ്റി നിർത്തി ശബ്ദത്തിന്റെ തീവ്രത കുറച്ചു അവൻ വീണ്ടും ചോദിച്ചു.
"നിന്നെ എന്റെ അനുജത്തിയായല്ലേ ഞാൻ ഇതേവരെ കണ്ടിട്ടുള്ളൂ. സത്യത്തിൽ എന്താണ് പ്രശ്നം..? അവനു നിന്നോട് സ്നേഹമല്ലേ ഉണ്ടായിരുന്നുള്ളൂ..?"
"ഉം.." അവൾ മൂളി.
"നിന്നെ പുതിയ സിനിമകൾ കാനിക്കുകേം പുതിയ ഫാഷനിലുള്ള ഡ്രസ്സ് വാങ്ങിത്തരികേം ഒക്കെ ചെയ്യുമായിരുന്നില്ലെ..?"
"ഉം..." അവൾ വീണ്ടും മൂളി.
"സത്യന് എന്തെങ്കിലും ലൈംഗിക തകരാറുകൾ ഉണ്ടായിരുന്നോ..?"
"ഇല്ല...ഇല്ല.." അവൾ നിഷേധാത്മകമായി തലയാട്ടി.
"പിന്നെന്താണ് കുഴപ്പം..? എന്തിനാണ് നീ ഇവന്റെ കൂടെ പോന്നത്..? അവനെക്കാൾ എന്ത് മെച്ചമാണ് ഇവാൻ നിനക്ക് തരുന്നത്..?"
"അതൊന്നും ചോദിക്കരുത് വിനുവേട്ടാ.. പക്ഷെ എന്നെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കരുത്. നിർബന്ധിച്ചാൽ ഞാൻ ഈ റെയിൽ പാളത്തിൽ തല വയ്ക്കും." വീടിനു മുന്നിൽ കൂടി പോകുന്ന റെയിൽവേ പാളം ചൂണ്ടി അവൾ പറഞ്ഞു.
വിനോദിന് ആകെ ഭ്രാന്തു പിടിക്കും പോലെ തോന്നി. ഒടുവിൽ തിരികെ പോകാൻ തീരുമാനിച്ചു.
തിരികെ നാട്ടിലെത്തുമ്പോൾ സത്യൻ അവന്റെ വരവ് പ്രതീക്ഷിച്ചു വീടിനു മുന്നിൽ തന്നെയുണ്ട്‌. ഒന്നും മറയ്ക്കാതെ വിനോദ് കാര്യങ്ങളെല്ലാം സത്യനോട് പറഞ്ഞു. ഒടുവിൽ അവനോടു ചോദിച്ചു,
"ഇപ്പോൾ ഒരാഴ്ചയിലേറെയായി അവർ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണ്. ഇനി നിനക്കവളെ വേണോ..?"
"വേണം വിനുവേട്ടാ. അവൾ പാവമാണ്. അവൾക്കൊരു തെറ്റുപറ്റിയതാവും.. അവൾ തിരികെ വന്നാൽ മതി. എനിക്കവളെ വേണം."
സത്യത്തിൽ വിനോദ് ഞെട്ടിപ്പോയി. ഇങ്ങനെയും മനുഷ്യരുണ്ടല്ലോ എന്ന്.
"എങ്കിൽ ശരി. നാളെ രാവിലെ നമുക്കൊരുമിച്ചു പോകാം അവിടേക്ക്." വിനോദ് ഉറപ്പിച്ചു. വൈകിട്ട് തന്നെ സുകുവിന്റെയും സെലീനയുടെയും വീട്ടുകാരെ കൂടി വിവരം അറിയിക്കാൻ അവൻ മറന്നില്ല.
അടുത്ത ദിവസം മൂന്നു വണ്ടികളിലായി എല്ലാവരും കൂടി കാലടിയ്ക്ക് പോയി. എല്ലാവരെയും കണ്ടപ്പോൾ സെലീന ഉള്ളിലേക്ക് വലിഞ്ഞു. മുൻപിൽ നടന്നു ചെന്ന് വീട്ടിലേക്കു കയറിയ വിനോദിന് നേരെ രൂക്ഷമായി നോക്കിക്കൊണ്ട്‌ സുകു മുരണ്ടു,
"ചതിയാണിത്. എല്ലാവരെയും ഇങ്ങോട്ടു കൂട്ടി വന്നത്."
വിനോദിന് കൊപമാണ് വന്നത് അവന്റെ കൈ ഉയരും മുൻപ് സുകു ദൂരേക്ക്‌ മാറി. സുകുവിന്റെ ബന്ധുക്കൾ സുകുവിനോടും സെലീനയുടെ ബന്ധുക്കൾ സെലീനയോടും സംസാരിക്കുമ്പോൾ വിനോദും സത്യനും നിശ്ശബ്ദരായി സ്വീകരണമുറിയിൽ ഇരുന്നു.
ഒടുവിൽ സെലീനയുടെ ബന്ധുക്കൾ പുറത്തിറങ്ങി സത്യൻ അവളുമായി ഒന്ന് സംസാരിച്ചു നോക്കാൻ ആവശ്യപ്പെട്ടു. സത്യൻ മെല്ലെ അവൾ ഇരിക്കുന്ന മുറിയിലേക്ക് കടന്നു."
ഏതാണ്ട് മുക്കാൽ മണിക്കൂറായിട്ടും അവർ മുറി തുറന്നു പുറത്തു വരാതിരുന്നപ്പോൾ എല്ലാവർക്കും ഭയമായി. വിനോദ് നേരെ മുറിക്കുള്ളിലേക്ക് കയറി നോക്കി. അവിടെ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. സത്യനും സെലീനയും കെട്ടിപ്പുണർന്നിരുന്നു കരയുകയാണ്.
"മതി മതി.. ഇനി ബാക്കി വീട്ടിൽ ചെന്നിട്ടാകാം." ഇരുവരെയും വിളിച്ചു പുറത്തിറങ്ങുമ്പോൾ സുകു വെളിയിൽ ബന്ധുക്കളുടെ നടുവിൽ നിന്നു ഇതെല്ലാം കാണുന്നുണ്ടായിരുന്നു. സുകുവിനെ നോക്കാതിരിക്കാൻ സെലീന ശ്രമിക്കുന്നതായി വിനോദിന് തോന്നി.
എന്തായാലും എല്ലാം കലങ്ങിത്തെളിഞ്ഞല്ലോ എന്നാ ആശ്വാസത്തിൽ എല്ലാവരും വണ്ടിയിൽ കയറുമ്പോൾ സെലീന കത്തുന്ന കണ്ണുകളോടെ മറ്റാരും കേൾക്കാതെ വിനോദിനോട്‌ പറഞ്ഞു, "ചതിയനാണ് നിങ്ങൾ."
"ആകട്ടെ കുറച്ചു നാൾ കഴിഞ്ഞു നീ തിരിച്ചു പറഞ്ഞോളും." ഒരു ചിരിയോടെ വിനോദ് പ്രതിവചിച്ചു.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. വിനോദ് ഇടയ്ക്ക് സത്യനോട് കാര്യങ്ങൾ അന്വേഷിക്കാരുണ്ടായിരുന്നു. ഒരിക്കൽ അവൻ സത്യനോട് ഭാര്യയേയും കുട്ടികളെയും കൂട്ടി സുഭാഷ് പാർക്കിലേക്ക് വരാൻ ക്ഷണിച്ചു. വിനോദും ഭാര്യയും കുട്ടികളും എല്ലാവരുമായി ചിലവിടാൻ.
കുട്ടികളുടെ കളികളും വലിയവരുടെ തമാശകളും ഒക്കെയായി നിറമുള്ള സായാഹ്നമായി അത്‌. ഇടയ്ക്ക് സെലീനയോട് വിനോദ് അന്വേഷിച്ചു, "എങ്ങനെയുണ്ടെടീ ഇപ്പോൾ..? അന്ന് നീ പറഞ്ഞ അഭിപ്രായം തന്നെയാണോ ഇപ്പോഴും..? ഞാൻ ചതിയനാണോ..?"
"അതൊന്നും ഓർമ്മിപ്പിക്കല്ലേ ഏട്ടാ.. ഇപ്പോൾ എനിക്കറിയാം ഞാൻ ഭാഗ്യവതിയാണ്. വിനുവേട്ടൻ അന്നു ചെയ്തതാണ് ശരി. എങ്ങനെ നന്ദി പറയണം എന്നറിയില്ല." അവളുടെ കണ്ണുകളിൽ നീർ പൊടിഞ്ഞു തുടങ്ങിയപ്പോൾ വിനോദിന്റെ മനസ്സിൽ അവളുടെ അന്നത്തെ ആ കത്തുന്ന കണ്ണുകളാണ് കടന്നുവന്നത്. "എന്താണീ പെണ്ണിന്റെ മനസ്സ്" എന്ന ഒരു ചിന്തക്കഷ്ണവും.

Monday, June 16, 2014

ഒരു ക്ഷണക്കത്തും ചില ഓർമ്മകളും

നല്ല മഴ. അയാൾ ബോട്ടുജെട്ടിയുടെ പൊളിഞ്ഞ വെയ്റ്റിംഗ് ഷെഡ്ഡിന്റെ അവശേഷിച്ച കൂരയ്ക്ക് കീഴേക്ക്‌ ചേർന്നു നിന്നു. നേരം സന്ധ്യയോടടുക്കുന്നു. ഇനിയും താമസിച്ചാൽ പത്നിയുടെയും മൂത്ത മകളുടെയും പരിഭവങ്ങൾക്ക് ഉത്തരം പറയേണ്ടിവരും. ഈ മഴയൊന്നു തോർന്നു കിട്ടിയിരുന്നെങ്കിൽ...! മനസ്സിൽ ആരോടെന്നില്ലാതെ ദേഷ്യം.
ചില കുശുകുശുക്കലുകൾ കേട്ടപ്പോഴാണ് പെട്ടെന്ന് തിരിഞ്ഞു നോക്കിയത്. തൊട്ടു പിന്നിൽ രണ്ടു ചെറുപ്പക്കാർ ഒരു വഷള് ചിരിയോടെ മുന്നിലേക്ക്‌ നോക്കി അടക്കം പറയുകയാണ്‌. അപ്പോഴാണ്‌ മുന്നിൽ മഴ നനഞ്ഞുകൊണ്ട് വെയ്റ്റിംഗ് ഷെഡ്ഡിന്റെ ഒരു തൂണിൽ പിടിച്ചുകൊണ്ട് നില്ക്കുന്ന പെണ്‍കുട്ടിയെ അയാൾ ശ്രദ്ധിച്ചത്. പത്തുപന്ത്രണ്ടു വയസ്സു പ്രായമുണ്ടാകും. അവിടവിടെ പിഞ്ചിത്തുടങ്ങിയ ഒരു നീളൻ ബ്ലൗസും അരപ്പാവാടയുമാണ് വേഷം. നിർവികാരമായ കണ്ണുകളും മുഖവും. നനഞ്ഞൊട്ടിയ വേഷത്തിൽ താരുണ്യത്തിന്റെ ഇളം നിഴലു പടരുന്നത്‌ കാണാം. പിന്നെയും പലരുടെയും കണ്ണുകൾ അവൾക്കു മേലേക്ക് പാറിവീഴുന്നത് അയാൾ കണ്ടു. പല പ്രായക്കാരും കുറുക്കൻ കണ്ണുകളുമായി അവിടവിടെ ചുറ്റിത്തിരിയുന്നു. പെട്ടെന്ന് അയാൾക്ക്‌ ഓർമ്മ വന്നത് ഏതാണ്ട് ഇതേ പ്രായമുള്ള മകളെയാണ്. അയാൾ നേരെ അവളുടെ മുന്നിലേക്ക്‌ നടന്നു ചെന്ന് അവളോട്‌ ചോദിച്ചു,
"എന്തിനാ നീ ഇവിടെ നില്ക്കുന്നത്..? നീയെവിടെ പോകുന്നു..?"
മഴവെള്ളവും കണ്ണീരും ഒന്നിച്ചൊഴുകിയതല്ലാതെ മറുപടിയൊന്നും ഉണ്ടായില്ല. അയാളെ ദയനീയമായി അവൾ നോക്കിനിന്നു. ആ നോട്ടത്തെ അവഗണിക്കാൻ അയാൾക്ക്‌ മനസ്സ് വന്നില്ല. അവളെ ഇവിടെ ഉപേക്ഷിച്ചു പോകാനും.
"നീ വന്നോളൂ എന്നോടൊപ്പം.." അവളെ കൂട്ടി അയാൾ നേരെ ബസ് സ്റൊപ്പിലേക്ക് നടന്നു. ആരുടെയൊക്കെയോ മുറുമുറുപ്പുകൾ ഉയരുന്നത് കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ വിപ്ലവത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന അയാൾക്ക്‌ ഒരു നോട്ടം മതിയായിരുന്നു അപശബ്ദങ്ങളെ ഇല്ലാതാക്കാൻ.
അൽപ്പം വൈകി വീട്ടിലേക്കു നടക്കുമ്പോൾ പലരുടെയും ചോദ്യമുണ്ടായി ഇവളാരാ.. ഏതാ... എന്നൊക്കെ. വഴിയിൽ നിന്നു കിട്ടിയതാ എന്ന് ഗൗരവത്തിൽ പറഞ്ഞു വീട്ടിലേക്കു നടന്നു. സ്വതവേ ചൂടൻ എന്ന ഇമേജ് ഉള്ളത് നന്നായി എന്ന് ഇപ്പോൾ അയാൾക്ക്‌ തോന്നി.
വീട്ടിലെത്തുമ്പോൾ അമ്മയും ഭാര്യയും വാതിൽക്കൽ തന്നെയുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല,
"ആരാ ഇവൾ? എന്തിനാണ് ഇങ്ങോട്ടു കൊണ്ടുവന്നത്..?" തുടങ്ങി ചോദ്യങ്ങളുടെ പ്രവാഹം. അമ്മയും ഭാര്യയും ചോദ്യം ചെയ്യൽ തുടരുമ്പോൾ മക്കൾ കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.
അവളെ വിളിച്ചുകൊണ്ടു വന്ന സാഹചര്യം വിശദീകരിച്ചിട്ടും സാമൂഹ്യപ്രവർത്തകയായ ഭാര്യയ്ക്കും അത് ഉൾക്കൊള്ളാൻ കഴിയാത്തതിൽ അയാൾക്ക്‌ കടുത്ത നിരാശ തോന്നി.
"എന്തായാലും ഇന്ന് രാത്രി ഇവൾ ഇവിടെ നില്ക്കട്ടെ. നാളെ എന്തെങ്കിലും ചെയ്യാം." അയാൾ തീർപ്പാക്കി. പിന്നീട് അവളോട്‌ കാര്യങ്ങൾ സമാധാനമായി ചോദിച്ചറിഞ്ഞു. തമിഴ് മാത്രം അറിയുന്ന കുട്ടിയാണവൾ. ഒരു വീട്ടിൽ വേലയ്ക്കായി ഒരു എജന്റ്റ് വഴിയാണ് അവൾ ഈ നഗരത്തിൽ എത്തിയത്. വീട്ടുകാരുടെ കടുത്ത മർദ്ദന പീഡനങ്ങളിൽ സഹികെട്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നതാണ്. ഭാര്യയുടെ എതിര്പ്പ് വക വയ്ക്കാതെ അയാൾ മകളുടെ വസ്ത്രങ്ങൾ അവൾക്കു ധരിക്കാൻ നല്കി.
അടുത്ത ദിവസം രാവിലെ പെങ്കുട്ടിയുമൊത്തു അയാൾ നേരെ നഗരത്തിലെ പോലീസ് സ്റെഷനിലേക്ക് പോയി. കാര്യമെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പോലീസിനു അവളുടെ ശരീര പരിശോധന നടത്തണം. അവരുടെ കണ്ണുകളിൽ സംശയത്തിന്റെ നിഴൽ കണ്ടപ്പോൾ ആകെ പുച്ഛമാണ് തോന്നിയത്. എന്തായാലും പരിചയമുള്ള ചില പോലീസുകാരുടെയും സ്ത്രീകളുടെ പുനരധിവാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെയും സഹായത്തോടെ അവളെ പുനരധിവാസ കേന്ദ്രത്തിലെത്തിക്കാൻ അയാൾക്കു കഴിഞ്ഞു.
ഇപ്പോൾ വർഷങ്ങൾക്കു ശേഷം ഇതൊക്കെ ഓർമ്മിപ്പിച്ചത് വീടെത്തിയപ്പോൾ അയാളെ കാത്തു കിടന്നിരുന്ന വിവാഹക്ഷണക്കത്താണ്. ആ പഴയ പെണ്‍കുട്ടിയുടെ വിവാഹം.
"അച്ഛനു ഓർമ്മയുണ്ടോ ഇതാരുടെതെന്ന്...?" LLB ക്കാരിയായ മകളുടെ ചോദ്യത്തിന് അവളുടെ നെറ്റിയിൽ ഒരു മുത്തമായിരുന്നു അയാളുടെ മറുപടി.
*******************************************************************************
ഇതൊരു കഥയല്ല. എനിക്ക് FB തന്ന മണ്ണിന്റെ നന്മ മനസ്സിലുള്ള, പച്ച മനുഷ്യനായ ഒരു സുഹൃത്തിന്റെ ജീവിതച്ചിന്ത്... എനിക്കിഷ്ടമാണ് ഇവനെ നെഞ്ചോട്‌ ചേർത്തുപിടിക്കാൻ... വേണ്ടിടത്ത് കലാപകാരിയാകാനും വേണ്ടിടത്ത് സ്നേഹം മാത്രമാകാനും കഴിയുന്ന എന്റെ പ്രിയസുഹൃത്ത്‌.... വൈപ്പിന്റെ വിപ്ലവം മണക്കുന്ന തീരങ്ങളിൽ തുടിച്ചുയർന്നവൻ...

Thursday, June 12, 2014

കൊച്ചിക്കാളി

കൊച്ചിക്കാളിയമ്മയെ അമ്മ ചേർത്ത് മറ്റാരെങ്കിലും വിളിച്ചിരുന്നോ എന്നറിയില്ല. വെറും കൊച്ചിക്കാളി. തലമുറകൾക്കപ്പുറം ''കമ്മ്യൂണിസം എന്ന ഭൂതം" കേരളത്തെ ബാധിച്ചു തുടങ്ങിയ കാലത്ത് കൊച്ചിക്കാളി യുവതിയായിരുന്നു. കറുമ്പന്റെ കൈ പിടിച്ചു അഞ്ചാലുമ്മൂട്ടിലേക്കു വന്ന കാലം മുതൽ കൊച്ചിക്കാളിയും കമ്മ്യൂണിസ്റ്റ് ആയി. കറുമ്പൻ അന്നാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് ആയിരുന്നു. ഇന്ന് ആരും ഓർക്കാത്ത, അറിയാത്ത ഒരു പഴയ കമ്മ്യൂണിസ്റ്റ്.
വയസ്സെത്രയുണ്ടെന്നു ചോദിച്ചാൽ കൊച്ചിക്കാളിയമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുകയേയുള്ളൂ. പക്ഷെ കല്ല്യാണം കഴിഞ്ഞ നാളുകളും കല്ലുമല തെക്കേ മുക്കിനൂന്നു കല്ല്യാണച്ചെക്കന്റെ കൈ പിടിച്ചു കാടും പടലോം താണ്ടി അഞ്ചാലുംമൂട് വരെ നടന്നതും ഗൗരവക്കാരനായ കറുമ്പനെ ഒന്നും രണ്ടും പറഞ്ഞു ചിരിപ്പിച്ചതും രാമേട്ടൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുടീൽ വന്നു ഒളിവിളിരുന്നതും ഒക്കെ ചിലപ്പോൾ അവർ പറയും.
ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് രാമേട്ടൻ ഒളിവിലിരുന്ന നാളും പോലീസ് പിടിക്കാൻ വന്നതുമായ കഥയാണ്‌. ജീവിതത്തിൽ ഒരു പക്ഷെ ഒരു സ്ത്രീയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം. അതിങ്ങനെയായിരുന്നു.
രാമേട്ടൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. പേരു പോലും അതു തന്നെയാണോ എന്ന് അറിയില്ല. ഒരു വൈകുന്നേരം കറുമ്പൻ (കൊച്ചിക്കാളിയമ്മ അങ്ങനെ തന്നെയായിരുന്നു ഭർത്താവിനെ വിളിച്ചിരുന്നത്.) ഈർക്കിലിൽ കോർത്ത കുറെ വരാലും ഒരു 'ചൊമട്' ചീനീമായി കേറിവന്നു.
"ഡീ ഇന്ന് രാത്രി രാമേട്ടൻ വരും. പാർട്ടീടെ വല്യ നേതാവാ. ആരും അറിയരുത്. തെക്കേലെ കാളീടെ ഒരു തഴപ്പാ മേടിച്ചോ. നാളെ ഇച്ചിര് ചീനി പുഴുങ്ങിയൊണക്കാനാന്നു പറഞ്ഞാ മതി"
"എന്തിനാ തഴപ്പാ..?"
"പറഞ്ഞത് കേട്ടാ മതി." കറുമ്പനു ദേഷ്യം വന്നാ പിന്നെ നിവൃത്തിയില്ല.
രാത്രി ഒരുപാട് ഇരുട്ടിക്കഴിഞ്ഞപ്പോൾ ഒരു കറുത്ത മുണ്ടും കളം കളം ഉടുപ്പുമിട്ട രാമേട്ടൻ കറുമ്പന്റെ കൂടെ കുടിയിലെത്തി. കുടിയിൽ ആകെയുള്ള ഒറ്റ മുറിയിൽ, ഉള്ള നിലത്ത് ഒരു വശത്ത്‌ രാമേട്ടനും മറു വശത്ത്‌ കറുമ്പനും കൊച്ചിക്കാളീം കെടന്നു. ആരും ഒറങ്ങീട്ടൊന്നുമില്ല. പിന്നേം കുറെ നേരം കഴിഞ്ഞു. എന്തോ ചെറിയ ശബ്ദങ്ങൾ കുടിയ്ക്കടുത്തേക്ക് എത്തുന്നത് പോലെ തോന്നി. കറുമ്പൻ രാമേട്ടനോട്‌ അടക്കം പറഞ്ഞു,
"സഖാവേ തഴപ്പായിലോട്ടു ചുരുണ്ടോ...ഞാനൊന്ന് നോക്കാം." കറുമ്പൻ ഓലവിടവിലൂടെ പുറത്തേക്ക് നോക്കി. പിന്നെ ധൃതിയിൽ കൊച്ചിക്കാളീടെ മേലേക്ക് വീണു. അവർക്ക് ശബ്ദിക്കാനാവും മുൻപേ ഉടുതുണി പറിച്ചു കളഞ്ഞു. സ്വന്തം നീലക്കരയൻ തോർത്തും അഴിച്ചു കളഞ്ഞ് അവരെ കെട്ടിപ്പുണർന്നു. അമ്പരന്നുപോയ കൊച്ചിക്കാളിയുടെ വായ്‌ അയാൾ ബലമായി കൈ കൊണ്ട് പൊത്തി.
പൊടുന്നനെ ബൂട്ടുകളുടെ ശബ്ദവും വിസിൽ ശബ്ദവും. ഒപ്പം കുടിയുടെ വാതിൽ ചാരി വച്ചിരുന്ന ചെറ്റമറ ഇളകിവീനു. കണ്ണഞ്ചിക്കുന്ന വെളിച്ചം മുറിയിൽ പരന്നു. മുൻപിൽ നിന്ന പോലീസുകാരൻ നഗ്നരായി പുണർന്നു കിടക്കുന്ന ദമ്പതികളെ കണ്ടു. പെട്ടെന്ന് വെളിച്ചം കെടുത്താൻ പറഞ്ഞു പുറത്തിറങ്ങി. കറുമ്പനെ പുറത്തേക്ക് വിളിച്ചു. പിന്നെ ചോദ്യോം പറച്ചിലും പുറത്തു വച്ചായിരുന്നു. രാമേട്ടന്റെ വരവ് അവർ അറിഞ്ഞു. പക്ഷെ അൽപ്പം വിരട്ടലും ഭേദ്യവും ഒക്കെയുണ്ടായെങ്കിലും ഇവിടെയെത്തിയില്ല എന്ന കറുമ്പന്റെ മറുപടി വിശ്വസിച്ചു അവർ പോവുകയും ചെയ്തു.
ഒരു പകൽ അവിടെ കഴിഞ്ഞ രാമേട്ടൻ അടുത്ത രാത്രിയിലാണ് തിരികെ പോയത്. ആ പകൽ മുഴുവൻ കൊച്ചിക്കാളി കുടിക്കുള്ളിൽ കേറിയില്ല. രാമേട്ടന്റെ കഥ പിന്നീടൊന്നും അവർക്ക് അറിയുകയുമില്ല. കഥകളുടെ കെട്ടുമായി ഈ ലോകം വിട്ട നാൾ വരെ  കൊച്ചിക്കാളി കമ്മ്യൂണിസ്റ്റു തന്നെയായിരുന്നു. കറുമ്പൻ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റ് ആയ കമ്മ്യൂണിസ്റ്റ്.