Friday, May 2, 2014

ദൈവങ്ങൾ

"നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ..?"
"ഞാൻ കണ്ടിട്ടുണ്ട്. പല തവണ. ഒരിക്കൽ കണ്ടത് ഇങ്ങനെ...."

ഞാൻ തിരുവനന്തപുരത്ത് വരുന്നത് 2006 ഫെബ്രുവരി 2-നാണ്. കമ്പ്യൂടെക് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിലേക്ക്. അന്ന് ജീവിതം എങ്ങനെ മുൻപോട്ടു കൊണ്ടുപോകും എന്ന അമ്പരപ്പിൽ ആയിരുന്നു. അക്ഷരങ്ങളുടെ ലോകത്ത് നിന്നും വിട്ടുമാറിയ കുറെ വർഷങ്ങൾക്കു ശേഷം നിത്യവൃത്തിക്കു മറ്റു മാർഗ്ഗം ഒന്നും മുൻപിൽ ഇല്ലാതിരുന്നപ്പോൾ വീണ്ടും പേനയെടുത്തതാണ്.
എന്നാൽ കമ്പ്യൂടെക്ക് എന്നെ അന്നു വിളിച്ചത് എഴുതാൻ മാത്രം ആയിരുന്നില്ല. അവർ ഒരു യാഗം നടത്തുന്നു തിരുവനന്തപുരത്ത്. 2006 ഡിസംബറിൽ ആണ് യാഗം. അതിന്റെ കോഡിനേറ്റർ ആയാണ് നിയമനം. ഞാൻ മുൻപ് ആധ്യാത്മിക വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങളും ഒക്കെ വിലയിരുത്തി നിയമിച്ചതാണ്.
യാഗം തീർന്നതോടെ കമ്പ്യൂടെക്കിന്റെ നല്ല കാലവും തീർന്നു. ഞാൻ സ്വാഭാവികമായും ജോലി നഷ്ടപ്പെട്ടവനായി. അന്ന് സുഹൃത്തായ അനിൽ എന്റെ നിവൃത്തികേടു കണ്ട് പേയാട്ടുള്ള തന്റെ പാരലൽ കോളേജിൽ ഇംഗ്ലീഷ് അധ്യാപകന്റെ വേഷം തന്നു. 3000 രൂപ ശമ്പളവും.(ആൽഫാ എന്ന ഈ സ്ഥാപനം എനിക്ക് ഒരുപാടു സൌഹൃദങ്ങളും തന്നു. വില മതിക്കാനാവാത്ത നല്ല ബന്ധങ്ങൾ)
2500 രൂപയാണ് അന്നു വീട്ടു വാടക. പിന്നെ അഞ്ഞൂറ് രൂപ മിച്ചം. അതുകൊണ്ട് മുൻപോട്ടു പോകാൻ ആവില്ലല്ലോ. റഷീദ് സർ അന്ന് നോളജ് പബ്ലിക്കേഷൻ നടത്തുന്നുണ്ട്. രാത്രികളിൽ ഞാൻ അദ്ദേഹത്തിനു വേണ്ടി എഴുതും. പണ്ട് നല്ല കാലത്ത് ഉണ്ടായിരുന്ന ഒരു കമ്പ്യൂട്ടർ അപ്പോഴും ഉണ്ടായിരുന്നതിനാൽ ഭാര്യ മായ ഞാൻ എഴുതുന്നത്‌ പകൽ ടൈപ്പു ചെയ്തു വക്കും. അങ്ങനെ തപ്പിത്തടഞ്ഞു കുറച്ചു കാലം. വർക്ക് ഇല്ലാത്ത മാസങ്ങളും ഉണ്ടാകും.
ഒരിക്കൽ തീരെ നിവൃത്തിയില്ലാത്ത ഒരു മാസം. ഒരു ഞായറാഴ്ച. രാവിലെ ആറുമണി കഴിഞ്ഞിട്ടുണ്ടാവും. കയ്യിൽ ഒറ്റ പൈസ ഇല്ല. അരി മേടിക്കാൻ പോലും നിവൃത്തിയില്ല. എന്ത് ചെയ്യണം എന്നൊരു പിടിയുമില്ല. എന്റെ കയ്യിൽ പൈസ ഇല്ല എന്നറിയാവുന്ന മായയ്ക്ക് ഇന്നുതന്നെ സാധനം വാങ്ങണം എന്ന് പറയാനും മടി. എനിക്കറിയാം അന്ന് വാങ്ങിയില്ലെങ്കിൽ പട്ടിണിയിലേക്ക്‌ പോകുമെന്ന്. ഇല്ലായ്മയുടെ കാലങ്ങളിൽ.. (അല്ലാത്തപ്പോഴും) ഒരിക്കലും ഒന്നിനും മായയുടെ അലട്ടൽ ഉണ്ടായിട്ടില്ല.
അന്ന് സ്ഥിരമായി വെറ്റില മുറുക്കും. മായ തന്ന ഒരു കട്ടൻ ചായ കുടിച്ച് ഒന്നു മുറുക്കി എഴുത്തുമുറിയിൽ വന്നു ചാഞ്ഞിരുന്നു. സൌന്ദര്യലഹരി വായിക്കുകേം കുറിപ്പുകൾ എഴുതുകേം ചെയ്തുകൊണ്ടിരുന്നപ്പോൾ (ഒരുപാട് സംഘർഷങ്ങൾ വരുമ്പോൾ ഞാൻ ഭയങ്കര അധ്യാത്മിക പഠിതാവ് ആകും ) സുഹൃത്തും ജ്യേഷ്ഠതുല്യനുമായ സേതുവിൻറെ ഫോണ്‍.
"പ്രദീപ്‌ ഫ്രീ ആണോ..?" ഫോണ്‍ എടുത്തപ്പോൾ സേതുവിൻറെ ചോദ്യം.
"അതെ. എന്താ സേതു..?" ഞാൻ ചോദിച്ചു.
"ഫ്രീ ആണെങ്കിൽ മ്യൂസിയം വരെ ഒന്നു വരൂ. ഇന്ന് നടക്കാൻ കമ്പനി ഇല്ല." നടക്കാൻ ഒരു കൂട്ട്. അതായിരുന്നു സേതുവിൻറെ ആവശ്യം.
എന്തായാലും ഞാൻ വെറുതെ ഇരിക്കുകയാണ്. ഉടൻ തന്നെ ഞാൻ ഇറങ്ങി.
മ്യൂസിയത്തിൽ എത്തി ഒരു എട്ടുപത്തു റൌണ്ട് നടന്നു. പിന്നീട് സ്വസ്ഥമായി ഒരു ബെഞ്ചിൽ ഇരുന്നു വിശ്രമിച്ചു. നാട്ടുകാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മായയുടെ ഫോണ്‍,
"എങ്ങനാ..?"
"ഉം..നോക്കാം." അത്ര മാത്രം ഞാൻ പറഞ്ഞു.
ഒടുവിൽ ഞങ്ങൾ യാത്ര പറഞ്ഞു പിരിയാൻ നേരം സേതു ഒരു 500 രൂപ നോട്ട് എടുത്തു എന്റെ നേരെ നീട്ടി.
"എന്താ സേതു..? എന്തിനാ..?" ഞാൻ ചോദിച്ചു.
"ഇത് കയ്യിൽ വച്ചേക്കു." സേതു പറഞ്ഞു.
"ഏയ്‌ എനിക്കിപ്പോൾ പൈസയുടെ ആവശ്യമൊന്നും ഇല്ലല്ലോ.." ഞാൻ അഭിമാനിയായി.
"ഇത് ഞാൻ വെറുതെ തരുന്നതല്ല. കടം ആണ്. ഇപ്പോൾ എന്റെ കയ്യിൽ അത്യാവശ്യം ഇല്ലാത്ത കുറച്ചു പൈസ ഉണ്ട്. ഇപ്പോൾ നിങ്ങൾ കയ്യിൽ വയ്ക്കൂ. പിന്നീട് തന്നാൽ മതി."
നിർബന്ധപൂർവ്വം എന്റെ കയ്യിൽ തിരുകിയിട്ടു സേതു തിരിഞ്ഞു നോക്കാതെ വണ്ടിയിൽ കയറി. അപ്പോൾ സേതുവിന് ദൈവത്തിന്റെ മുഖമായിരുന്നു.
അയാൾ തിരിഞ്ഞു നോക്കരുതെന്ന് ഞാൻ അപ്പോൾ ആത്മാർഥമായും ആഗ്രഹിച്ചു. കാരണം എന്റെ കണ്ണുകൾ എന്തിനെന്നറിയാതെ അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു (അപ്പോൾ മാത്രമല്ല ഇപ്പോഴും).

No comments:

Post a Comment