Friday, May 2, 2014

അടുത്ത ഗാനം ആലപിക്കുന്നത്.....


ഒരു ദശാബ്ദത്തിലേറെ കുറത്തികാട് ഹൈസ്കൂൾ മുക്കിൽ പ്രവർത്തിച്ചു പോന്ന സൂപ്പർ എന്ന തയ്യൽകട ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ ഒരു താവളമായിരുന്നു. കടയുടമ ശിവനും മറ്റു ജീവനക്കാരും അവിടെയെത്തുന്ന ഞങ്ങൾ ചെറുപ്പക്കാരും എല്ലാം  പരസ്പരം അളിയാ എന്നാണു വിളിച്ചിരുന്നത്‌. ശിവാളിയൻ, മുരളിയളിയൻ, രാജെന്ദ്രാളിയൻ, മധുവളിയൻ..
സൂപ്പറിലെ മുഖങ്ങളിൽ മനസ്സിൽ നിന്ന് മായാത്ത ഒന്നാണ് മധുവിന്റേത്. ഹൈസ്കൂൾ മുക്കിൽ നിന്നും ഏതാണ്ട് മൂന്നോളം കിലോമീറ്റർ കിഴക്കുള്ള വരേണിക്കൽ എന്ന സ്ഥലമാണ് മധുവിന്റെ ദേശം. വൃദ്ധരായ മാതാപിതാക്കളും മുതിർന്ന സഹോദരിമാരും ഉള്ള കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാൻ നന്നേ ചെറുപ്പത്തിൽ ശിവനോടൊപ്പം കൂടിയതാണ് മധു. സൂപ്പറിൽ വന്നു തയ്യൽ പഠിച്ചു തയ്യല്ക്കാരനായി അവിടെ തന്നെ തുടർന്നു.
വൈകുന്നേരങ്ങളിൽ ഞങ്ങളെല്ലാം കൂടെ കൂടിക്കഴിയുമ്പോൾമധുവിന്റെ ഒരു അനൌണ്സ്മെന്റ് ഉണ്ട്. ഉത്സവപ്പറമ്പിലെ ഗാനമേളകളെ അനുസ്മരിപ്പിക്കുന്നത്.
"ഞങ്ങളുടെ ഗാനമേള ഇവിടെ അവതരിപ്പിക്കാൻ അവസരം തന്ന ശിവാളിയനോടും സൂപ്പറിനോടുമുള്ള നന്ദി പറഞ്ഞുകൊണ്ട് ആദ്യ ഗാനം ഇരുമുടി താങ്ഗി... ആലപിക്കുന്നത് വരേണിക്കൽ മധു."
അതിനു ശേഷം ആലാപനവും ഉണ്ടാകും. എല്ലാവരും ചേർന്ന് അതങ്ങ് പൊലിപ്പിക്കും. കവിതകളും പാട്ടും ഒക്കെയായി അങ്ങനെ കുറെ കാലം.
ശിവൻ സൂപ്പർ പൂട്ടിയ ശേഷം മുരളിയും മധുവുമൊക്കെ വേറെ കടകൾ തുടങ്ങി. അന്നത്തെ കൂട്ടുകാരൊക്കെ പല പല സ്ഥലങ്ങളിലായി. ഞാൻ ഹൈറേഞ്ച് കയറി.
ഒരിക്കൽ ഒരു അവധിക്കാലത്ത്‌ (ഓണം ആണോ.. ഓർക്കുന്നില്ല..) വീട്ടിൽ വന്ന ഞാൻ വൈകുന്നേരം വീട്ടിൽ തന്നെയിരിക്കവേ മുരളി കടുത്ത മുഖവുമായി വന്നു... "എടാ മധുവിന് ഒരു ബൈക്ക് ആക്സിഡന്റ്. കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി എന്ന് പറയുന്നു."
ഉടൻ തന്നെ സുരേഷ് എന്ന സുഹൃത്തിനെ കൂട്ടി ബൈക്കിൽ ഞങ്ങൾ കോട്ടയം മെഡിക്കൽ കോളെജിലേക്ക് പോയി. ഒരു കാലിൽ അസ്ഥിയൊക്കെ നുറുങ്ങിയ അവസ്ഥയിൽ ഒരുപാട് കമ്പികളൊക്കെ പിടിപ്പിച്ചു മധു കിടക്കുന്നു. വേദനകൊണ്ട് നിലവിളിക്കുന്ന അവനെ ചേർത്തുപിടിച്ചു ഞങ്ങൾ കുറെ നേരം ഇരുന്നു.
കാലിനല്ലേ പരിക്ക്.. കുറച്ചു കാലം പ്ലാസ്ടർ ഇട്ടു കഴിയേണ്ടി വന്നേക്കാം. എന്നാലും ജീവന് കുഴപ്പം വരില്ലല്ലോ എന്ന ആശ്വാസത്തോടെ രാവിലെയോടെ ഞങ്ങൾ മടങ്ങി.
എന്നാൽ രണ്ടാം ദിവസം അറിഞ്ഞത് മധുവിന്റെ മരണവാർത്തയാണ്.
നന്നേ ചെറുപ്പത്തിൽ ഒരു കുടുംബത്തിന്റെ ഭാരം ചുമലിലേറ്റ നല്ലൊരു ചെറുപ്പക്കാരൻ... രംഗബോധമില്ലാതെ ആ കോമാളി വീണ്ടും വീണ്ടും കളി ആവർത്തിക്കുന്നു. എന്തായാലും ഒരു ശൂന്യത അവശേഷിപ്പിച്ചു മധു യാത്രയായി.
ഇന്നും ചിലപ്പോഴൊക്കെ ഓർമ്മയിൽ കടന്നുവരും.. ആ മുഖം.. ആ ചിരി.. "അടുത്ത ഗാനം ശരറാന്തൽ തിരി താഴും... ആലപിക്കുന്നത് വരേണിക്കൽ മധു.. " തുടങ്ങിയ ഡയലോഗുകൾ.. പിന്നെ ഒരു കള്ളച്ചിരിയോടെ "എന്താ പ്രദീപളിയോ...." എന്ന വിളിയും..

No comments:

Post a Comment