Monday, March 6, 2017

ഇങ്ങനെയും ചില മക്കൾ

ഓള്‍ഡ് ക്രൂയിസ് റമ്മിന്‍റെ രുചി നാവിനടിയിലേക്ക് ചേര്‍ത്തുവലിച്ച് ആസ്വദിക്കുമ്പോഴാണ് ആ വൃദ്ധനുമായി ഒരു യുവസുന്ദരന്‍ കടന്നുവരുന്നത്. ബാറിലെ അരണ്ട വെളിച്ചത്തില്‍ മുക്കാലും കഷണ്ടിയായ ആ വൃദ്ധശിരസ്സാണ് ആദ്യം കണ്ണില്‍ പെട്ടത്. പൊതുവില്‍ വൃദ്ധരെയേറെയിഷ്ടമായിരുന്നതിനാലാവാം വൃത്തിയായി വേഷമിട്ട അദ്ദേഹത്തെ ഞാൻ കൂടുതൽ ശ്രദ്ധിച്ചത്.
'ചേട്ടാ, അച്ഛനെ ഒന്നു ശ്രദ്ധിച്ചേക്കണേ, ഞാന്‍ വേഗം വരാം.'
സുന്ദരനായ ആ ചെറുപ്പക്കാരൻ അങ്ങനെ എന്നോടാവശ്യപ്പെട്ടപ്പോള്‍ എനിക്കതിശയമായി,
'അച്ഛനാണോ, അതുകൊണ്ടാണോ വേറേ സ്ഥലം നോക്കിപ്പോകുന്നത്...?''
'ഏയ്, അല്ല, അവന് മദ്യം ഇഷ്ടമല്ല, അവന്‍ എന്നെ ഇവിടെയെത്തിക്കാന്‍ മാത്രം വന്നതാണ്. തിരികെ വിളിക്കാനും വരും.' വൃദ്ധനാണ് മറുപടി പറഞ്ഞത്.
മകന്‍ അതിനിടെ പുറത്തിറങ്ങിയിരുന്നു.
എന്തായാലും പിന്നീട് വൃദ്ധനോടൊപ്പം കഥയും കാര്യങ്ങളും പറഞ്ഞ് ഞാനും കൂടി.
പണ്ട് വ്യോമസേനയിൽ നല്ലൊരു സ്ഥാനത്തു ജോലി ചെയ്തിരുന്ന ആളാണ് അദ്ദേഹം. ജോലിയുടെ ഭാഗമെന്നോണം ഒരു ശീലമായിപ്പോയതാണത്രേ ചെറിയ തോതിലുള്ള മദ്യപാനം. മകൻ അത്യാവശ്യം തിരക്കുള്ളൊരു സോഫ്റ്റ് വെയർ എൻജിനീയറാണ്. സ്വന്തമായി അയാൾക്കൊരു സ്ഥാപനവുമുണ്ട്. ഭാര്യ ഏതാനും വർഷങ്ങൾക്കു മുൻപ് മരണമടഞ്ഞു. അവർ ഉണ്ടായിരുന്ന കാലം വരെ സർക്കാർ നൽകുന്ന മദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ച് കഴിക്കുമായിരുന്നു. അധികമൊന്നുമില്ല, ദിവസവും സന്ധ്യ കഴിയുമ്പോൾ രണ്ടോ മൂന്നോ പെഗ്ഗ് കഴിക്കും. ഭാര്യ തന്നെയായിരുന്നു അതെടുത്തു നൽകുന്നതും, അതിനു വേണ്ട ടച്ചിങ്‌സ് ഒക്കെ തയ്യാറാക്കി നൽകുന്നതും.
ഭാര്യയുടെ മരണത്തോടെ ആ ശീലം നിർത്തേണ്ടി വന്നു. മകന്റെ ഭാര്യയ്ക്ക് വൃദ്ധന്റെ ശീലത്തോട് പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല. അവരുടെ മുറുമുറുക്കലുകൾ കുടുംബത്ത് അസ്വസ്ഥതകൾ കൂട്ടിയപ്പോൾ വൃദ്ധൻ സർക്കാരിന്റെ ക്വോട്ട വാങ്ങാതായി. എന്നാൽ അതോടെ അദ്ദേഹത്തിൻറെ മാനസിക നിലയിലും വ്യത്യാസം വന്നു. അതു തിരിച്ചറിഞ്ഞ മകൻ സ്വന്തം ഭാര്യ അറിയാതെയാണ് ദിവസവും വൃദ്ധനെ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. വൈകുന്നേരമാകുമ്പോഴേക്കും വൃദ്ധൻ നടന്ന്, വീടിനടുത്തു തന്നെയുള്ള, മകന്റെ സ്ഥാപനത്തിലെത്തും. അയാൾ തന്റെ കാറിൽ വൃദ്ധനെ ഇവിടെയെത്തിക്കും. ഒരു മണിക്കൂറോളം കഴിയുമ്പോൾ തിരികെ വിളിക്കാനും വരും.
അദ്ദേഹത്തിൻറെ കഥകൾ കേട്ടിരുന്ന് ഏതാണ്ട് ഒരു മണിക്കൂറോളമായപ്പോള്‍ പറഞ്ഞതുപോലെ തന്നെ മകന്‍ വന്നു. വൃദ്ധന്‍റെ കൈയും പിടിച്ച് ഇറങ്ങുംമുന്‍പ് എന്നോടു വളരെ സ്നേഹത്തോടെ യാത്ര പറഞ്ഞു.
ഓൾഡ് ക്രൂയിസിന് ലഹരി കൂടിയിട്ടോ അതോ വൃദ്ധനും മകനും ചിന്തകളെ തടസ്സപ്പെടുത്തിയിട്ടോ എന്നറിയില്ല, ബെയററായ അജി, "എന്തേ ഇന്നു പോണില്ലേ..?" എന്നു ചോദിക്കുവോളം ഒഴിച്ചുവച്ച അവസാന പെഗ്ഗ് അങ്ങനെതന്നെ മേശമേലിരുന്നു.
ഒടുവിൽ അജിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിലുണ്ടായിരുന്ന ചിന്ത ഇത്രമാത്രം,
"ഇങ്ങനെയും ഉണ്ടാകുമല്ലേ മക്കൾ....!!!"

മദ്യശാലയിലെ വൃദ്ധൻ

നാലഞ്ചു ദിവസമായുള്ള ബസ് യാത്ര കാരണം ശരീരം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു. കൂടാതെ ഇരുപാദങ്ങളിലും നല്ല നീരും. കോയമ്പത്തൂരിലെ സഹായി എന്ന, നട്ടെല്ലിനു ക്ഷതമേറ്റു ചലനശേഷി നഷ്ടമായവർക്കായുള്ള പുനരധിവാസകേന്ദ്രത്തിൽ ഒരു സുഹൃത്തിനെ എത്തിച്ചു മടങ്ങുകയാണയാൾ.
സഹായിയിൽ നിന്നും ഒരു കാറിൽ ഗാന്ധിപുരം വരെ ലിഫ്റ്റ് കിട്ടി. കാറിലിരിക്കവേ ചൂടു കാറ്റുകൂടിയായപ്പോൾ അയാളുടെ കണ്ണുകൾ അടഞ്ഞുവന്നു.
'അയ്യാ, ഗാന്ധിപുരമെത്തി. ഇങ്കെ നിന്നും ഉക്കടത്തിനു ബസ് കെടയ്ക്കും. അങ്കെ നിന്നു കേരളത്തിലേക്കും.' കാറിന്‍റെ ഡ്രൈവർ തമിഴും മലയാളവും ഇട കലർത്തി പറഞ്ഞു.
'ശരി, നന്ദി...' പരമാവധി സൗഹൃദം മുഖത്തു വരുത്താൻ ശ്രമിച്ച് അയാൾ തോൾ സഞ്ചിയുമെടുത്ത് പുറത്തിറങ്ങി.
ഉക്കടത്തിനു പോകുന്ന ബസ് തപ്പിപ്പിടിച്ച് അതിൻറെ ഏറ്റവും പിന്നിലെ സീറ്റിൽ ജനലിന്നരികെ ഇരിപ്പുറപ്പിച്ചു. പിന്നീട് ചുറ്റുമൊന്നു നോക്കി സഞ്ചിയുടെ പോക്കറ്റിൽ നിന്നും മുറുക്കാൻ പൊതിയെടുത്തു. അതിൽനിന്നൊരു വെറ്റിലയെടുത്ത് ശ്രദ്ധാപൂർവ്വം ചുണ്ണാമ്പു തേച്ചു. പിന്നീട് സഞ്ചിയിൽ വീണുപോയ അടയ്ക്കാകഷ്ണങ്ങൾ തപ്പിയെടുക്കുമ്പൊഴേക്കും കണ്ടക്ടറുടെ മുരൾച്ച, 'ക്കടക്കടക്കടം...' ഒപ്പം ബസ് വലിയൊരു ചാട്ടം കൂടി ചാടിയപ്പോൾ പരിഭ്രമിച്ചു പുറത്തേക്കു നോക്കി. അപ്പോഴാണ് ബസ് ഉക്കടം സ്റ്റാന്‍റിലെത്തിയെന്നു മനസ്സിലായത്.
'ഇനിയേതായാലും ഇറങ്ങിയിട്ടാവാം മുറുക്ക്..' എന്നു മനസിൽ കരുതി അയാൾ വെറ്റിലയും അടയ്ക്കയും കൈപ്പിടിയിലൊതുക്കി ബസിൻറെ പടികളിറങ്ങി.
വല്ലാത്ത ക്ഷീണം ശരീരത്തെ തളർത്തുന്നുണ്ട്. 'ഒരു നാരങ്ങാവെള്ളമായാലോ..?' അയാൾ സ്വയം ചോദിച്ചു. 'ആവാല്ലോ...' ഉത്തരവും ഉള്ളിൽ നിന്നുതന്നെ കിട്ടി. അങ്ങനെ സ്റ്റാന്‍റിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അതാ ഒരു ബോർഡ്. 'ടാസ്മാക് ബാർ'. ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ടാസ്മാക് തന്നെ നോക്കി ചിരിക്കുന്നതായി അയാൾക്കു തോന്നി. 
ഇനിയെന്തിനു നാരങ്ങാവെള്ളം...! നേരേ ടാസ്മാക്കിലേക്ക് കാലുകൾ നീങ്ങി. 
പ്രവേശനവഴിയിൽ നിന്ന കറുത്തുതടിച്ച കൊമ്പൻമീശക്കാരൻ വഴിതടഞ്ഞുകൊണ്ട് രൂപത്തിനു ചേരാത്ത സ്ത്രൈണ ശബ്ദത്തിൽ ചോദിച്ചു, 'എന്നയ്യാ എന്ന വേണം, ബ്രാണ്ടി, വിസ്കി, റം...?'
'ആദ്യം ഞാനൊന്നകത്തു കേറട്ടടോ...' പരുഷമായി പറഞ്ഞുകൊണ്ട് അയാൾ അകത്തേക്കു കയറി.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ എട്ടുപത്തു പ്ലാസ്റ്റിക് മേശകളും സ്റ്റൂളുകളുമുണ്ട്. നാലഞ്ചെണ്ണത്തിൽ ആളുകളുണ്ട്. ചിലർ നിന്നുതന്നെ മദ്യപിക്കുന്നു. സിഗരറ്റുപുകയുടെ പടലം മുറിയാകെ.
'അയ്യാ ഒന്നും സൊല്ലവേയില്ല...' മീശക്കാരൻ തൊട്ടുപിന്നാലെയുണ്ടായിരുന്നത് അപ്പോഴാണറിഞ്ഞത്.
ഒരു മേശയുടെ അരികിൽ കിടന്ന സ്റ്റൂളിൽ അൽപ്പം വല്ലായ്മയോടെ അയാളിരുന്നു. (രണ്ടെണ്ണം അകത്തു ചെന്നാൽ ഈ വല്ലായ്മയൊക്കെ മാറുമെന്ന് അയാൾക്കറിയാമല്ലോ !)
'ബ്രാണ്ടി നല്ലത് ഒരു ഹാഫ്. പിന്നെ ഒരു ബീഫ് ഫ്രൈയും. സിഗരറ്റുണ്ടെങ്കിൽ രണ്ടെണ്ണം.' കൊമ്പൻമീശയ്ക്ക് ഓർഡറെറിഞ്ഞുകൊടുത്തു. 
രണ്ടു മിനിട്ടിനുള്ളിൽ മദ്യവും വെള്ളവും സിഗരറ്റുമെത്തി. രണ്ടെണ്ണം പടപടാന്ന് ഗ്ലാസിലൊഴിച്ചു വിഴുങ്ങി. ഒരു സിഗരറ്റ് ചുണ്ടിൽ തിരുകി തീ പിടിപ്പിച്ചുകൊണ്ട് അയാൾ ചുറ്റും നോക്കി. താൻ വന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും കൂടീ ഒരു പൈന്‍റു വാങ്ങി രണ്ടു കുപ്പികളിലായൊഴിച്ച് അല്‍പ്പം വെള്ളവും ചേർത്ത് വായിലേക്കൊഴിക്കുന്നതു കണ്ടപ്പോൾ ഓക്കാനം വരുന്നതുപോലെ. അയാൾ നോട്ടം എതിർദിശയിലേക്കു മാറ്റി. അവിടെ ഒരു മൂലയിൽ ഒരാൾ ബീഡി വലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. മുൻപിൽ കറുത്തിരുണ്ട നിറത്തിലുള്ള മദ്യമൊഴിച്ച ഗ്ലാസും. നരച്ച മീശയും മുടിയും അരണ്ട വെളിച്ചത്തിലും വ്യക്തമാണ്. 
പെട്ടെന്ന് അയാളുടെ മനസിൽ ഒരു നടുക്കം.
'ഇത്... ഇത്....'
അയാൾ അറിയാതെ എണീറ്റുപോയി. ആ വൃദ്ധനു നേരേ നടക്കുമ്പോഴും കണ്ണുകൾ ആ മുഖത്തുനിന്നും മാറിയില്ല.
1980-കളിലെ നിരവധി ഹിറ്റു സിനിമകൾ മലയാളത്തിനു സമ്മാനിച്ച പ്രമുഖനായിരുന്ന നിർമ്മാതാവ്. മുഷിഞ്ഞ മുണ്ടും ചെളിപിടിച്ച ഷർട്ടും ബീഡിക്കറ നിറം ചാർത്തിയ നരച്ച മീശയുമായി വൃത്തിഹീനമായ മദ്യശാലയുടെ ഇരുണ്ട മൂലയിൽ.. വിശ്വസിക്കാൻ അയാളുടെ മനസ്സു തയ്യാറായില്ല.
'സാർ, അങ്ങ്....' അയാൾ വൃദ്ധൻറെയടുത്തു ചെന്നു മുരടനക്കി. 
അയാളെത്തന്നെ നോക്കിയിരുന്ന വൃദ്ധൻ അമർഷത്തോടെ ചോദിച്ചു, 'മലയാളിയാണല്ലേ ?'
'അതേ സർ', വളരെ ബഹുമാനത്തോടെയുള്ള മറുപടി.
'വേണ്ട ഒരുപാടു വിനയം വേണ്ട. നീ പത്രക്കാരനാണോ...?' രോഷം നിറഞ്ഞ ചോദ്യം.
'അ...അല്ല...' മറുപടി വിക്കി.
'അല്ല, എന്നെ ഇവിടെ ഈ കോലത്തിൽ കണ്ട കഥയെഴുതി ആളാകാതിരിക്കാൻ പറഞ്ഞതാണ്. അത്രയെങ്കിലും കരുണ നിങ്ങൾ കാണിക്കണം'.
പിന്നീട് ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന മദ്യം മടുമടാന്ന് വലിച്ചുകുടിച്ച് സ്റ്റൂളു തട്ടി പിന്നിലേക്കു മറിച്ച് ഒരു പോക്കായിരുന്നു.
അൽപ്പം സമയമെടുത്തു അയാൾക്ക് സ്ഥലകാലബോധം കൈവരിയ്ക്കാൻ. കഴിച്ച മദ്യത്തിന് അയാളിൽ അൽപ്പം പോലും ലഹരി പകരാനായില്ല. അത്രമാത്രം തളർന്നുപോയിരുന്നു അയാളുടെ മനസ്സ്.

കാണാപ്പുറം

അങ്ങിങ്ങായി ചിതറി വീഴുന്ന ചെറിയ വെളിച്ചത്തുണ്ടുകൾക്കിടെ നിഴൽരൂപം അമർന്നിട്ടില്ലാത്ത ഒരു കസേര കണ്ടെത്താൻ തലപ്പാവു ചുറ്റിയ രാജഭൃത്യനേ ഓർമിപ്പിച്ച ആ ബെയറർ സഹായിച്ചു. മോഹിപ്പിക്കുന്ന വേഷവിധാനങ്ങളോടെ ഇവിടെ തങ്ങളുടെ പുരുഷന്മാരോട് (അതോ കാമുകരോ..) ഒപ്പം വന്ന യുവതികളെ അവൻ കൌതുകത്തോടെ നോക്കി. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. കൊക്കുരുമ്മുന്ന പക്ഷികളെ പോലെ ചിലർ... ചുണ്ട് കോർക്കുന്നതും കെട്ടിപ്പുണരുന്നതും അവനിൽ മിശ്രവികാരങ്ങൾ ഉണർത്തി..
ഏസീയുടെ കുളിർമ്മ ശരീരത്തിനുള്ളിലേക്ക് അരിച്ചു കയറാൻ തുടങ്ങിയപ്പോൾ ഒരു സിഗരറ്റു വലിച്ചാലോ എന്ന് തോന്നിയെങ്കിലും കയറിവരുമ്പോൾ കണ്ട 'നോ സ്മോക്കിംഗ് ഏരിയ' എന്ന ബോർഡ് അവനോർത്തപ്പോൾ അതു വേണ്ടെന്നു വച്ചു.
ഇവിടെ വച്ച് ഒന്നു കാണണമെന്ന് ഫ്രെഞ്ചു പറഞ്ഞത് എന്തിനാണ് എന്നറിയില്ല. അവൻ ഇനി എപ്പോൾ വരുമോ എന്തോ..
യാദൃശ്ചികമായാണ് അവന്റെ കണ്ണുകൾ ആ ഇരുണ്ട മൂലയിലേക്ക് പാറി വീണത്‌. അവിടെ രണ്ടു ചെറുപ്പക്കാർക്കിടയിൽ ആധുനികവേഷവിധാനങ്ങളുമായി ഒരു പെണ്‍കുട്ടി. അവൻ ഒന്നു ഞെട്ടി.. ഇത്.. ഇത് രാജിയല്ലേ..? തെക്കേലെ രഘുവണ്ണന്റെ മകൾ.. അവൻ കണ്ണു വീണ്ടും വീണ്ടും തുടച്ചു നോക്കി.. അതെ അവൾ തന്നെ..
രഘുവണ്ണൻ അച്ഛന്റെ അടുത്ത സുഹൃത്താണ്. നിത്യജീവിതത്തിനായി തെങ്ങുകയറുന്ന പാവം. രണ്ടു വർഷം മുൻപ് മകൾ പ്ലസ് റ്റൂവിന് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയപ്പോൾ നാട്ടുകാർക്കു മുഴുവൻ സദ്യയൊരുക്കി കൊടുത്ത സ്നേഹധനനായ അച്ഛൻ. അന്ന് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയതിനു നാട്ടുകാർ പിരിവിട്ടു ഒരു തുക നല്കി അനുമോദിച്ച കുട്ടി. ഈ പട്ടണത്തിലാണ് അവൾ പഠിക്കുന്നത് എന്നറിയാമായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു രാജി വരുമെന്ന് പറഞ്ഞു അവൾക്കു വേണ്ടതൊക്കെ വാങ്ങാൻ വേണ്ടി അച്ഛന്റെ കയ്യിൽ നിന്നും രഘുവണ്ണന്റെ ഭാര്യ രാജമ്മച്ചേച്ചി ആയിരം രൂപ വാങ്ങിയത് ഇന്നലെയായിരുന്നു. പക്ഷെ ഇത്...
ഫ്രെഞ്ചു വന്നതും അവനോടൊപ്പം തീതൈലം വിഴുങ്ങിയതും അവൻ ഒരു ജോലി വാഗ്ദാനം ചെയ്തതുമൊന്നും അറിഞ്ഞില്ല..ഒന്നും കേൾക്കാൻ കഴിയുമായിരുന്നില്ല.. മനസ്സിൽ നിറയെ രഘുവണ്ണനും രാജമ്മച്ചേച്ചിയുമായിരുന്നു. കാണേണ്ടിയിരുന്നില്ല ഇതൊന്നും... ഇവിടെ വരേണ്ടിയിരുന്നില്ല... ദൈവമേ...