Monday, September 15, 2014

ഗുണപ്പെടാതെ ഒരു തിരിച്ചറിവ്

ഡിഗ്രീ പഠന കാലത്ത് ചില സുഹൃത്തുക്കളുമൊത്തു ഏതെങ്കിലും ഒഴിഞ്ഞ ക്ലാസ്സുമുറിയിൽ സേവ്യർ പാട്ടും കവിതയുമൊക്കെയായി കൂടാറുണ്ടായിരുന്നു. അയാൾ കുത്തിക്കുറിക്കുന്ന വരികൾക്ക് ആസാദ് എന്ന സുഹൃത്ത് ഈണം നല്കി പാടും. അല്ലാത്ത പാട്ടുകളും ആവശ്യക്കാരുടെ അപേക്ഷപ്രകാരം ആസാദ് പാടും.
അന്ന് കോളേജിനു പുറത്തുള്ള പലരും അവരുടെ കോളേജിൽ കയറിയിറങ്ങാറുണ്ടായിരുന്നു. ചിലരൊക്കെ അവരുടെ ഈ സംഗീത മേളയിൽ തൽപ്പരരായി ഒപ്പം കൂടും. അങ്ങനെ സ്ഥിരമായി വന്നിരുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. രാജു. ഇയാൾക്ക് നല്ല സാഹിത്യാഭിരുചി ഒക്കെയുണ്ട്. കുറച്ചു നാളുകൾ കൊണ്ട് സേവ്യറും ആസാദുമൊക്കെയായി ഇദ്ദേഹം നല്ല സൗഹൃദം സ്ഥാപിച്ചു.
കൂടുതൽ പരിചയപ്പെട്ടപ്പോൾ ഉന്നത നിലവാരമുള്ള ഒരു സ്കൂളിൽ പത്താം ക്ലാസ് വരെ നന്നായി പഠിച്ചിരുന്ന ആളായിരുന്നു എന്നും അതിനു ശേഷം നാട് വിട്ടു ബോംബയ്ക്ക് പോയി പല പല പണികളും ചെയ്തു എന്നും അറിഞ്ഞു. ഹോട്ടലിൽ എച്ചിലെടുക്കുന്ന പണി മുതൽ ഒടുവിൽ കള്ളക്കടത്തുകാരുടെ സംഘങ്ങളിൽ വരെ എത്തിയ രാജു വളരെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. ബോംബയിൽ നിന്ന് അടുത്ത കാലത്താണ് രാജു നാട്ടിലെത്തിയത്.
സേവ്യറും സുഹൃത്തുക്കളും ഇയാളെ ഉപദേശിച്ചു നന്നാക്കാം എന്ന ധാരണയിൽ ഇയാളുമായി കൂടുതൽ അടുത്തു. നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ഒക്കെ ചെയ്യുന്ന ഇയാൾ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കുഴപ്പങ്ങളിൽ പെട്ടുപോയത് എന്ന് മനസ്സിലായില്ല. എന്തായാലും നാട്ടിൽ എന്തെങ്കിലും ചെയ്തു ഇനിയുള്ള കാലം നന്നായി മുന്നോട്ടു പോകാം എന്നൊരു മനോഭാവം അയാളിൽ ഉണ്ടാക്കിയെടുക്കാൻ ഈ സൌഹൃദത്തിനു കഴിഞ്ഞു.
നല്ല ബന്ധം ആയെങ്കിലും ഒരിക്കലും രാജു ഇവരെയൊന്നും വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല.
ഒരു ദിവസം രാജുവിന് അത്ഭുതമായി ഒരു  മിന്നൽ സന്ദർശനം നടത്താമെന്ന ധാരണയിൽ സേവ്യർ ഇയാളുടെ വീട് തിരക്കി പോയി. ഊഹം വച്ചും ചിലരോട് ചോദിച്ചും രാജുവിന്റെ വീട്ടിലേക്കു നീങ്ങി. വഴിയിൽ കണ്ട പലരും അവജ്ഞയോടെ നോക്കുന്നത് എന്തിനെന്നു മനസ്സിലായില്ല. രാജുവിന്റെ വീടിനു ചുറ്റും പ്ലാസ്റിക് കൊണ്ട് ഒരു വേലി മറച്ചു കെട്ടിയിട്ടുണ്ടായിരുന്നു. വീട്ടിൽ അപ്രതീക്ഷിതമായി എത്തിയ സുഹൃത്തിനെ കണ്ടു രാജു ഒന്ന് അമ്പരന്നു. വരാന്തയിൽ ഒരു സ്ത്രീ അങ്ങോട്ട്‌ തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു
.
"ആരാ അത്..?" സേവ്യർ രാജുവിനോട് ചോദിച്ചു.
"എന്റെ മമ്മി.." അടക്കം പറയുമ്പോലെ അവൻ അത് പറഞ്ഞപ്പോൾ വാക്കുകൾ വിറച്ചതും മുഖം കുനിഞ്ഞതും എന്തിനെന്നു മനസ്സിലായില്ല.
ഈ സംസാരം കേട്ട് ആ സ്ത്രീ തിരിഞ്ഞു നോക്കി. 'മമ്മീ..' എന്നു വിളിച്ചു പരിചയപ്പെടാൻ തുടങ്ങിയ സേവ്യർ പെട്ടെന്ന് ഒന്നറച്ചു. ആ മുഖം സേവ്യറെ വല്ലാതാക്കിക്കളഞ്ഞു. അക്കാലത്ത് അന്നാട്ടിലെ കുപ്രസിദ്ധയായ ഒരു വേശ്യ ആയിരുന്നു അത്. സന്ധ്യ മയങ്ങുമ്പോൾ നഗരത്തിലെ ഇരുൾത്തുരുത്തുകളിൽ  ഇവരെ സേവ്യർ കാണുമായിരുന്നു. കടകളിലുള്ള പലരും അർഥം വച്ച് സംസാരിക്കുന്നതും  ചിലർ ആട്ടിപ്പായിക്കുന്നതും ഒരിക്കൽ ഒരു കടയുടെ ഇടനാഴിയിൽ നിന്ന തന്നെ ഇവർ കണ്ണുകാണിച്ചു വിളിച്ചതും  സേവ്യർ വെറുപ്പോടെ ഓർത്തു. രാജുവിനെ തിരിഞ്ഞൊന്നു നോക്കാൻ മറന്നു തിരിച്ചിറങ്ങുമ്പോൾ എത്രയും വേഗം അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ...
രാജു എന്തുകൊണ്ട് ഇങ്ങനെയായി എന്നു സേവ്യർ തിരിച്ചറിഞ്ഞു. പക്ഷെ പിന്നെയൊരിക്കലും അവനെ കണ്ടില്ല. ഒരിക്കൽ ഒരു കള്ളനോട്ടു കേസിലെ പ്രതികളുടെ ചിത്രം പത്രങ്ങളിൽ കണ്ടപ്പോൾ തിരിച്ചറിഞ്ഞു രാജുവിന്റെ മുഖം.
ഇന്ന് വർഷങ്ങൾക്കു ശേഷം താൻ രാജുവിനോട് അന്ന് ചെയ്തത് തെറ്റായിരുന്നോ എന്നൊരു കുറ്റബോധം മനസ്സിനെ ഇടയ്ക്കിടെ കരളാറുണ്ട്‌.. ഒരു പക്ഷെ അന്ന് രാജുവിനെ ഉപേക്ഷിക്കാതെ കൂടെ കൂട്ടിയിരുന്നെങ്കിൽ ആ മിടുക്കനായ ആ ചെറുപ്പക്കാരന്റെ വിധി മറ്റൊന്നാവുമായിരുന്നേനേ... വിധിയെ തടുക്കാൻ ആർക്കു കഴിയും....?