Friday, May 2, 2014

എന്റെ ധീരത

ആദ്യമായി ഞാൻ ഹൈറേഞ്ച് കയറുന്നത് 1993-ൽ ആണ്. എബി അച്ചൻ COMHOM എന്ന ഒരു സ്ഥാപനം തുടങ്ങുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് ഞാൻ പോകുന്നത്. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ പുനരധിവസിപ്പിക്കാനായി വാഗമണ്‍ എന്ന മനോഹരമായ സ്ഥലത്താണ് ഈ സ്ഥാപനം തുടങ്ങുന്നത്. തുടക്കത്തിൽ ഒരു ആറ് ഏക്കർ സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒരു മലയുടെ ചരിവ്. താമസിക്കാൻ ഒരു ഒറ്റമുറി. കട്ട കെട്ടി മുകളിൽ 'റ' ആകൃതിയിൽ വളച്ചു വാർത്ത ഒരു മുറി മാത്രം.
ഞാൻ, പുന്നപ്രക്കാരൻ ഷാജി, എബിയച്ചന്റെ അനുജൻ എജി എന്നിവർ അവിടെ സ്ഥിരം ഉള്ളവർ. ഇതിന്റെ ആസൂത്രകർ എബിയച്ചൻ, എന്റെ ജ്യേസ്ടൻ പ്രകാശ് (അന്നദ്ദേഹം AVT പശുപ്പാര എസ്റ്റെറ്റിൽ ടീ മേക്കർ ആണ്.) കവി ജോസാന്റണി, ജോർജ്ജു വർഗ്ഗീസ് എന്നിവർ വന്നുപോകും.
ഇന്നത്തേതു പോലെ അന്ന് ടൂറിസം ഒന്നും അവിടെ വന്നിട്ടില്ല. വിജനമായ സ്ഥലം. വാഗമണ്‍ സിറ്റി വളരെ കുറച്ചു കടകൾ മാത്രം ഉള്ള ഒന്നായിരുന്നു. കൂടാതെ മാടുകളുടെ വിഹാരവും. പലപ്പോഴും ദിവസങ്ങളോളം ഞാനും ഷാജിയും മാത്രമാണുണ്ടാകുക. ഷാജി നാട്ടിൽ പോയാൽ പിന്നെ ഞാൻ മാത്രമാവും. ഷാജി ഒരുമാതിരി നന്നായി പാചകം ചെയ്തിരുന്നതിനാൽ ഷാജിയുള്ളപ്പോൾ നല്ല ഭക്ഷണം കഴിക്കാം. അല്ലാത്തപ്പോൾ അരിയും പയരുമൊക്കെ ഇട്ടു ഒരു വെപ്പങ്ങു വയ്ക്കും. മൂന്നു നേരവും ഇത് തന്നെ കഴിക്കും.
അന്ന് അവിടെ പണിക്കു വന്നിരുന്ന സമുദ്രം, പൂയൻ എന്നിവരുമായി ഞാൻ നല്ല ചങ്ങാത്തം ആയിരുന്നു. അവരോടൊപ്പം രാവിലെ മുതൽ വൈകുന്നേരം വരെ ഞാനും തേയിലയ്ക്ക് മരുന്നടിക്കാനും വളമിടാനും ഒക്കെ കൂടെ നില്ക്കും.
ഒറ്റയ്ക്കാകുമ്പോൾ ആകെ ഭീകരമായ അന്തരീക്ഷമാണ്. സന്ധ്യ മയങ്ങിയാൽ ആരെയും കാണാനില്ല. ചീവീടുകളുടെ കൂട്ടക്കരച്ചിൽ മാത്രം കേട്ട് അങ്ങനെ ഇരിക്കാം. വായന നന്നായി നടന്ന ഒരു കാലമാണ് അത്.
കക്കൂസ് എന്ന സംഭവം അന്ന് അവിടെ ഇല്ല. കാടാണല്ലോ ചുറ്റും. പിന്നെ രാത്രികളിൽ തോന്നിയാലാണ് പ്രശ്നം. താമസിക്കുന്ന കെട്ടിടത്തിനു ചേർന്നുള്ള റോഡിൽ ഒരു കലുങ്ക് ഉണ്ട്. രാത്രികളിൽ ആ സൗകര്യം ഉപയോഗിക്കും.
ഷാജിയും നാട്ടിലായിരുന്ന ഒരു ദിവസം. പണിക്കു വന്ന സമുദ്രം ആണ് പറയുന്നത് ഈ കലുങ്കിനു കീഴിൽ ഞങ്ങൾ അവിടെ എത്തുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപ് രണ്ടുപേരെ കൊന്നു കൊണ്ട് വച്ചിട്ടുണ്ടായിരുന്നു എന്ന്. "ഏയ്‌ രാവും പകലും ഒരേപോലെ എവിടെയും നടന്നു പോയിട്ടുള്ള..., തികഞ്ഞ യുക്തിവാദിയായ ഞാൻ പേടിക്കാനോ...?" (കോവൂരിന്റെ ഡയറിയൊക്കെ സ്കൂൾ ക്ലാസുകളിൽ വച്ച് തന്നെ ഹൃദിസ്ഥമാക്കിയതാണ്. ഇടമറുകൊക്കെ ആരാധനാപാത്രങ്ങളിൽ പെടും.) എന്ന് മനസ്സിൽ ഉറപ്പിച്ചു ധീരനായി ഞാൻ ആ വിഷയം വിട്ടു.
എന്റെ പാചകത്തിലെ മെച്ചമോ എന്നറിയില്ല അന്നു രാത്രി ഗതികേടിനു എനിക്ക് ഒരു അന്ത;പ്രക്ഷോഭം . സമുദ്രത്തിന്റെ കഥ ഒന്ന് മനസ്സിൽ മിന്നി. പക്ഷെ ധീരനായ എനിക്കറിയാമല്ലോ ഈ ഭൂതവും പ്രേതവും ഒന്നുമില്ലെന്ന്. ഞാൻ പതിവുപോലെ കലുങ്കിലേക്കു പോയി. സ്വസ്ഥമായി അങ്ങനെയിരിക്കുമ്പോൾ ഒരു തോന്നൽ 'ഇതിനടിയിലാണല്ലോ രണ്ടുപേരെ കൊന്നു കൊണ്ട് വച്ചത്'. ഞാൻ പതിയെ താഴേക്കു നോക്കി. മനസ്സിലേക്ക് ധൈര്യത്തെ ആവാഹിക്കാൻ ശ്രമിച്ചു. ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. കുറ്റാക്കുറ്റിരുട്ട്. പൊടുന്നനെ കലുങ്കിനടിയിൽ നിന്നുതന്നെ ഒരു ചീവീടിന്റെ അലർച്ച. പിന്നൊന്നും നോക്കിയില്ല ഒറ്റയോട്ടം. ശ്വാസം വിട്ടത് കെട്ടിടത്തിന്റെ മുറ്റത്ത്‌ എത്തിയ ശേഷമാണ്. കുറച്ചു നേരത്തേക്ക് കലുങ്കിന്റെ ഭാഗത്തേക്ക് നോക്കാനേ പോയില്ല. കൈയും കാലുമൊക്കെ ഒരു വിറയൽ. ഏതായാലും കെട്ടിടത്തിനകത്ത് തന്നെ കക്കൂസ് വേണമെന്ന പാഠം അതോടെ പഠിച്ചു.

No comments:

Post a Comment