Friday, May 30, 2014

ഒരു ചായക്കഥ

തിരുവനന്തപുരത്ത് പടിഞ്ഞാറേ കോട്ടയ്ക്കു സമീപം നല്ല തിരക്കുള്ള ചായക്കട. രാവിലെ നല്ലൊരു കാലിച്ചായ നിർബന്ധമുള്ളതിനാലാണ് അയാൾ അവിടെയെത്തിയത്. ചായയ്ക്കൊപ്പം പത്രവാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ കടക്കാരന്റെ ശകാരവർഷം കേട്ടു തലയുയർത്തി. കറുത്തിരുണ്ട ഒരു ബാലൻ. കയ്യിൽ ഒരു ഗ്ലാസ്സുണ്ട്. അഴുക്കുപിടിച്ചു കറുത്ത ഒരു കൈലിത്തുണ്ടാണ് വേഷം. അവൻ ദയനീയമായി ഒരു ചായയ്ക്ക് വേണ്ടി യാചിക്കുകയാണ്. ഗ്ലാസ് നീട്ടിപ്പിടിച്ചിട്ടുണ്ട്. അന്ന് ചായയ്ക്ക് 5 രൂപയാണ് വില. അവന്റെ ഇടംകയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന ചില്ലറകൾ കടക്കാരന്റെ മേശപ്പുറത്തു വച്ചിട്ടുണ്ട്. അതെല്ലാം കൂടെ മൂന്നര രൂപയെ ഉള്ളൂ.
മൂന്നര രൂപയ്ക്ക് ഇവിടെ ചായയില്ല എന്നാ ആക്രോശത്തോടൊപ്പം അവനെ കൈയേറ്റം ചെയ്യാനുള്ള ശ്രമം കൂടെ കണ്ടപ്പോൾ അയാൾ എണീറ്റു.
"എന്താ പ്രശ്നം..?"
"കണ്ടില്ലേ സാറേ. കള്ളമ്മാരാ.. ഈ കള്ളപ്പയലൊക്കെ മോട്ടിക്കാൻ വരണതാ. കാശില്ലാതെ ഞാ...ഞ്ചായ കൊടുക്കാൻ..!"
"അവന്റെ പൈസ ഞാൻ തന്നോളാം. താൻ ചായ കൊടുക്ക്‌." അയാൾ അല്പം രൂക്ഷമായി പറഞ്ഞപ്പോൾ അവജ്ഞയോടെ ഒന്ന് നോക്കിയിട്ട് കടക്കാരൻ അവന്റെ ഗ്ലാസ്സിൽ ചായ പകർന്നുകൊടുത്തു.
ഒന്ന് നോക്കുക പോലും ചെയ്യാതെ പയ്യൻ ചായഗ്ലാസ്സുമായി നടന്നു തുടങ്ങിയപ്പോൾ അയാൾക്ക്‌ ഒരു കൗതുകം. 'അവനെന്താ ചായ കുടിക്കാതെ കൊണ്ടുപോകുന്നത്...?'
അയാൾ കടയിലെ പൈസ കൊടുത്തിട്ട് വേഗം നടന്നു അവന്റെ പിന്നാലെ.
കുറച്ചുദൂരം നടന്ന അവൻ ഒരു ചെറിയ ഇടവഴി കയറി. അയാളും പിന്നാലെ നടന്നു. അൽപ ദൂരം കഴിഞ്ഞപ്പോൾ വലതു തിരിഞ്ഞു തുണി കൊണ്ട് നിർമ്മിച്ച ഒരു ചെറിയ ടെന്റിനുല്ലിലേക്ക് കയറി.
പിന്നാലെ ചെല്ലുമ്പോൾ വല്ലാത്ത ദുർഗന്ധം. എങ്കിലും കടിച്ചുപിടിച്ച് അയാൾ ഉള്ളിലേക്ക് എത്തിനോക്കി. മുട്ടിനു മുകളിൽ മുറിച്ചു നീക്കിയ കാലുമായി എല്ലും തോലുമായ ഒരു യുവാവ് അവിടെ കിടക്കുന്നു. മുറിഞ്ഞ കാലു പഴുത്തു വികൃതമായി കാണപ്പെട്ടു. അർദ്ധബോധാവസ്ഥയിൽ കിടന്ന ആ യുവാവിനെ ഉണർത്തി ചായ കൊടുക്കാനുള്ള ശ്രമത്തിലാണ് പയ്യൻ.
ഏതാനും നിമിഷങ്ങൾക്കു ശേഷം അയാൾ തിരികെ നടക്കുമ്പോൾ ഇവരുടെ പുനരധിവാസത്തിനുള്ള മാർഗ്ഗങ്ങൾ തേടുകയായിരുന്നു മനസ്സ്.

Thursday, May 22, 2014

മുറുക്കും മദാമ്മയും പിന്നൊരു ലോ ഫ്ലോർ ബസും.

പണ്ട് സ്ഥിരമായി വെറ്റില മുറുക്കുന്ന കാലം. തിരുവനന്തപുരത്ത് ലോ ഫ്ളോർ  ബസുകൾ ഓടിത്തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. കിഴക്കേക്കോട്ടയിൽ നിന്നും ഒരു നാടൻ മുറുക്കാൻ വാങ്ങി വായിലിട്ടു. ഒന്ന് ചവച്ച് അതിന്റെ സുഖത്തിൽ ലയിച്ചു നില്ക്കുമ്പോൾ അതാ വരുന്നു ഒരു നോണ്‍ എ സി ലോ ഫ്ളോർ ബസ്. ഓടി മുൻവാതിലിലൂടെ കയറി. ഇടതു വശത്ത് രണ്ടാമതുള്ള ഉയർന്ന സീറ്റിൽ ജനാലയ്ക്കടുത്തായി സ്വസ്ഥമായി ഇരുന്നു. മനോഹരമായ നഗര ദൃശ്യങ്ങൾ കണ്ണുകൾക്ക് ഏകിക്കൊണ്ട് ബസ് ആയൂർവേദ കോളേജ് വരെ എത്തി. അപ്പോഴാണ്  സുന്ദരിയായ ഒരു മദാമ്മ റോഡിൽ നിന്നും എന്റെ നേരെ ഓടിവന്നത്. എന്താ കാര്യമെന്നറിയാൻ ഞാൻ തല വെളിയിലെക്കിട്ടു. ഒരു കുട്ടിയാനയുടെ ഭാവഹാവാദികളോടെ അവർ എന്നോട് ചോദിച്ചത് ഈ ബസ് യൂണിവേഴ്സിറ്റി വഴിയാണോ പോകുന്നതെന്നായിരുന്നു. ''ഷുവർലി..'' എന്നു പറയാൻ ശ്രമിച്ച എന്റെ വായിൽ നിന്നും മുറുക്കാൻ തെറിച്ചത് അവരുടെ അല്പമാത്ര വസ്ത്രങ്ങളിൽ പുള്ളിയിട്ടു. പെട്ടെന്ന് ഞാൻ ആംഗ്യഭാഷയിൽ ക്ഷമ ചോദിച്ചു.. അവരുടെ വായിൽ നിന്നും തെറിച്ചത് എന്റെ മുറുക്കാൻ തുപ്പലിനെക്കാൾ ഭീകരമായതായിരുന്നു. ഏതായാലും അവർ ബസിൽ കയറി. അവരും ഫ്രെണ്ടിൽ തന്നെ കയറിയത് കണ്ടപ്പോൾ ഞാൻ പതിയെ എണീറ്റ് പിന്നിലേക്ക് നടന്നു. ഇനി ആരും വഴി ചോദിക്കാതിരിക്കാൻ ഏറ്റവും പിന്നിൽ വലതു വശത്ത് ഇരുന്നു. അവർ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഏതായാലും ബസ് യൂണിവേഴ്സിറ്റി കോളേജ് ജങ്ങ്ഷനിൽ എത്തിയപ്പോൾ അവർ ഇറങ്ങി. ഇറങ്ങിയതും അവർ റോഡിലൂടെ ബസിന്റെ പിന്നിൽ ഞാനിരിക്കുന്ന സീറ്റിന്റെ വശത്ത് വന്നു. അവർ എന്നോട് എന്തെങ്കിലും പറയുന്നതിന് മുൻപ് ഒരു സോറി പറയാൻ ഞാൻ ശ്രമിച്ചു.... ദൈവമേ... വീണ്ടും..!! സിഗ്നൽ മാറുന്നതിനു മുൻപ് വണ്ടി വേഗത്തിൽ മുൻപോട്ടെടുക്കാൻ ഡ്രൈവർ യത്നിച്ചത് നാരീ മർദനത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്താനാവും... ഏതായാലും പിന്നീട് ബസിൽ ഞാൻ മുറുക്കിയിട്ടില്ല.....!

Tuesday, May 20, 2014

പ്രതിസന്ധി

ഇരുള് തങ്ങിനില്ക്കുന്ന ഇടയ്ക്കെ മുറി.
കുളി കഴിഞ്ഞ് ഈറൻ മാറുന്ന ദേവേച്ചിയെ
സത്യമായും കണ്ടിരുന്നില്ല.
ഓടിക്കയറിയത് സൈക്കിൾ ചാടു തപ്പിയായിരുന്നു.
വെളിയിൽ നിന്നും ഓടിക്കയറിയപ്പോൾ
കണ്ണിൽ ആദ്യം ഇരുട്ട് മാത്രമായിരുന്നു.
അത് മായും മുൻപായിരുന്നു
കയ്യിൽ ആ പിടുത്തം വീണത്‌.
ഞെട്ടിത്തെറിച്ചപ്പോൾ കാതിൽ വീണു
ശ്വാസത്തിന്റെ ശബ്ദത്തിൽ
ആശ്വാസ വചനം.
പിന്നെ ശരീരത്തോട് ചേർത്ത്  ആലിംഗനവും.
തണുപ്പ് ശരീരത്തിലാകെ പടർന്നു..
പിന്നെയെപ്പോഴോ അത് താപമായി വളർന്നു.
ചൂടിന്റെയും തണുപ്പിന്റെയും ഇടയിൽ ചില പിടച്ചിലുകളും.
ഒടുവിൽ ഒരു തേങ്ങലിന്നൊച്ചയും..
അറിഞ്ഞില്ല ആ തേങ്ങലിന്നർത്ഥം.
പിന്നെ ഒരുപാടിഷ്ടം തോന്നിയിരുന്നു
വിധവയായ പാവം ദേവേച്ചിയോട്.
പക്ഷെ ചില മാസങ്ങൾക്ക് ശേഷം എന്തിനാണ്
അമ്മാവൻ വന്നു ചീത്ത പറഞ്ഞു ദേവേച്ചിയെ
തിരികെ കൊണ്ടുപോയതെന്നറിയില്ല.
ഇന്ന്
ദേവേച്ചി കാണണമെന്ന് പറഞ്ഞു വിളിച്ചപ്പോഴാണ്
ഏറെ കൊല്ലങ്ങൾക്ക് ശേഷം അവരെ കാണാൻ പോയത്.
ഇത്ര കാലം അവരെവിടെയായിരുന്നു...?
എന്തെ അവരെ ഒരിക്കലും കാണാൻ തോന്നിയില്ല..?
ഒന്നുമറിയില്ല.
തീർത്തും അവശതയിൽ കിടപ്പിലായിരുന്നു ഇന്നവർ.
മരണത്തോട് മല്ലിടുന്ന രോഗബാധിത.
വാർധക്യം ബാധിച്ച മുടിയും ഉടലും.
അടുത്ത് ചെന്ന് കിടക്കയുടെ അരികിലായിരുന്നു
ആ കൈകൾ എന്റെ കയ്യിൽ അമർത്തി.
അപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
പെട്ടെന്ന് മുറിയിലേക്കോടിക്കയറിയ ഒരു പതിനഞ്ചുകാരി.
അവളെ ചൂണ്ടി ദേവേച്ചി പറഞ്ഞു,
"നിന്റെയാണ് അവൾ. കൊണ്ടുപോകണം അവളെയും."
ആ കുഞ്ഞിന്റെ കൈ പിടിച്ചു തിരികെ പടിയിറങ്ങുമ്പോൾ
ഭാര്യയുടെ പ്രതികരണം എന്താവും എന്നായിരുന്നു ചിന്ത.
ഇനി എന്റെ ജീവിതം എന്താകുമെന്നും...

Saturday, May 17, 2014

ഒരു പ്രണയദുരന്തം....!

വർഷം 1989. കുറത്തികാട് SBT യില് കാഷ്യർ ആയിരുന്ന കൃഷ്ണനണ്ണന്റെ കല്യാണത്തിന് അന്നത്തെ സുഹൃത്തുക്കളായ ഞങ്ങളെ വിളിച്ചിട്ടുണ്ടായിരുന്നു. കാസർകോട് ബന്ദടുക്ക എന്ന സ്ഥലത്താണ് കല്യാണം. ഞാൻ, മുരളി, അമ്പിളി, കൊച്ചുമോൻ എന്നീ നാൽവർ സംഘം ഒരു രാത്രി ട്രെയിനിൽ മാവേലിക്കരയിൽ നിന്നും കയറി. പിറ്റെ ദിവസം കാഞ്ഞങ്ങാട്ട് ഇറങ്ങിയ ഞങ്ങളെ കാത്ത് ഒരു ജീപ്പ് കിടപ്പുണ്ടായിരുന്നു. കുന്നും മലയും കയറി ഹനുമാന്‍ ഗിയറില്‍ ജീപ്പ് പോകുമ്പോള്‍ ശ്വാസമടക്കി പിടിച്ചാണ് ഞങ്ങള്‍ ഇരുന്നത്. ഏതാനും മണിക്കൂറുകളെടുത്തു ബന്ദടുക്ക കഴിഞ്ഞും ഉള്ളിലെവിടെയോ ഉള്ള വീട്ടിലെത്താന്‍.
കല്യാണവീട്ടിലെത്തിയ ഞങ്ങൾ പക്ഷെ ഇത് കേരളം തന്നെയോ എന്ന് സംശയിച്ചു പോയി. കാരണം കൃഷ്ണനണ്ണനും അദ്ദേഹത്തിന്റെ അച്ഛനും മാത്രമേ മലയാളം അറിയുമായിരുന്നുള്ളൂ. മറ്റുള്ളവർ സംസാരിക്കുന്നത് വരമൊഴി ഇല്ലാത്ത ഏതോ ഭാഷ. തുളു എന്നു പറഞ്ഞതായാണ് ഓർമ്മ. കല്യാണവും ബഹു വിശേഷമായിരുന്നു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകൾ. ഈ ബഹളങ്ങൾക്കിടയിൽ ഞങ്ങൾ തെറിച്ചു തെറിച്ചു നില്ക്കുന്ന നാലുപേരും. ഞങ്ങളെ സല്ക്കരിക്കാനായി കൃഷ്ണനണ്ണൻ കരുതിയിട്ടുണ്ടായിരുന്ന കശുമാവിൻ പഴം വാറ്റിയ ലഹരിനീര് ഇടയ്ക്കിടയ്ക്ക് നുണഞ്ഞ ഞങ്ങൾ കാടും മേടും നിറഞ്ഞു നടന്നു. ഇടയ്ക്കു കല്യാണ ചടങ്ങുകളിൽ തല കാണിക്കും.
അതിനിടെ നല്ല കറുത്തിരുണ്ട സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നെ നോക്കി വശ്യമായി ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. വെളുപ്പാങ്കാലത്ത് മരക്കൂട്ടങ്ങൾക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങുന്നത് പോലെ ഒരനുഭൂതി. കശുമാമ്പഴനീരിനോടുള്ള പ്രണയം അസ്തമിച്ചു. കരുത്തു വന്നു തുടങ്ങിയിട്ടില്ലാത്ത മീശ പരമാവധി ഒരുക്കിയും ഇടയ്ക്കിടെ ആ പെണ്‍കുട്ടിയെ നോക്കി ചിരിച്ചു നില്ക്കാനും ഞാൻ ശ്രദ്ധിച്ചു. ഇതിനിടെ കൂട്ടുകാർ കാണാതെ ഒന്ന് സംസാരിക്കാനും ശ്രമിച്ചു. പക്ഷെ അവൾക്കു മനസ്സിലായില്ല. ഭാഷാപ്രശ്നം.
ഇടയ്ക്കു ഞങ്ങൾ ഒന്നിച്ചു കൂടിയിരിക്കുമ്പോൾ ഞാൻ എല്ലാവരോടും ഈ രഹസ്യം പങ്കു വച്ചു. അപ്പോഴാണ് അമ്പിളി പറയുന്നത് അയാൾക്കും ഒരു പെണ്‍കുട്ടിയുമായി അടുപ്പമായി എന്ന്. കൊച്ചുമോന്റെ മുഖത്ത് ഒരു നിഗൂഢസ്മിതം വിരിഞ്ഞു, ''എടാ ഞാൻ വന്ന ദിവസം തന്നെ ഒരു പെണ്ണുമായി ലൈനിലാ. നിന്നോടൊന്നും പറഞ്ഞില്ലെന്നെയുള്ളൂ.''
എന്ത് പറയാൻ. ചുരുക്കത്തിൽ നാല് പേർക്കും ഓരോ കൃഷ്ണാംഗനകൾ സഖികളായി കിട്ടിയതിൽ എല്ലാവരും സന്തോഷിച്ചു. മൊഴിയില്ലാത്ത അനുരാഗ നദികളിൽ ഞങ്ങൾ നീന്തിത്തുടിച്ചു.
ഒടുവിൽ ഞങ്ങൾക്കു തിരികെ പോരേണ്ട സമയമായി. മനസ്സിൽ വിരഹവേദന ആഴ്ന്നിറങ്ങാൻ തുടങ്ങി. ഞങ്ങൾ പരസ്പരം സംസാരിക്കുന്നില്ല. എല്ലാവർക്കും എല്ലാവരുടെയും വേദന മനസ്സിലാകുമായിരുന്നു. നെടുവീർപ്പുകൾ ഞങ്ങൾക്കിടയിൽ നിറഞ്ഞു.
എന്തായാലും യാത്രാമൊഴി പറയാതിരിക്കാനാവില്ലല്ലോ. കണ്ണുകളിൽ തരുതരുപ്പോടെ ഞാൻ എന്റെ പെണ്ണിന്റെ നേർക്ക് നടന്നു. അവൾ എന്നെ നോക്കി ഊഷ്മളമായി ചിരിക്കുന്നുണ്ടായിരുന്നു. ഇതെന്താ ഇവൾക്കൊരു വിഷമവുമില്ലെ എന്ന് ചിന്തിച്ചു ഞാൻ നടക്കുമ്പോൾ എന്റെ പിന്നിൽ ഒരു പാദപതനശബ്ദം. നോക്കുമ്പോൾ തൊട്ടു പിന്നിൽ മുരളി. മുരളി എന്നോട് അടക്കത്തിൽ ചൂടായി, ''നീയെന്തിനാ എന്റെ പെണ്ണിന്റെ അടുത്ത് പോകുന്നത്?'' ഞാൻ ദേഷ്യപ്പെടാനായി തിരിഞ്ഞപ്പോൾ അതാ അമ്പിളിയും കൊച്ചുമോനും മുരളിയുടെ പിന്നിലുണ്ട്. പെട്ടെന്ന് ബുദ്ധിയുദിച്ചത് കൊച്ചുമോനായിരുന്നു.
''എടാ നമ്മളെല്ലാം പ്രേമിച്ചത് ഒരുത്തിയെ തന്നെയായിരുന്നു..''
ആദ്യം ഒരു അവിശ്വസനീയത ഉണ്ടായെങ്കിലും കാര്യം ശരിയാണെന്നു ബോദ്ധ്യമായപ്പോൾ ചമ്മി വിളറിയ ഒരു ഭാവം എല്ലാവരുടെയും മുഖത്ത് പടർന്നു.
പെട്ടെന്നു തിരിഞ്ഞു നടന്ന ഞങ്ങൾ കൃഷ്ണനണ്ണനോടും കുടുംബത്തോടും യാത്ര പറഞ്ഞിറങ്ങി. എങ്ങനെയെങ്കിലും ആ പെണ്ണിന്റെ ദൃഷ്ടിയിൽ നിന്നും പുറത്തു കടക്കാൻ പരമാവധി വേഗത്തിൽ നടന്നു. ഞാൻ ഇടക്കൊന്നു തിരിഞ്ഞു നോക്കി.
അപ്പോഴും ആ പെണ്‍കുട്ടി ഞങ്ങൾക്കു നേരെ ചിരിയോടെ കൈ വീശുന്നുണ്ടായിരുന്നു. അതെന്റെ നേർക്ക് തന്നെയായിരുന്നു. ഞാനും തിരികെ കൈ വീശി.. കൂട്ടത്തിൽ ചൂടനായ അമ്പിളി എന്നെ ഒരു തെറി വിളിച്ചപ്പോൾ ഞാൻ വീണ്ടും നേരെ നടന്നു തുടങ്ങി... വിങ്ങുന്ന ഹൃദയവുമായി...

Saturday, May 10, 2014

പശുപ്പാറയും പീ പീ സീയും

രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ആദ്യമായി പശുപ്പാറയിൽ പോകുമ്പോൾ ഇന്നത്തെ സാഹചര്യങ്ങളായിരുന്നില്ല അവിടെ. രണ്ടു തേയിലത്തോട്ടങ്ങൾക്കു നടുവിൽ അത്യാവശ്യം സാമ്പത്തിക സ്വാസ്ഥ്യം ഉള്ള ജനത. തമിഴ്-മലയാളി വിഭാഗത്തിൽ പെട്ട ആളുകൾ.. കൂടുതലും തോട്ടം തൊഴിലാളികൾ. ചെറിയ ചെറിയ കടകൾ. വൈകുന്നേരങ്ങളിൽ സുലഭമാകുന്ന വ്യാജ മദ്യം തലയ്ക്കു പിടിപ്പിച്ചു ചിലർ കാട്ടുന്ന അഭ്യാസങ്ങൾ.. വല്ലപ്പോഴുമൊക്കെ കവലയെ സജീവമാക്കി എത്തുന്ന സർക്കസ് അഭ്യാസികൾ. നെഞ്ചു കൊണ്ടും തല കൊണ്ടും വിവിധ ശരീര ഭാഗങ്ങൾ കൊണ്ടും ട്യൂബു ലൈറ്റുകൾ ഇടിച്ചു പൊട്ടിക്കുകയും സൈക്കിൾ അഭ്യാസങ്ങൾ കാട്ടിയും  കോരിത്തരിപ്പിക്കുന്ന പ്രകടനങ്ങൾക്കു മേമ്പൊടിയായി മൈക്കിലൂടെ ഒഴുകിവരുന്ന തമിഴ് ഗാനങ്ങൾ.
നൂല് പോലെ നില്ക്കുന്ന മഴയും നോവറിയിക്കാതെ രക്തം ഊറ്റുന്ന അട്ടയും വൈകുന്നേരം മുതൽ പ്രഭാതം വരെ ഉറഞ്ഞു നില്ക്കുന്ന കോട മഞ്ഞും ഒക്കെയുണ്ടായിരുന്ന പശുപ്പാറയിൽ ഞാൻ ഒരു പാരലൽ കോളേജ് സ്ഥാപിച്ചു 1996-ൽ.
അന്നു മുതൽ പശുപ്പാറയുടെ മുഖ്യധാരയിലേക്ക് ഞാനും അലിഞ്ഞുചേർന്നു. ഉപ്പുതറ പഞ്ചായത്തിന്റെ ഒരു ശാഖ പോലെ എന്റെ കോളേജ് പ്രവർത്തിച്ചു. (ഉപ്പുതറ പഞ്ചായത്തിന്റെ ഒരു വാർഡ്‌ ആയിരുന്നു പശുപ്പാറ). അന്നത്തെ അവിടത്തെ പഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ (ആള് കൊണ്ഗ്രസ്സുകാരനാണ്) വികസനകാര്യങ്ങളിൽ എന്നോടും അഭിപ്രായം ചോദിക്കുകയും അതിനനുസരിച്ച് നിലപാടുകൾ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. (അതിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്നും പലപ്പോഴും ഭീഷണി നേരിടേണ്ടി വന്നിട്ടുമുണ്ട്). എന്തായാലും രാഷ്ട്രീയതിനുപരി നാടിന്റെ നന്മ എന്ന ലക്ഷ്യത്തിൽ ഞങ്ങൾ ഒന്നിച്ചു നിന്നു.
ആദ്യമായി ഗ്രാമസഭകൾ രൂപപ്പെടുത്തിയപ്പോൾ പശുപ്പാറയിൽ അതിന്റെ മുഖ്യ സംഘാടകരിൽ ഒരാളായി ഞാനും.
അന്നു വൈകുന്നേരങ്ങളിൽ ആലംപള്ളി എസ്റ്റെറ്റിന്റെ ലയങ്ങളിലേക്കിറങ്ങുന്ന പടിക്കെട്ടിൽ ഞാനും അവിടെ അന്നുണ്ടായിരുന്ന ചെറുപ്പക്കാരും കൂടി ഇരിക്കാറുണ്ടായിരുന്നു. അവരിൽ പലരും എന്റെ ശിഷ്യരും ആയിരുന്നു. പലരും പകൽ തെയിലപ്പുരയിൽ പണിക്കു പോകുകയും രാത്രി എന്റെ ക്ലാസ്സിനായി വരികയും ചെയ്തു. കായിക വിനോദങ്ങളിൽ തല്പരരായിരുന്ന ഒരുപാട് കുട്ടികൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ രണ്ടു തോട്ടങ്ങൾക്കിടയിൽ ശ്വാസം മുട്ടി കിടന്ന പശുപ്പാറയിൽ ഒരു മൈതാനം ഇല്ലായിരുന്നു.
എന്റെ കുട്ടികൾ വഴി തിരിഞ്ഞു പോകാതിരിക്കാൻ ഞാൻ അവരോട് ഒട്ടിനിന്നു. അവരോടൊപ്പം ഷട്ടിൽ കളി, കഥയും കാര്യങ്ങളും, വ്യാജമദ്യത്തിനെതിരെ ചില കൂട്ടായ്മകൾ, സമരങ്ങൾ, ചിലപ്പോൾ അതിന്റെ പേരിൽ നേരിടേണ്ടി വന്ന ഭീഷണികളും കയ്യേറ്റങ്ങളും.. എല്ലാ അവസരങ്ങളിലും എന്നോടൊപ്പം പാറ പോലെ ഉറച്ചു നിന്നു എന്റെ ഈ കുട്ടിപ്പട്ടാളം. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരിചയവും പ്രായത്തിന്റെ തീവ്രതയും സമ്മേളിച്ചിരുന്ന അക്കാലത്ത് അതൊരു നിയോഗം പോലെ എനിക്ക് തോന്നി. അങ്ങനെയാണ് ഒരു ക്ലബ് അവിടെ രൂപപ്പെടുത്തിയാലോ എന്ന ചിന്ത എനിക്കുണ്ടായത്.
1997 അവസാനമായപ്പോഴേക്കും പശുപ്പാറ പീപ്പിൾസ് ക്ലബ്ബ് അഥവാ പീ പീ സീ എന്ന ക്ലബ്ബിനു രൂപം കൊടുത്തു. ഒരു വാടകക്കെട്ടിടം ആയിരുന്നു ആദ്യ ക്ലബ്ബ്. കാരംസ് ബോർഡും ചെസ്സ്‌ ബോർഡും പിന്നെ ക്രിക്കറ്റ് കളിക്കാവശ്യമായ സാധനങ്ങൾ, ഷട്ടിൽ ബാറ്റുകൾ അങ്ങനെ സ്പോർട്സിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ക്ലബ്ബ്. പിന്നീട് ചില പുസ്തകങ്ങളൊക്കെയെടുത്തു ഇത് വികസിച്ചു.
കാലത്തിന്റെ ഒഴുക്കിൽ പശുപ്പാറയും ഞാനും തമ്മിൽ ദൂരം കൂടി. എങ്കിലും 2007-ൽ പത്താം വാര്ഷികം ആഘോഷിക്കുന്ന അവസരത്തിൽ അവർ എന്നെ ക്ഷണിക്കുകയും ഒരു പൊന്നാട അണിയിക്കുകയും ചെയ്തു.
ഇപ്പോൾ ഇത് പറഞ്ഞത് കഴിഞ്ഞ മൂന്നു നാല് ദിവസങ്ങൾ ഞാൻ പശുപ്പാറയിൽ ഉണ്ടായിരുന്നപ്പോൾ വീണ്ടും ക്ലബ്ബിൽ പോയി. ഇന്ന് അവർക്കു സ്വന്തമായി കെട്ടിടമുണ്ട്. ക്ലബ്ബിനോട് ചേർന്നു ഒരു പുരുഷ സ്വയം സഹായ സംഘം, സ്ത്രീ സ്വയം സഹായ സംഘം എന്നിവ യുമുണ്ട്. ഇടുക്കി ജില്ലയിലെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന ക്ലബ്ബിനുള്ള 2011-2012 ലേ അവാർഡ് കഴിഞ്ഞ വർഷം മന്ത്രി ജയലക്ഷ്മിയിൽ നിന്നും അവർ ഏറ്റുവാങ്ങി. ഞാൻ ഉയർത്തിക്കൊണ്ടുവന്ന രാജൻ ഇന്നും അതിന്റെ സെക്രടറി ആണ്. രാജൻ ഇത്തവണ കണ്ടപ്പോൾ പറഞ്ഞത്  എന്നെ ഏറെ സന്തോഷിപ്പിച്ചു. "പണ്ട് ഞാൻ പിണങ്ങിപ്പോയപ്പോൾ സാറാണ് എന്നെ തിരിച്ചു വിളിച്ചത്. ഏറെ നേരത്തെ ഉപദേശം കൊണ്ട് മാത്രമാണ് ഞാൻ വീണ്ടും ക്ലബ്ബിലേക്ക് വന്നത്. ഇന്ന് പലരും പല പ്രശ്നങ്ങളുടെയും പേരിൽ പിണങ്ങിപ്പോകുമ്പോൾ അവരെ വിളിച്ചിരുത്തി ഈ സംഭവം ഞാൻ പറയാറുണ്ട്‌. പിന്നെ എന്നോട് സാർ പറഞ്ഞ കാര്യങ്ങളും."
(അപ്പോൾ രാജമാണിക്യത്തിൽ മമ്മൂക്ക പറഞ്ഞ ഒരു ഡയലോഗ് എന്റെ മനസ്സില് വന്നു. "ഇനി എനിക്കൊന്നു മസിലു പിടിക്കാമല്ലോ അല്ലെ...?")
രാജൻ നല്ലൊരു കർഷകനാണ്. ജോലി തേടി നാടുവിട്ടില്ല. ഒരു പക്ഷെ അതാവും ക്ലബ്ബിന്റെ ഈ ഉയർച്ചയ്ക്കും കാരണം.

ചിലന്തി ജന്മം....

ഫേസ് ബുക്ക് വഴിയാണ് അവനു ആ ബന്ധം കിട്ടിയത്. ആദ്യമൊക്കെ അവന്റെ നുറുങ്ങുവരികൾക്ക് അവൾ ഇട്ട കമന്റുകൾ ആയിരുന്നു ശ്രദ്ധയിൽ പെട്ടത്. പിന്നെപ്പിന്നെ അവന്റെ ഇൻബോക്സിലേക്ക് അവളുടെ സന്ദേശങ്ങൾ വന്നുതുടങ്ങി. പിന്നീട് അത് വളർന്നുപടർന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ അതൊരു പ്രണയമായി. ശക്തമായ പ്രണയം. സന്ദേശങ്ങൾക്ക് പ്രണയത്തിന്റെ പരമാവസ്ഥയുടെ നിറം കൈവന്നു...
പരസ്പരം  ഉപഹാരങ്ങൾ അയച്ചു .. വസ്ത്രങ്ങൾ.., പേനകൾ..., കൗതുക വസ്തുക്കൾ... അങ്ങനെയങ്ങനെ... എന്തൊക്കെയോ. അവന്റെ മനസ്സ് അവളെ ചുറ്റിപ്പറ്റി മാത്രം കറങ്ങാൻ തുടങ്ങി. അപ്പോഴാണ്‌ അവൾ ഒരു ട്രിപ്പ്‌ എന്ന ആശയം മുൻപോട്ടു വയ്ക്കുന്നത്.
ഒന്ന് കാണുവാൻ മനസ്സ് വെമ്പുന്ന ആ സമയം അവളുടെ അടുത്തേക്ക് ഒരു ട്രിപ്പ് എന്നത് അവനു സ്വർഗ്ഗം പോലെയാണ് തോന്നിയത്.
****
ഒന്നാം റ്റെർമിനലിലൂടെ പുറത്തേക്കു നടക്കുമ്പോൾ അവളുടെ ഫോണ്‍.
"ഞാനുണ്ട് പുറത്ത്..."
"ഓ ദാ എത്തി..." അവന്റെ നടപ്പിനു വേഗതയേറി. മനസ്സിന്റെ തള്ളലും.
ഡിപ്പാർച്ചർ വാതിലിനു പുറത്ത് അവൻ കണ്ടു ശരീര വടിവുകൾ വ്യക്തമാക്കുന്ന വേഷങ്ങളോടെ യൗവ്വനം വിട്ടുതുടങ്ങുന്ന സുന്ദരി. പുറത്തിറങ്ങിയ ഉടൻ അവൾ ഓടിവന്നു അവനെ വാരിപ്പുണർന്നു. ഒരു മായിക ലോകത്ത് എത്തിയതുപോലെയായിരുന്നു അവനു തോന്നിയത്.
അവളുടെ ഫോർഡ് ഫിയെസ്റ്റയുടെ പിൻസീറ്റിൽ അവളെ പുണർന്ന് ഇരിക്കുമ്പോൾ മനസ്സ് ആകാശത്തിന്റെ അനന്തതയിൽ എവിടെയോ ആയിരുന്നു. മഹാനഗരത്തിന്റെ തിരക്കുകളിലൂടെ ഊളിയിട്ടു ഒഴുകിയ വണ്ടി എത്തിനിന്നത് നഗരത്തിരക്കുകളിൽ നിന്ന് മാറി ഒരു മഹാ സൗധത്തിന് മുന്നിലാണ്. പ്രശസ്തമായ ഒരു റിസോർട്ട്. ചിരപരിചിതയെ പോലെ അവൾ അവന്റെ കൈ പിടിച്ചു കയറി. ഒരു ശിശുവിനെ പോലെ അവനും.
****
ഇരുളും വെളിച്ചവും മാറി മാറി കടന്നു പോയി. സ്ത്രീയുടെ മാസ്മരികത കണ്ടും കൊണ്ടുമറിഞ്ഞ ദിനരാത്രങ്ങൾ. മാനായും മയിലായും നായായും നരിയായും പൂവായും പുഴയായും തിമിർത്താടിയ അവർ ഒടുവിൽ യാത്ര പറയാറായി. പിരിഞ്ഞു പോകുന്നതിനെ കുറിച്ച് അവനു ചിന്തിക്കാനേ ആയില്ല.
"നീ വിഷമിക്കേണ്ടാ.. നാം ഇനീം കാണില്ലേടാ.." കാതിൽ ചുണ്ട് ചേർത്ത് ഇക്കിളിയാക്കിക്കൊണ്ട് കാറ്റ് പോലെ അവൾ മന്ത്രിച്ചു.
കണ്ണീർ പൊഴിച്ചുകൊണ്ടാണ് അവൻ എല്ലാം പായ്ക്ക് ചെയ്തത്. ഒടുവിൽ ഇറങ്ങാൻ നേരം അവൾ അവനോടു ചേർന്ന് നിന്ന് ഒരു ചുംബനം ഏകിക്കൊണ്ട് അവളുടെ വലിയ മൊബൈൽ അവനു നീട്ടി.
"നീ എന്റെ ഓർമ്മയ്ക്ക്‌ ഇത് വച്ചോളൂ.... ഞാൻ ഉപയോഗിച്ചതല്ലേ.. ഇതിൽ എന്റെ മണമുണ്ട്.."
അത് വാങ്ങി ഷോൾഡർ ബാഗിലിടുമ്പോൾ അവന്റെ മനസ്സും കണ്ണും നിറഞ്ഞൊഴുകി.
****
നാട്ടിലെത്തി പിന്നെയും രണ്ടു ദിനങ്ങൾക്കു ശേഷമാണ് അവൻ ആ ഫോണ്‍ എടുത്തത്‌. ഫോണിൽ നിന്നും എല്ലാ ഡാറ്റയും  നീക്കം ചെയ്തിരുന്നു. അവൻ അവന്റെ സിം അതിലിട്ട് ആക്ടീവ് ചെയ്തു. പിന്നെ ഫോണിൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെന്നു പരതി. അപ്പോഴാണ്‌ കാർഡിൽ കണ്ട വാട്സ് ആപ്പ് മെസ്സേജുകൾ ശ്രദ്ധയിൽ പെട്ടത്. ആദ്യം പകച്ചുപോയ അവൻ വീണ്ടും വീണ്ടും അവ വായിച്ചു. എട്ടോ പത്തോ പേർക്ക് അയച്ച മെസ്സേജുകൾ... അവനോടു എന്തൊക്കെ സംസാരിച്ചിരുന്നോ അതേപോലെ അവരോടെല്ലാം സംസാരിച്ചിരിക്കുന്നു. അവനെ വിളിക്കുന്ന അതെ പദങ്ങൾ അവരെ വിളിക്കാനും.
അവൻ നാട്ടിലെത്തുന്നതിനു രണ്ടു ദിവസങ്ങൾകഴിയുന്ന ദിവസം ഒരാളെ അങ്ങോട്ട്‌ ക്ഷണിച്ചിരിക്കുന്നു.
കുറെ നേരത്തേക്ക് അവന്റെ ചിന്തകൾ നിശ്ചലമായി.
****
അടുത്ത ദിവസം ഫേസ് ബുക്കിൽ പടർന്ന പ്രധാന സന്ദേശം അവനുള്ള അനുശോചനങ്ങൾ ആയിരുന്നു. ഒരുപാട് സൗഹൃദങ്ങൾ പരിപാലിച്ചിരുന്ന അവനു കിട്ടിയ മരണാനന്തര ബഹുമതിയായി ആ സന്ദേശങ്ങൾ. അവയിലൊന്ന് അവളുടെതായിരുന്നു. കണ്ണീർ പടർത്തുന്ന ഒരു സന്ദേശം. മനോഹരമായ ഒരു പനിനീർപ്പൂവിന്റെ ചിത്രത്തിനൊപ്പം.  

വെറുതെയല്ലായിരുന്നു ആ വീക്ക്...!

ഇത്താമ്പള്ളി തോടിനു മുകളിലൂടെ അന്നൊരൊറ്റത്തടി പാലമാണുള്ളത്.. അരപ്പാവാട ഉടുത്ത ഒന്നുരണ്ടു പെണ്‍കുട്ടികളും പിന്നെ ഞങ്ങൾ ഇത്തിരിപ്പോന്ന നിക്കറും ബട്ടൻസിനു പകരം 'സെറ്റിപ്പിൻ' കുത്തിയ ഉടുപ്പുകളും ഇട്ടു രണ്ടുമൂന്നു ആണ്‍കുട്ടികളും. നിക്കറിനു പിന്നിൽ മുകളിൽ നിന്നും താഴേക്കു നെടുനീളത്തിൽ മറ്റൊരു നിറമുള്ള തുണി തുന്നിപ്പിടിപ്പിച്ച കാഴ്ച (ചന്തിയുടെ പിളർപ്പു പോലെ) ആരിലും അത്ഭുതങ്ങൾ ഉണ്ടാക്കിയില്ല. ഹുക്കുകളും ബട്ടൻസും ഇല്ലാത്ത അല്ലെങ്കിൽ അവ പറിഞ്ഞു പോയതിനാൽ മുണ്ടുടുക്കുന്നത് പോലെ മുൻപിൽ കുത്തിവച്ചവ ആയിരുന്നു നിക്കറുകൾ.
വിജനമായ വഴിയിലൂടെ അങ്ങനെ ആഘോഷമായി ഞങ്ങൾ പോയി.. മുള്ളിക്കുളങ്ങരയിലെ ചിത്തിരാ ടൂട്ടോറിയലിലേക്ക്. ഏതാണ്ട് രണ്ടു രണ്ടര കിലോമീറ്റർ ദൂരമാണ് അങ്ങോട്ടുള്ളത്. പോകും വഴി ഉള്ള മാങ്ങയും പുളിയുമൊക്കെ ഞങ്ങൾ എറിഞ്ഞിടും. കല്ലെറിഞ്ഞു കിട്ടുന്ന പുളിയും മാങ്ങയുമൊക്കെ പെറുക്കിക്കൂട്ടുന്നതു പെണ്‍കുട്ടികളാണ്. വരിക്കോലിൽ എന്ന പ്രശസ്ത കുടുംബം വക വലിയ പുളിമരത്തിലും ഞങ്ങൾ കല്ലെറിയും. ചിലപ്പോൾ വരിക്കോലിൽ ഏമാന്റെ പുളിച്ച തെറിയും ഞങ്ങൾ കേൾക്കും. അദ്ദേഹം പുറത്തിറങ്ങുന്നോ എന്ന് നോക്കി സിഗ്നൽ തരുന്നത് പെണ്‍കുട്ടികളാണ്.
ഒരിക്കൽ ഞാനും ഹരിയും ബിന്ദുവും മാത്രം ചിത്തിരയിൽ നിന്നും തിരികെ വരികയാണ്. വഴിയിൽ കാത്തുനിന്ന ഒരാൾ അന്ന് ബിന്ദുവിനെ തടയുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാനും ഹരിയും അയാളെ ചീനിക്കമ്പും കടലാവണക്ക് പത്തലും കല്ലും കൊണ്ട് നേരിട്ടു. ഞങ്ങൾ അയാളുടെ മുൻപിൽ വെറും കുട്ടികളായിരുന്നെങ്കിലും അവൾ ഓടി ദൂരെയെത്തും വരെ പിടിച്ചു നിൽക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഒടുവിൽ അവന്റെ കൈക്കരുത്തിൽ ഞങ്ങൾ അടിയറവു പറഞ്ഞതും അലറിക്കൂവി കരഞ്ഞതും വരിക്കോലിൽ ഏമാൻ ഓടിവന്നതും അയാൾ ഞങ്ങളെ വിട്ടിട്ടു സൈക്കിളിൽ പാഞ്ഞതും ഒരു കഥയായി അവശേഷിക്കുന്നു. കളികൾക്കിടയിലും വഴക്കുകൾക്കിടയിലും ധാരാളം മുറിവുപറ്റി വീട്ടിൽ വരുന്ന ശീലമുണ്ടായിരുന്നതിനാൽ അന്നുണ്ടായ മുറിവുകൾക്കും ഉടുപ്പ് പറിഞ്ഞതിനുമൊക്കെയുള്ള വീക്ക് പപ്പായുടെ കയ്യിൽ നിന്നും കിട്ടിയതല്ലാതെ ഒന്നും ആരോടും പറഞ്ഞില്ല.  
പിന്നീട് കാലങ്ങളോളം ഞങ്ങൾ ബിന്ദുവിനെ കണ്ടില്ല. ചിത്തിരയിലെ പഠനം അതോടെ അവൾ നിർത്തിയിരുന്നു. (പിന്നീടൊരിക്കൽ അവളെ കണ്ട ഞാൻ ഒരു വീര നായക പരിവേഷം കിട്ടുമെന്നു പ്രതീക്ഷിച്ചു അവളുടെയടുത്തു ചെന്നപ്പോൾ 'ഹും നീയൊക്കെ കാരണമാ അവൻ എന്നെ പിടിക്കാൻ വന്നത്' എന്ന് അവൾ പറഞ്ഞതിന്റെ പൊരുൾ ഇന്നും എനിക്കറിയില്ല.) ഇന്നവൾ രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയാണ്.
ഈ കഥകളൊക്കെ ഓർത്തത്‌ കഴിഞ്ഞ ദിവസം നാട്ടിൽ പോയപ്പോൾ ആ വഴി കാറിൽ യാത്ര ചെയ്തപ്പോഴാണ്. ഇന്ന് ഇത്താമ്പള്ളി തോടിനു മുകളിൽ ഒറ്റത്തടി പാലത്തിനു പകരം നല്ല കോണ്‍ക്രീറ്റ് പാലം ഉണ്ട്. വഴികൾക്കിരു പുറവും വലിയ വലിയ കെട്ടിടങ്ങളും. ഇത്ര ദൂരം നടക്കേണ്ടി വരുന്ന കുട്ടികളും ഇന്നില്ല. അഥവാ ഉണ്ടായാലും കൂടെയുള്ള ഒരു കുട്ടിക്ക് വേണ്ടി തല്ലു മേടിച്ചുകെട്ടുന്ന ആണ്‍കുട്ടികൾ ഉണ്ടാവാനിടയില്ല. അന്നത്തെ കൂട്ടായ്മ ബോധവും ആത്മാർഥതയും ഉണ്ടോ എന്നറിയില്ല. ഒരു പക്ഷെ എവിടെയെങ്കിലുമൊക്കെ ഉണ്ടാവാം.. ഉണ്ടാകട്ടെ.. സ്നേഹവും സാഹോദര്യവും ഉള്ള ഒരു നല്ല തലമുറ ഉണ്ടാവട്ടെ എന്ന് ആത്മാർഥമായും ആഗ്രഹിച്ചുപോകുന്നു. ഒരു പെണ്‍കുട്ടി പോലും പീഡിപ്പിക്കപ്പെടാതിരിക്കാൻ നട്ടെല്ലുള്ള ആണ്‍കുട്ടികളുടെ.. സഹോദരന്മാരുടെ സാന്നിധ്യം മാത്രം മതി.

Friday, May 2, 2014

പ്രേമലേഖനം.

പ്രീ ഡിഗ്രീ കാലം. പെരിങ്ങോലിലെ അമ്മാവന്റെ കടയും ശിവന്റെ സൂപ്പർ റ്റെയ് ലേഴ്സും അന്നു ഞങ്ങളുടെ സ്ഥിരം താവളങ്ങളായിരുന്നു. അമ്മാവന്റെ കടയിൽ പോയി മുറുക്കി, പിന്നീട് സൂപ്പറിൽ പോയിരുന്നു അൽപ്പം തമാശകളും വളിപ്പുമോക്കെയായി സന്ധ്യ വരെ കഴിക്കും. ഇക്കാലത്ത് സാഹിത്യാഭിരുചി ഉള്ള ഒരാൾ എന്ന നിലയിൽ (?) പ്രണയലേഖനങ്ങളുടെ ഉസ്താദായിരുന്നു ചിലർക്കെങ്കിലും ഞാൻ.
ഒരിക്കൽ ശിവന്റെ അഭ്യർത്ഥന പ്രകാരം ഒരാൾക്ക്‌ ഞാൻ ശിവൻ ആയി കത്തുകൾ എഴുതുമായിരുന്നു. കത്തിന്റെ അടിയിൽ പ്രേമപൂർവ്വം ശിവൻഎന്നെഴുതി ഒപ്പിട്ടു കൊടുക്കും. ഒന്ന് രണ്ടു ദിവസങ്ങള് കഴിയുമ്പോൾ മറുപടിയുമായി ശിവൻ എന്നെ സമീപിക്കും. അത് വായിച്ചു ഞാൻ വീണ്ടും എഴുതണം. ചില്ലറ കൈക്കൂലികൾക്കായി (മുറുക്കാൻ, നാരങ്ങാവെള്ളം ഇത്യാദി..) ഞാൻ വീണ്ടും വീണ്ടും എഴുതി.
ഇതേ കാലയളവിലാണ് കാക്ക എന്ന രെഞ്ചിത്തും ഒരു പ്രണയലേഖനത്തിനായി എന്നെ സമീപിക്കുന്നത്. പേര് പോലും അറിയാത്ത ഒരു പെണ്‍കുട്ടി. കത്തിലൂടെ അവളെ വശത്താക്കാൻ സഹായിക്കണം എന്നതാണ് കാക്കയുടെ ആവശ്യം. ഞാൻ ഉത്സാഹത്തോടെ എഴുതി..! കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാക്ക വീണ്ടും എത്തി. "എടാ അവൾ വീണു. ആരാ കത്തെഴുതിയതെന്നു ചോദിച്ചു. നിർബന്ദ്ധിച്ചപ്പോൾ ഞാൻ പറഞ്ഞു നീയാണെന്ന്. സാരമില്ല നിന്നെ അവൾക്കു അറിയില്ലല്ലോ..!"
"എന്താ അവളുടെ പേര്..?" ഞാൻ ചോദിച്ചു.
"പേര് കനക. നീ ഒരെണ്ണം കൂടെ എഴുതി താടാ.. ഞാൻ പറഞ്ഞു തന്നു എഴുതിയതാന്നാ അവളോട്‌ പറഞ്ഞത്. എന്റെ കയ്യക്ഷരം കൊള്ളില്ലാന്നു അവളോട്‌ പറഞ്ഞു." കാക്ക പറഞ്ഞു.
എന്തായാലും ഞാൻ വീണ്ടും എഴുതി. പല തവണ.
ഒരു ദിവസം അമ്മാവന്റെ കടയിൽ മുറുക്കിക്കൊണ്ടിരുന്നപ്പോൾ തൊട്ടടുത്ത വീടായ അംബൂരേത്തു വീടിന്റെ മതിലിനുള്ളിൽ നിന്നും ഒരു ശൂ ശൂ... ഞാൻ നോക്കിയപ്പോൾ കാണാൻ നല്ല ഭംഗിയുള്ള ഒരു മുഖം.
"എന്താ..?" ഞാൻ ഗൌരവത്തോടെ ചോദിച്ചു.
"ഇയ്യാളല്ലേ പ്രദീപ്‌ ?" കിളിമൊഴി.
"അതെ ഞാനാ.. എന്ത് വേണം..?" വീണ്ടും ഗൌരവം.
"ഈ കത്തെഴുത്ത് സ്ഥിരം പണിയാണോ..?" അവളുടെ മുനയുള്ള ചോദ്യം.
"എന്താ...." പരിഭ്രമം കാണിക്കാതെ ഞാൻ വീണ്ടും ഗൌരവക്കാരനായി.
"അല്ല ശിവനും രെഞ്ചിത്തും എനിക്ക് കത്ത് തരാറുണ്ട്. രണ്ടും ഒരാളാ എഴുതിയതെന്നു മനസ്സിലായി. പിന്നെയാ രെഞ്ചിത്തു പറഞ്ഞത് ഇയ്യാളാ കത്തെഴുതുന്നതെന്നു." നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു.
പതറിപ്പോയ ഞാൻ തുപ്പാൻ പോലും മറന്നു നിന്നപ്പോഴാണ് അവളുടെ അടുത്ത വെടി.
"എന്നാപ്പിന്നെ ഇയ്യാൾക്ക് നേരെ ഒരെണ്ണം തന്നുകൂടാരുന്നോ..?!"
ചാണകത്തിൽ ചവിട്ടിയ ഒരു മുഖവും ചിരിയുമായി ഞാൻ പെടാപ്പാട് പെട്ടത് ഇന്നും മനസ്സില് തെളിയുന്നു.  

മിഴികൾ പറഞ്ഞത്

ആലുവയിൽ നിന്നും ഏറണാകുളത്തേക്കുള്ള ലോഫ്ലോർ എ.സീ ബസിന്റെ കുളിരിൽ വഴിയോരക്കാഴ്ച്ചകളിൽ കണ്ണുനട്ട്‌ ഇരിക്കുമ്പോഴാണ് വലതുവശത്തെ സീറ്റിൽ ഇരിക്കുന്ന യുവതിയുടെ കലപിലശബ്ദം അയാളുടെ ശ്രദ്ധയെ ആകർഷിച്ചത്. നിർത്താതെയുള്ള സംസാരവും ചിരിയും കൌതുകമുണർത്തി. സുന്ദരിയായ ആ യുവതി കൂട്ടുകാരിയോട് സംസാരിച്ചുകൊണ്ടെയിരിക്കുകയാണ്. നിസ്സാരമായ പല വിഷയങ്ങളുമാണ് ഇതിവൃത്തം.
ഇടയ്ക്കെപ്പോഴോ അയാളുടെ മുഖത്തേക്ക് അവൾ നോക്കി. തന്നെത്തന്നെ ശ്രദ്ധിക്കുന്ന ആളെ കണ്ടില്ലെങ്കിൽ പോലും തിരിച്ചറിയുന്ന സ്വാഭാവികമായ പെണ്‍ബോധം ആവാം. അവളുടെ നോട്ടം തന്റെ മേൽ പാറിവീണപ്പോൾ പെട്ടെന്ന് മുഖം തിരിക്കാൻ ഒരുങ്ങിയതാണ്. എന്നാൽ കഴിഞ്ഞില്ല.. ആ കണ്ണുകൾ.. ആ കണ്ണുകൾ.. മുഖം തിരിക്കാനായില്ല.
ആ കണ്ണുകൾ പൊടുന്നനെ ഒരു പത്തുപന്ത്രണ്ടു കൊല്ലങ്ങൾക്ക് പിന്നിലേക്ക്‌ അയാളെ കൊണ്ടുപോയി.. അല്ലെങ്കിൽ ആ കണ്ണുകൾക്കുള്ളിലൂടെ ചില കാഴ്ചകൾ കാണുകയായിരുന്നു.
അന്ന് ഒരു തെയിലക്കമ്പനിയിൽ ജോലി ചെയ്യുകയാണ്. വെല്ലിംഗ്റ്റണ്‍ ദ്വീപിലുള്ള കമ്പനി ഗോഡവുണിലേക്ക് വന്നിട്ട് തിരികെ പോവുകയാണ്. സുഹൃത്തുക്കൾക്കൊപ്പം രണ്ടു ബിയർ കഴിച്ചിരുന്നതിനാലാവാം നല്ല മൂത്രശങ്ക തോന്നി. ദീർഘദൂരം വിജനമായ റോഡ്‌ ആണ്. കുറെ മരങ്ങളും കാട്ടുചെടികളും വളർന്നുനില്ക്കുന്ന വഴിയരികിൽ കാർ ഒതുക്കി ഒരു മരത്തിനു പിന്നിൽ പോയി കാര്യം സാധിച്ചു. വണ്ടിയിൽ സ്ഥിരം സൂക്ഷിച്ചിട്ടുള്ള മുറുക്കാൻ പാത്രം എടുത്തു വണ്ടിയുടെ മുകളിൽ വച്ചു. ഒന്ന് വിശദമായി മുറുക്കിയിട്ട് പോകാം. നാട്ടിൽ മാവേലിക്കരയിലെ ഷേണായിയുടെ അരിഞ്ഞു കൂട്ടിയ പുകയില അൽപ്പം കൂടെ അവശേഷിക്കുന്നുണ്ട്. നന്നായി ഒന്ന് ചവച്ചു.. അതിന്റെ ഒരു നിറവിൽ പിൻവാതിൽ തുറന്നു മുറുക്കാൻ പാത്രം വച്ചു തിരിയുമ്പോൾ ഒരു വണ്ടിയുടെ ബ്രേക്കിടൽ ശബ്ദം. ഒപ്പം ഒരു നിലവിളിയും. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ഏതാനും മീറ്ററുകൾക്കപ്പുറം ഒരു പുതിയ സ്കോർപിയോ  അതിനു മുൻപിൽ വലതുവശത്തായി വീണു കിടക്കുന്ന ഒരു പെണ്‍കുട്ടി.
കാറു തുറന്നു സമ്പന്നത വിളിച്ചോതുന്ന ഭാവഹാവാദികളോടെ പുറത്തിറങ്ങിയ മധ്യവയസ്കൻ വീണുകിടക്കുന്ന കുട്ടിയെ പൊരിഞ്ഞ തെറി.
"എവിടെ നോക്കിയാടീ നടക്കുന്നെ.. ഇപ്പൊ തീർന്നേനേല്ലോ.. "
പാവം കുട്ടി വിറച്ചും മുക്കിയും എണീൽക്കാൻ തുടങ്ങുന്നു.. മുഷിഞ്ഞ വേഷവും കറുത്തിരുണ്ട രൂപവും. ഭിക്ഷ തേടുന്ന കൂട്ടത്തിലാണ് എന്ന് തോന്നി. എണീറ്റ്‌ വരുന്ന കുട്ടിയെ അയാൾ അടിക്കാൻ കയ്യോങ്ങുന്നത് കൂടെ കണ്ടപ്പോൾ ഉള്ളിൽ മായാതെ കിടന്ന വിപ്ലവക്കനലുകളും ഉള്ളിലാക്കിയ തീയും പെട്ടെന്നു പ്രവർത്തിച്ചു.
മാന്യവേഷധാരി ഏതാനും നിമിഷങ്ങൾക്കുള്ളിൽ റോഡരികിൽ കിടന്നു പുളഞ്ഞു.. വിളിച്ചുകൂവി.. അപ്പോഴാണ്‌ അയാളുടെ വണ്ടി തുറന്നു ഒരു പെണ്‍കുട്ടി ഇറങ്ങിവന്നത്.
"ഒന്നും ചെയ്യല്ലേ..ഡാഡിയെ ഒന്നും ചെയ്യല്ലേ .." കരച്ചിൽ കേട്ട് നോക്കിയപ്പോൾ വല്ലാതായി. അതൊരു അന്ധയായ കുട്ടിയായിരുന്നു. എന്നാൽ ആ കണ്ണുകൾക്ക്‌ വണ്ടിയിടിച്ച പെണ്‍കുട്ടിയുടെ കണ്ണുകളുമായി അസാധാരണ സാമ്യം ഉണ്ടായിരുന്നത് പ്രക്ഷുബ്ധാവസ്ഥയിലും അയാളുടെ മനസ്സിലുടക്കി.
പിന്നെ അയാൾതന്നെ വീണുകിടന്ന ആ മനുഷ്യനെ പിടിച്ചെണീൽപ്പിച്ചു. പല്ലിറുമ്മിക്കൊണ്ട് ആ മനുഷ്യൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
"കേറെടീ...." മകളോട് അലറി.. ആ പാവവും വണ്ടിയിൽ കയറി.
"നിന്നെ ഞാൻ എടുത്തോളാമെടാ..." വണ്ടി മുന്നോട്ടു എടുക്കുന്നതിനിടയിൽ അയാൾ വിളിച്ചു പറഞ്ഞു.
സത്യത്തിൽ അപ്പോൾ സഹതാപമാണ് തോന്നിയത്.
പിന്നെ ഭയന്നു നിന്ന പാവം പെണ്‍കുട്ടിയോട് എവിടെയാണ് പോകേണ്ടത് എന്താണ് കാര്യം എന്ന് ചോദിച്ചു. കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരു വൃദ്ധൻ അവളെ തേടിയെത്തി. കുറെയേറെ നേരം അന്ന് അവരോടൊത്തു ചിലവിട്ടു. രക്താർബുദം ബാധിച്ചു മരണത്തിന്റെ വാതിലിൽ എത്തി നില്ക്കുന്ന അവസ്ഥയിലാണ് ആ പാവം കുട്ടി എന്ന് വൃദ്ധൻ പറഞ്ഞു. അന്ന് ആ കുട്ടിയുടെ കണ്ണുകൾ...പൂച്ചക്കണ്ണ് എന്ന് പറയാനാവില്ല. എന്നാലും അതിനോട് സാമ്യമുള്ള എന്നാൽ എടുത്തു പറയാൻ കഴിയാത്ത പ്രത്യേകതയുള്ള കണ്ണുകൾ. അന്ധയായ ആ കുട്ടിയിലും അതെ പ്രത്യേകതകൾ ഉള്ള കണ്ണുകൾ ആയിരുന്നു. പിന്നീട് അവരെ കുറിച്ച് ഒന്നും അറിഞ്ഞില്ല. പക്ഷെ മനസ്സിൽ ഏറെ കാലങ്ങൾ ആ കണ്ണുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ അതേ കണ്ണുകൾ.. അതേ കണ്ണുകൾ..
"എന്താ സർ ഇങ്ങനെ നോക്കുന്നത്..? അറിയുമോ എന്നെ..?"
ആ പെണ്‍കുട്ടിയുടെ ചോദ്യമാണ് അയാളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.
"ഇല്ല.... എ..എനിക്ക്.. ഈ.. ഈ.. കണ്ണ്..കണ്ണുകൾ നല്ല പരിചയം... " പെട്ടെന്നു വിക്കിപ്പോയി.
"കുട്ടിക്ക് തൃപ്പൂണിത്തറയ്ക്കടുത്തു ബന്ധങ്ങൾ വല്ലതുമുണ്ടോ..?" അയാൾ ചോദിച്ചു.
പെട്ടെന്ന് ആ കുട്ടി സ്വന്തം സീറ്റിൽ നിന്നും എണീറ്റ്‌ അയാളുടെ സീറ്റിൽ അയാൾക്കൊപ്പം വന്നിരുന്നു.
"എനിക്ക് കാഴ്ചയില്ലായിരുന്നു. സർ ഉദ്ദേശിച്ച കണ്ണുകൾ ചിലപ്പോൾ എന്റേത് തന്നെയായിരിക്കും. അവിടെയുണ്ടായിരുന്നു ഒരു കുട്ടി ബ്ലഡ് ക്യാൻസർ വന്നു മരിച്ചു. ഈ കണ്ണുകൾ ആ കുട്ടിയുടെതാണ്." ഇപ്പോൾ ആ ശബ്ദം ഒരുപാട് നേർത്തിരുന്നു.
"എന്താ മോളുടെ പേര്..?" അയാൾ ചോദിച്ചു.
"ഡാർളി....." അവൾ പതിയെ പറഞ്ഞു. ആ കണ്ണുകളിൽ നീർ പൊടിയുന്നോ എന്ന് തോന്നിയിട്ടാവണം അയാൾ പിന്നീട് ഒന്നും ചോദിച്ചില്ല. പക്ഷെ അന്ന് ആ സമ്പന്നനായ മധ്യവയസ്കന്റെ കാറിൽ നിന്നും ഇറങ്ങി വന്ന മകൾക്ക് ഈ കുട്ടിയുടെ ഛായ ഇപ്പോൾ അയാൾക്കു വ്യക്തമായിത്തുടങ്ങിയിരുന്നു.
ആ യാത്രയിൽ അവൾ പിന്നീടൊന്നും സംസാരിച്ചില്ല. കലൂരെത്തിയപ്പോൾ അയാൾ അവളോട്‌ യാത്ര പറഞ്ഞിറങ്ങി. ഇറങ്ങുമ്പോൾ അയാൾ കണ്ടു.. ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തന്റെ മനസ്സിലും ഒരു വിങ്ങൽ അയാൾ തിരിച്ചറിഞ്ഞു.. എന്തിനെന്നറിയാതെ ഒരു വിങ്ങൽ. 

ശശിധരൻ എന്ന സ്നേഹിതൻ


1993-ൽ കവി ജോസാന്റണിയാണ് വർക്കല നാരായണ ഗുരുകുലത്തിലേക്ക് എന്നെ നിർബന്ധിച്ച് അയച്ചത്. എല്ലാ ഡിസംബറിലും അവിടെ അന്തർദേശീയ സെമിനാറുകൾ നടക്കാറുണ്ടായിരുന്നു. ഗുരു നിത്യചൈതന്യ യതിയാണ് അവിടത്തെ പ്രധാന ആകർഷണം. ഗുരുവിന്റെ നിരവധി പുസ്തകങ്ങൾ വായിച്ചു അദ്ദേഹത്തോട് ഒരു ആരാധന രൂപപ്പെട്ട കാലവുമായിരുന്നു അത്.
ഗുരുകുലത്തിലെത്തിയപ്പോൾ ആദ്യമായി പരിചയപ്പെട്ടത്‌ എന്നെ പോലെ മുൻ പരിചയമില്ലാതെ അവിടെ എത്തിയ, പാലക്കാടിനടുത്ത് ആലക്കോട്ടുള്ള ജയിംസ്, കോട്ടയത്ത്‌ നാട്ടകത്തുള്ള ശശിധരൻ എന്നിവരെയാണ്.
ശശിധരൻ ഇപ്പോഴും എന്റെ മനസ്സിൽ അത്ഭുതം ജനിപ്പിക്കുന്ന ഒരു വ്യക്തിത്വമാണ്. ഏതാണ്ടൊരു നക്സൽ ചിതാഗതി ഉള്ള ആൾ. ആളിന്റെ തൊഴിൽ പ്രസ്സുമായി ബന്ധപ്പെട്ട ബുക്ക്‌ ബയന്റിങ്ങും മറ്റുമായിരുന്നു. നിരന്തരം യാത്രകൾ ചെയ്യുന്ന ഒരാൾ. അന്ന് ഒരു പത്തിരുപത്തിയാരു വയസ്സുണ്ടായിരുന്ന ശശി കൈയ്യിൽ പണം ഉണ്ടോ ഇല്ലയോ എന്ന് യാതൊരു പ്രശ്നങ്ങളും ബാധിക്കാത്ത ഒരാളായിരുന്നു. കാണുന്ന വണ്ടിയിൽ കയറി യാത്ര ചെയ്യുക. എത്തുന്ന സ്ഥലത്ത് എവിടെയെങ്കിലും പ്രസ് ഉണ്ടോ എന്ന് കണ്ടുപിടിച്ചു അവിടെ ജോലി ചെയ്യുക. കുറെ കാലം കഴിഞ്ഞു അവിടം മടുക്കുമ്പോൾ വീണ്ടും അടുത്ത സ്ഥലം തേടുക. ഇതായിരുന്നു ആളുടെ രീതി.
കത്തുകൾ വഴി ആത്മബന്ധം വളർന്നപ്പോൾ ഞാൻ ഒരിക്കൽ നാട്ടകത്ത് പോയി അദ്ദേഹത്തെ കണ്ടിരുന്നു.
കൈയിൽ ഉള്ള നയാപൈസ വരെ സഹായം ആവശ്യമുള്ള ആരു ചോദിച്ചാലും നല്കും. സ്വന്തം വിശപ്പോ ദാഹമോ ഒന്നും ഒരു പ്രശ്നമല്ലാത്ത വ്യക്തി. ആവശ്യത്തിൽ കൂടുതൽ പണം സ്വന്തമായി വേണ്ട എന്ന് പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്.
ശശിധരന്റെ വിവാഹവും അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവത്തിന് പൂരകമായിരുന്നു. വിവാഹം എന്ന് പറയാനാവില്ല. ഒന്നിച്ചു ജീവിക്കുക എന്ന ആശയം. പത്നി..(അങ്ങനെയാണോ അതോ കൂട്ടുകാരി എന്നാണോ വിളിക്കേണ്ടത്..? അറിയില്ല) ഒരു തയ്യല്ക്കാരി ആയിരുന്നു. അവരും കമ്മ്യൂണിസ്റ്റ് ആശയത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു എന്നതാണ് ശശിധരൻ അവരിൽ കണ്ട ഗുണം. ഒരു പ്രണയമൊന്നുമായിരുന്നില്ല അവരെ അടുപ്പിച്ചത്. ആശയങ്ങൾ സമാനമായിരുന്നു എന്നതാണ് അവരെ ഒന്നിപ്പിച്ചത്. പത്നിക്കു  ജീവിതത്തിൽ അവരുടെതായ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.., ശശിധരന് അദ്ദേഹത്തിന്റെയും. ഒടുവിൽ സംസാരിച്ച കാലത്ത് അങ്ങനെയാണ് പറഞ്ഞിരുന്നത്.
പല നിറങ്ങളുള്ള പേപ്പറുകൾ ചേർത്ത് തുന്നിയ ഒരു വലിയ നോട്ടുബുക്കും അന്നത്തെ എന്റെ വിലാസം അടിച്ച ഒരു ലെറ്റർപാഡും ഒരിക്കൽ എനിക്ക് സമ്മാനിച്ചത്‌ ഇപ്പോഴും എന്റെ തകരപ്പെട്ടിയിൽ ഉണ്ട്. കാലത്തിന്റെ ഒഴുക്കിൽ എവിടെയോ ഞങ്ങളുടെ എഴുത്തുകുത്തുകൾ അവസാനിച്ചു. ഇപ്പോൾ എവിടെയെന്നറിയില്ല. കെ എൻ ശശിധരൻ എന്ന ആ സുഹൃത്തിനു ഓണ്‍ലൈൻ ബന്ധങ്ങൾ ഉണ്ടോ എന്നും അറിയില്ല. അന്നത്തെ സ്വഭാവം വച്ച് നോക്കിയാൽ ഉണ്ടാകാൻ ഇടയില്ല.
മനുഷ്യത്വം, സഹജീവി സ്നേഹം, ഉറച്ച ബോധ്യങ്ങൾ പിന്നെ കടുത്ത കമ്മ്യൂണിസ്റ്റ് ചിന്തയും ജീവിതവും... എന്റെ ഓർമ്മയിലെ ശശിധരൻ ഇതാണ്. എന്റെ മനസ്സിൽ ഇപ്പോഴും ഇടയ്ക്കിടെ മിന്നിമായും ആ രൂപം.

എന്റെ ധീരത

ആദ്യമായി ഞാൻ ഹൈറേഞ്ച് കയറുന്നത് 1993-ൽ ആണ്. എബി അച്ചൻ COMHOM എന്ന ഒരു സ്ഥാപനം തുടങ്ങുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് ഞാൻ പോകുന്നത്. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ പുനരധിവസിപ്പിക്കാനായി വാഗമണ്‍ എന്ന മനോഹരമായ സ്ഥലത്താണ് ഈ സ്ഥാപനം തുടങ്ങുന്നത്. തുടക്കത്തിൽ ഒരു ആറ് ഏക്കർ സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒരു മലയുടെ ചരിവ്. താമസിക്കാൻ ഒരു ഒറ്റമുറി. കട്ട കെട്ടി മുകളിൽ 'റ' ആകൃതിയിൽ വളച്ചു വാർത്ത ഒരു മുറി മാത്രം.
ഞാൻ, പുന്നപ്രക്കാരൻ ഷാജി, എബിയച്ചന്റെ അനുജൻ എജി എന്നിവർ അവിടെ സ്ഥിരം ഉള്ളവർ. ഇതിന്റെ ആസൂത്രകർ എബിയച്ചൻ, എന്റെ ജ്യേസ്ടൻ പ്രകാശ് (അന്നദ്ദേഹം AVT പശുപ്പാര എസ്റ്റെറ്റിൽ ടീ മേക്കർ ആണ്.) കവി ജോസാന്റണി, ജോർജ്ജു വർഗ്ഗീസ് എന്നിവർ വന്നുപോകും.
ഇന്നത്തേതു പോലെ അന്ന് ടൂറിസം ഒന്നും അവിടെ വന്നിട്ടില്ല. വിജനമായ സ്ഥലം. വാഗമണ്‍ സിറ്റി വളരെ കുറച്ചു കടകൾ മാത്രം ഉള്ള ഒന്നായിരുന്നു. കൂടാതെ മാടുകളുടെ വിഹാരവും. പലപ്പോഴും ദിവസങ്ങളോളം ഞാനും ഷാജിയും മാത്രമാണുണ്ടാകുക. ഷാജി നാട്ടിൽ പോയാൽ പിന്നെ ഞാൻ മാത്രമാവും. ഷാജി ഒരുമാതിരി നന്നായി പാചകം ചെയ്തിരുന്നതിനാൽ ഷാജിയുള്ളപ്പോൾ നല്ല ഭക്ഷണം കഴിക്കാം. അല്ലാത്തപ്പോൾ അരിയും പയരുമൊക്കെ ഇട്ടു ഒരു വെപ്പങ്ങു വയ്ക്കും. മൂന്നു നേരവും ഇത് തന്നെ കഴിക്കും.
അന്ന് അവിടെ പണിക്കു വന്നിരുന്ന സമുദ്രം, പൂയൻ എന്നിവരുമായി ഞാൻ നല്ല ചങ്ങാത്തം ആയിരുന്നു. അവരോടൊപ്പം രാവിലെ മുതൽ വൈകുന്നേരം വരെ ഞാനും തേയിലയ്ക്ക് മരുന്നടിക്കാനും വളമിടാനും ഒക്കെ കൂടെ നില്ക്കും.
ഒറ്റയ്ക്കാകുമ്പോൾ ആകെ ഭീകരമായ അന്തരീക്ഷമാണ്. സന്ധ്യ മയങ്ങിയാൽ ആരെയും കാണാനില്ല. ചീവീടുകളുടെ കൂട്ടക്കരച്ചിൽ മാത്രം കേട്ട് അങ്ങനെ ഇരിക്കാം. വായന നന്നായി നടന്ന ഒരു കാലമാണ് അത്.
കക്കൂസ് എന്ന സംഭവം അന്ന് അവിടെ ഇല്ല. കാടാണല്ലോ ചുറ്റും. പിന്നെ രാത്രികളിൽ തോന്നിയാലാണ് പ്രശ്നം. താമസിക്കുന്ന കെട്ടിടത്തിനു ചേർന്നുള്ള റോഡിൽ ഒരു കലുങ്ക് ഉണ്ട്. രാത്രികളിൽ ആ സൗകര്യം ഉപയോഗിക്കും.
ഷാജിയും നാട്ടിലായിരുന്ന ഒരു ദിവസം. പണിക്കു വന്ന സമുദ്രം ആണ് പറയുന്നത് ഈ കലുങ്കിനു കീഴിൽ ഞങ്ങൾ അവിടെ എത്തുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപ് രണ്ടുപേരെ കൊന്നു കൊണ്ട് വച്ചിട്ടുണ്ടായിരുന്നു എന്ന്. "ഏയ്‌ രാവും പകലും ഒരേപോലെ എവിടെയും നടന്നു പോയിട്ടുള്ള..., തികഞ്ഞ യുക്തിവാദിയായ ഞാൻ പേടിക്കാനോ...?" (കോവൂരിന്റെ ഡയറിയൊക്കെ സ്കൂൾ ക്ലാസുകളിൽ വച്ച് തന്നെ ഹൃദിസ്ഥമാക്കിയതാണ്. ഇടമറുകൊക്കെ ആരാധനാപാത്രങ്ങളിൽ പെടും.) എന്ന് മനസ്സിൽ ഉറപ്പിച്ചു ധീരനായി ഞാൻ ആ വിഷയം വിട്ടു.
എന്റെ പാചകത്തിലെ മെച്ചമോ എന്നറിയില്ല അന്നു രാത്രി ഗതികേടിനു എനിക്ക് ഒരു അന്ത;പ്രക്ഷോഭം . സമുദ്രത്തിന്റെ കഥ ഒന്ന് മനസ്സിൽ മിന്നി. പക്ഷെ ധീരനായ എനിക്കറിയാമല്ലോ ഈ ഭൂതവും പ്രേതവും ഒന്നുമില്ലെന്ന്. ഞാൻ പതിവുപോലെ കലുങ്കിലേക്കു പോയി. സ്വസ്ഥമായി അങ്ങനെയിരിക്കുമ്പോൾ ഒരു തോന്നൽ 'ഇതിനടിയിലാണല്ലോ രണ്ടുപേരെ കൊന്നു കൊണ്ട് വച്ചത്'. ഞാൻ പതിയെ താഴേക്കു നോക്കി. മനസ്സിലേക്ക് ധൈര്യത്തെ ആവാഹിക്കാൻ ശ്രമിച്ചു. ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. കുറ്റാക്കുറ്റിരുട്ട്. പൊടുന്നനെ കലുങ്കിനടിയിൽ നിന്നുതന്നെ ഒരു ചീവീടിന്റെ അലർച്ച. പിന്നൊന്നും നോക്കിയില്ല ഒറ്റയോട്ടം. ശ്വാസം വിട്ടത് കെട്ടിടത്തിന്റെ മുറ്റത്ത്‌ എത്തിയ ശേഷമാണ്. കുറച്ചു നേരത്തേക്ക് കലുങ്കിന്റെ ഭാഗത്തേക്ക് നോക്കാനേ പോയില്ല. കൈയും കാലുമൊക്കെ ഒരു വിറയൽ. ഏതായാലും കെട്ടിടത്തിനകത്ത് തന്നെ കക്കൂസ് വേണമെന്ന പാഠം അതോടെ പഠിച്ചു.

ദൈവങ്ങൾ

"നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ..?"
"ഞാൻ കണ്ടിട്ടുണ്ട്. പല തവണ. ഒരിക്കൽ കണ്ടത് ഇങ്ങനെ...."

ഞാൻ തിരുവനന്തപുരത്ത് വരുന്നത് 2006 ഫെബ്രുവരി 2-നാണ്. കമ്പ്യൂടെക് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിലേക്ക്. അന്ന് ജീവിതം എങ്ങനെ മുൻപോട്ടു കൊണ്ടുപോകും എന്ന അമ്പരപ്പിൽ ആയിരുന്നു. അക്ഷരങ്ങളുടെ ലോകത്ത് നിന്നും വിട്ടുമാറിയ കുറെ വർഷങ്ങൾക്കു ശേഷം നിത്യവൃത്തിക്കു മറ്റു മാർഗ്ഗം ഒന്നും മുൻപിൽ ഇല്ലാതിരുന്നപ്പോൾ വീണ്ടും പേനയെടുത്തതാണ്.
എന്നാൽ കമ്പ്യൂടെക്ക് എന്നെ അന്നു വിളിച്ചത് എഴുതാൻ മാത്രം ആയിരുന്നില്ല. അവർ ഒരു യാഗം നടത്തുന്നു തിരുവനന്തപുരത്ത്. 2006 ഡിസംബറിൽ ആണ് യാഗം. അതിന്റെ കോഡിനേറ്റർ ആയാണ് നിയമനം. ഞാൻ മുൻപ് ആധ്യാത്മിക വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങളും ഒക്കെ വിലയിരുത്തി നിയമിച്ചതാണ്.
യാഗം തീർന്നതോടെ കമ്പ്യൂടെക്കിന്റെ നല്ല കാലവും തീർന്നു. ഞാൻ സ്വാഭാവികമായും ജോലി നഷ്ടപ്പെട്ടവനായി. അന്ന് സുഹൃത്തായ അനിൽ എന്റെ നിവൃത്തികേടു കണ്ട് പേയാട്ടുള്ള തന്റെ പാരലൽ കോളേജിൽ ഇംഗ്ലീഷ് അധ്യാപകന്റെ വേഷം തന്നു. 3000 രൂപ ശമ്പളവും.(ആൽഫാ എന്ന ഈ സ്ഥാപനം എനിക്ക് ഒരുപാടു സൌഹൃദങ്ങളും തന്നു. വില മതിക്കാനാവാത്ത നല്ല ബന്ധങ്ങൾ)
2500 രൂപയാണ് അന്നു വീട്ടു വാടക. പിന്നെ അഞ്ഞൂറ് രൂപ മിച്ചം. അതുകൊണ്ട് മുൻപോട്ടു പോകാൻ ആവില്ലല്ലോ. റഷീദ് സർ അന്ന് നോളജ് പബ്ലിക്കേഷൻ നടത്തുന്നുണ്ട്. രാത്രികളിൽ ഞാൻ അദ്ദേഹത്തിനു വേണ്ടി എഴുതും. പണ്ട് നല്ല കാലത്ത് ഉണ്ടായിരുന്ന ഒരു കമ്പ്യൂട്ടർ അപ്പോഴും ഉണ്ടായിരുന്നതിനാൽ ഭാര്യ മായ ഞാൻ എഴുതുന്നത്‌ പകൽ ടൈപ്പു ചെയ്തു വക്കും. അങ്ങനെ തപ്പിത്തടഞ്ഞു കുറച്ചു കാലം. വർക്ക് ഇല്ലാത്ത മാസങ്ങളും ഉണ്ടാകും.
ഒരിക്കൽ തീരെ നിവൃത്തിയില്ലാത്ത ഒരു മാസം. ഒരു ഞായറാഴ്ച. രാവിലെ ആറുമണി കഴിഞ്ഞിട്ടുണ്ടാവും. കയ്യിൽ ഒറ്റ പൈസ ഇല്ല. അരി മേടിക്കാൻ പോലും നിവൃത്തിയില്ല. എന്ത് ചെയ്യണം എന്നൊരു പിടിയുമില്ല. എന്റെ കയ്യിൽ പൈസ ഇല്ല എന്നറിയാവുന്ന മായയ്ക്ക് ഇന്നുതന്നെ സാധനം വാങ്ങണം എന്ന് പറയാനും മടി. എനിക്കറിയാം അന്ന് വാങ്ങിയില്ലെങ്കിൽ പട്ടിണിയിലേക്ക്‌ പോകുമെന്ന്. ഇല്ലായ്മയുടെ കാലങ്ങളിൽ.. (അല്ലാത്തപ്പോഴും) ഒരിക്കലും ഒന്നിനും മായയുടെ അലട്ടൽ ഉണ്ടായിട്ടില്ല.
അന്ന് സ്ഥിരമായി വെറ്റില മുറുക്കും. മായ തന്ന ഒരു കട്ടൻ ചായ കുടിച്ച് ഒന്നു മുറുക്കി എഴുത്തുമുറിയിൽ വന്നു ചാഞ്ഞിരുന്നു. സൌന്ദര്യലഹരി വായിക്കുകേം കുറിപ്പുകൾ എഴുതുകേം ചെയ്തുകൊണ്ടിരുന്നപ്പോൾ (ഒരുപാട് സംഘർഷങ്ങൾ വരുമ്പോൾ ഞാൻ ഭയങ്കര അധ്യാത്മിക പഠിതാവ് ആകും ) സുഹൃത്തും ജ്യേഷ്ഠതുല്യനുമായ സേതുവിൻറെ ഫോണ്‍.
"പ്രദീപ്‌ ഫ്രീ ആണോ..?" ഫോണ്‍ എടുത്തപ്പോൾ സേതുവിൻറെ ചോദ്യം.
"അതെ. എന്താ സേതു..?" ഞാൻ ചോദിച്ചു.
"ഫ്രീ ആണെങ്കിൽ മ്യൂസിയം വരെ ഒന്നു വരൂ. ഇന്ന് നടക്കാൻ കമ്പനി ഇല്ല." നടക്കാൻ ഒരു കൂട്ട്. അതായിരുന്നു സേതുവിൻറെ ആവശ്യം.
എന്തായാലും ഞാൻ വെറുതെ ഇരിക്കുകയാണ്. ഉടൻ തന്നെ ഞാൻ ഇറങ്ങി.
മ്യൂസിയത്തിൽ എത്തി ഒരു എട്ടുപത്തു റൌണ്ട് നടന്നു. പിന്നീട് സ്വസ്ഥമായി ഒരു ബെഞ്ചിൽ ഇരുന്നു വിശ്രമിച്ചു. നാട്ടുകാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മായയുടെ ഫോണ്‍,
"എങ്ങനാ..?"
"ഉം..നോക്കാം." അത്ര മാത്രം ഞാൻ പറഞ്ഞു.
ഒടുവിൽ ഞങ്ങൾ യാത്ര പറഞ്ഞു പിരിയാൻ നേരം സേതു ഒരു 500 രൂപ നോട്ട് എടുത്തു എന്റെ നേരെ നീട്ടി.
"എന്താ സേതു..? എന്തിനാ..?" ഞാൻ ചോദിച്ചു.
"ഇത് കയ്യിൽ വച്ചേക്കു." സേതു പറഞ്ഞു.
"ഏയ്‌ എനിക്കിപ്പോൾ പൈസയുടെ ആവശ്യമൊന്നും ഇല്ലല്ലോ.." ഞാൻ അഭിമാനിയായി.
"ഇത് ഞാൻ വെറുതെ തരുന്നതല്ല. കടം ആണ്. ഇപ്പോൾ എന്റെ കയ്യിൽ അത്യാവശ്യം ഇല്ലാത്ത കുറച്ചു പൈസ ഉണ്ട്. ഇപ്പോൾ നിങ്ങൾ കയ്യിൽ വയ്ക്കൂ. പിന്നീട് തന്നാൽ മതി."
നിർബന്ധപൂർവ്വം എന്റെ കയ്യിൽ തിരുകിയിട്ടു സേതു തിരിഞ്ഞു നോക്കാതെ വണ്ടിയിൽ കയറി. അപ്പോൾ സേതുവിന് ദൈവത്തിന്റെ മുഖമായിരുന്നു.
അയാൾ തിരിഞ്ഞു നോക്കരുതെന്ന് ഞാൻ അപ്പോൾ ആത്മാർഥമായും ആഗ്രഹിച്ചു. കാരണം എന്റെ കണ്ണുകൾ എന്തിനെന്നറിയാതെ അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു (അപ്പോൾ മാത്രമല്ല ഇപ്പോഴും).

സൂപ്പറും നൂറനാട് പ്രസാദും.

പണ്ട് കുറത്തികാട് ഹൈസ്കൂൾ മുക്കിൽ ഉണ്ടായിരുന്ന സൂപ്പർ എന്ന തയ്യൽകടയെ കുറിച്ച് പല കഥകളിലും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. അവിടെയുണ്ടായിരുന്ന എല്ലാ ജീവനക്കാരും സൂപ്പറിന്റെ ഉടമയായ ശിവനും എന്റെ ജീവിതത്തിന്റെ, അഥവാ ആ നാടിന്റെ തന്നെ ഭാഗമായിരുന്നു. മുരളി, ഷാജി, മധു, അപ്പു, രാജേന്ദ്രന്മാർ, ആദ്യകാലത്ത് അവിടെയുണ്ടായിരുന്ന ഒറ്റപ്പാലം സെയ്ദ് , സുഗതൻ.. അങ്ങനെ എല്ലാവരും..
എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ തമാശകൾ സൂപ്പറിൽ ഉണ്ടാകും. പരസ്പരം കളിയാക്കിയും നിർദോഷമായ പാരകൾ പണിതും അങ്ങനെ കടന്നുപോകും.
അവിടെ സ്ഥിരമായി ഒരു പയ്യൻ പടിഞ്ഞാറ് നിന്നും സൈക്കളിൽ പാഞ്ഞു വരാറുണ്ടായിരുന്നു. അവിടെ ഒരു വിശ്രമം കഴിഞ്ഞു ആൾ കിഴക്കോട്ടു വച്ച് പിടിക്കും. വിയർത്തു കുളിച്ചു വരുന്ന പയ്യന്റെ കയ്യിൽ കുറെ പേപ്പറുകൾ ഉണ്ടാവും. സൂപ്പറിലെ ചില്ലലമാരയിൽ ഇത് വച്ചിട്ട് ഇയാൾ പുറത്തേക്കു പോകുന്ന സമയം ഞങ്ങൾ ഇത് തുറന്നു വായിക്കും. എല്ലാം നാടകങ്ങളുടെ തിരക്കഥകളാവും. അതിലെ ചെറിയ ചെറിയ അക്ഷരത്തെറ്റുകൾ വായിച്ച് ഞങ്ങൾ ഉറക്കെ ചിരിക്കും. തിരക്കഥകളുടെ മുകളിൽ നാടകത്തിന്റെ പേരോടൊപ്പം വെണ്ടയ്ക്കാ വലുപ്പത്തിൽ എഴുതിയ ആളുടെ പേരും ഉണ്ടാവും. നൂറനാട് പ്രസാദ്.
ശിവൻ ഈ പയ്യൻ കടന്നുവരുമ്പോൾ ഉറക്കെ പറയും.... നൂറനാട് പ്രചാദ് ദാ കടന്നുവരുന്നു.... എല്ലാവരും കൂടെ ഉറക്കെ ചിരിക്കും.
വർഷങ്ങൾ ഏറെ കഴിഞ്ഞു.. പലരും പല വഴിക്കുമായി...മധു ഒരു വാഹനാപകടത്തിൽ പെട്ട് മരണമടഞ്ഞു. ഗൾഫിലേക്ക് പോകാനായി ശിവൻ സൂപ്പർ പൂട്ടി. മുരളി വേറെ കട തുടങ്ങി. ഞാനും പല പല ജോലികളുമായി പല സ്ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞു ഒടുവിൽ 2006-ൽ തിരുവനന്തപുരത്ത് അടിഞ്ഞു.
ടെലിവിഷൻ ഭ്രമം ഇലാതിരുന്ന ഞാൻ ഒരിക്കൽ യാദൃശ്ചികമായി ഒരു ടെലിവിഷൻ അവാർഡ്‌ കണ്ടപ്പോൾ അതാ ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് ഏറ്റു വാങ്ങുന്നു പ്രസാദ്‌ നൂറനാട്. കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി.. അതെ പറയ നൂറനാട് പ്രസാദ്‌.
സംശയം തോന്നി ടി വി സീരിയലുകൾ കാണാറുള്ള മായയോട്‌ ചോദിച്ചു,
"എടീ നീ ഇയാളെ അറിയുമോ..?"
"പിന്നെ നല്ല നല്ല സീരിയലുകൾ ചെയ്യാറുള്ള ആളല്ലേ....?" പൊതുവിജ്ഞാനം തീരെ ഇല്ലാത്ത ഒരാളെ നോക്കുന്നത് പോലെ അവൾ എന്നെ നോക്കിയപ്പോൾ എനിക്കൊരു ചമ്മൽ. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.
മനസ്സ് പത്തിരുപത്തഞ്ചു വർഷങ്ങൾക്കു പിന്നിലേക്ക്‌ ഊളിയിട്ടു.
അവിടെ ആ പഴയ 'നൂറനാട് പ്രചാദ്' നിന്നു ചിരിക്കുന്നുണ്ടായിരുന്നു. ഇതാണ് ജീവിതം എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്..
(അഭിനന്ദനങ്ങൾ സുഹൃത്തേ...)

ശിവനും സൂപ്പറും പിന്നെ പൊലിഞ്ഞ ഒരു സ്വപ്നവും.


അല്പം സമ്പത്തൊക്കെ സ്വരുക്കൂട്ടി നന്നായി ജീവിക്കാനുള്ള അഭിവാഞ്ഛ പലരിലും ശക്തമാകുന്നത് ഒരു വിവാഹമൊക്കെ കഴിഞ്ഞ് ഒന്നുരണ്ടു കുഞ്ഞുങ്ങളൊക്കെ ആകുമ്പോഴാണ്. അങ്ങനെയാണ് എണ്പതുകളുടെ അവസാനം ശിവൻ എന്ന തയ്യൽക്കാരൻ സ്വന്തമായി ഒരു കട തുടങ്ങാനായി കുറത്തികാട്ടെത്തുന്നത്.
അന്ന് ഞങ്ങൾ ഹൈസ്കൂൾ മുക്കിനു കിഴക്കുവശത്തുള്ള ചെറുപ്പക്കാർ എന്തിനും ഏതിനും ഒറ്റ കെട്ടായി നില്ക്കുന്ന കാലം. യാതൊരു ലാഭവും പ്രതീക്ഷിക്കാതെ ആർക്കും സേവനങ്ങൾ ചെയ്യാൻ മടിയില്ലാത്ത ഞങ്ങളുടെ ഇടയിലേക്കാണ് ശിവൻ വന്നു വീഴുന്നത്.
ആശാരിപ്പണികൾ ചെയ്യുന്ന അമ്പിളിയും ചിത്രകലയും പെയിന്റിങ്ങും ഒക്കെയായി മുരളിയും എന്ത് പണികൾക്കും കൈക്കാരായി ഞാൻ, സുര പിന്നെ ഞങ്ങളുടെ കൂടെ ടൂട്ടോറിയൽ പ്രസ്ഥാനവുമായി സഹകരിക്കുന്ന നിരവധി ചെറുപ്പക്കാരും സുഹൃത്തുക്കളും.
ശിവന്റെ കടയുടെ പണികൾ ഞങ്ങൾ ഏറ്റെടുത്തു. പെയിന്റിംഗ് ഒക്കെ കഴിഞ്ഞ് മുരളി കടയുടെ മുൻപിൽ ഒരു മരക്കുതിരയിൽ നിന്ന് കൊണ്ട് വിളിച്ചു ചോദിച്ചു, "അളിയാ കടയ്ക്കു എന്ത് പേരാ എഴുതേണ്ടത്..?"
അപ്പോഴാണ്‌ എല്ലാവരും അക്കാര്യം ചിന്തിക്കുന്നത്. ശിവൻ എല്ലാവരോടുമായി ചോദിച്ചു, "എന്താ നമുക്ക് പേര് വേണ്ടത്....?"
പലരും പലതും പറഞ്ഞു. എല്ലാവർക്കും തൃപ്തിയുള്ള പേരൊന്നും വന്നില്ല.
അപ്പോൾ അങ്ങോട്ട്‌ വന്ന സുര പറഞ്ഞു, "അളിയാ സൂപ്പർ. അത് മതി. ജാതി മത ഭേദമൊന്നുമില്ലല്ലോ." എല്ലാവരും അത് ശരി വച്ചു.
അങ്ങനെ ഞങ്ങളുടെ ജംഗ്ഷനിൽ സൂപ്പർ എന്ന കട രൂപം കൊണ്ടു. അന്നുവരെ വെറുമൊരു തയ്യൽക്കാരനായിരുന്ന ശിവൻ മുതലാളിയുമായി.
സംഭവബഹുലമായ ഒരു ദശാബ്ദം കടന്നു പോയി. കുറത്തികാടിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത അടയാളമായി സൂപ്പർ മുന്നോട്ടു പോയി. ശിവന്റെ രണ്ടു മക്കളും വളർന്നു. അപ്പോഴാണ്‌ ശിവന് ഇങ്ങനെയൊന്നും പോരാ..., ജീവിതം കുറച്ചുകൂടി നിറമുള്ളതാവണംഎന്ന് തോന്നിയത്. അന്നത്തെ ഏതു മലയാളിയുടെയും സ്വപ്നഭൂമിയായ ഗൾഫിലേക്ക് പറക്കാനുള്ള ചിന്ത ശിവനിലും രൂധമൂലമായി.
ഒടുവിൽ അതുവരെ ഉണ്ടാക്കിയതും കടം കൊണ്ടതുമൊക്കെ മുടക്കി ശിവൻ സമ്പന്നൻ ആയി തിരകെ വരുന്ന സ്വപ്നവും താലോലിച്ചുകൊണ്ട്‌ ഗൾഫിലേക്ക് വിമാനമേറി.
എന്നാൽ ശിവൻ വിചാരിച്ചത്ര നിസ്സാരമായിരുന്നില്ല സമ്പന്നതയിലേക്കുള്ള വഴി. ഒന്നുരണ്ടു തവണ ഗല്ഫുകാരന്റെ ആഡംബരത്തോടെ നാട്ടിൽ വന്നുപോയ ശിവന്റെ അക്കാമ നഷ്ടമായി. എന്നിട്ടും അവിടെ തന്നെ കടിച്ചു തൂങ്ങാൻ ശ്രമിച്ച ശിവൻ മൂത്ത മകനെയും ഗല്ഫിലെത്തിച്ചു. പക്ഷെ ഒടുവിൽ അക്കാമ ഇല്ലാത്തതിന്റെ പേരിൽ ജെയിലിലായ ശിവൻ പോയതിനേക്കാൾ ദരിദ്രനായി വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി.
പിന്നീട് ഞാൻ ശിവനെ കാണുന്നത് വീണ്ടും സൂപ്പർ എന്ന പേരിൽ ഒരു ചെറിയ കട പുന്നമ്മൂട്ടിൽ തുടങ്ങിയ ശേഷമാണ്. ചില പല്ലുകൾ നഷ്ടമായി, നര കയറി പഴയ ശിവന്റെ നെഗറ്റീവ് ചിത്രം പോലെ ഒരാൾ. ഇപ്പോൾ അവിടെനിന്നും മാറി ഞങ്ങളുടെ സമീപപ്രദേശമായ മുള്ളിക്കുളങ്ങരയിൽ ഉണ്ട് ശിവനും സൂപ്പറും. പഴയ പ്രതാപത്തിന്റെ നിഴൽ പോലെ ഒരു കുഞ്ഞു കട. ഇന്നലെ വീണ്ടും ശിവനെ കണ്ടു. കണ്ടപ്പോൾ ഞാൻ ഇവിടെ എഴുതിയ ഓർമ്മകളിൽ മധുവിനെ കുറിച്ചുള്ളതു ശിവനെ കാണിച്ചു. അത് വായിച്ചപ്പോൾ ഇരു മിഴികളിലും നിന്ന് ഒഴുകിയ ആ കണ്ണുനീര് എന്റെ മനസ്സിൽ ഇപ്പോഴും നൊമ്പരം തീർക്കുന്നു....

അടുത്ത ഗാനം ആലപിക്കുന്നത്.....


ഒരു ദശാബ്ദത്തിലേറെ കുറത്തികാട് ഹൈസ്കൂൾ മുക്കിൽ പ്രവർത്തിച്ചു പോന്ന സൂപ്പർ എന്ന തയ്യൽകട ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ ഒരു താവളമായിരുന്നു. കടയുടമ ശിവനും മറ്റു ജീവനക്കാരും അവിടെയെത്തുന്ന ഞങ്ങൾ ചെറുപ്പക്കാരും എല്ലാം  പരസ്പരം അളിയാ എന്നാണു വിളിച്ചിരുന്നത്‌. ശിവാളിയൻ, മുരളിയളിയൻ, രാജെന്ദ്രാളിയൻ, മധുവളിയൻ..
സൂപ്പറിലെ മുഖങ്ങളിൽ മനസ്സിൽ നിന്ന് മായാത്ത ഒന്നാണ് മധുവിന്റേത്. ഹൈസ്കൂൾ മുക്കിൽ നിന്നും ഏതാണ്ട് മൂന്നോളം കിലോമീറ്റർ കിഴക്കുള്ള വരേണിക്കൽ എന്ന സ്ഥലമാണ് മധുവിന്റെ ദേശം. വൃദ്ധരായ മാതാപിതാക്കളും മുതിർന്ന സഹോദരിമാരും ഉള്ള കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാൻ നന്നേ ചെറുപ്പത്തിൽ ശിവനോടൊപ്പം കൂടിയതാണ് മധു. സൂപ്പറിൽ വന്നു തയ്യൽ പഠിച്ചു തയ്യല്ക്കാരനായി അവിടെ തന്നെ തുടർന്നു.
വൈകുന്നേരങ്ങളിൽ ഞങ്ങളെല്ലാം കൂടെ കൂടിക്കഴിയുമ്പോൾമധുവിന്റെ ഒരു അനൌണ്സ്മെന്റ് ഉണ്ട്. ഉത്സവപ്പറമ്പിലെ ഗാനമേളകളെ അനുസ്മരിപ്പിക്കുന്നത്.
"ഞങ്ങളുടെ ഗാനമേള ഇവിടെ അവതരിപ്പിക്കാൻ അവസരം തന്ന ശിവാളിയനോടും സൂപ്പറിനോടുമുള്ള നന്ദി പറഞ്ഞുകൊണ്ട് ആദ്യ ഗാനം ഇരുമുടി താങ്ഗി... ആലപിക്കുന്നത് വരേണിക്കൽ മധു."
അതിനു ശേഷം ആലാപനവും ഉണ്ടാകും. എല്ലാവരും ചേർന്ന് അതങ്ങ് പൊലിപ്പിക്കും. കവിതകളും പാട്ടും ഒക്കെയായി അങ്ങനെ കുറെ കാലം.
ശിവൻ സൂപ്പർ പൂട്ടിയ ശേഷം മുരളിയും മധുവുമൊക്കെ വേറെ കടകൾ തുടങ്ങി. അന്നത്തെ കൂട്ടുകാരൊക്കെ പല പല സ്ഥലങ്ങളിലായി. ഞാൻ ഹൈറേഞ്ച് കയറി.
ഒരിക്കൽ ഒരു അവധിക്കാലത്ത്‌ (ഓണം ആണോ.. ഓർക്കുന്നില്ല..) വീട്ടിൽ വന്ന ഞാൻ വൈകുന്നേരം വീട്ടിൽ തന്നെയിരിക്കവേ മുരളി കടുത്ത മുഖവുമായി വന്നു... "എടാ മധുവിന് ഒരു ബൈക്ക് ആക്സിഡന്റ്. കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി എന്ന് പറയുന്നു."
ഉടൻ തന്നെ സുരേഷ് എന്ന സുഹൃത്തിനെ കൂട്ടി ബൈക്കിൽ ഞങ്ങൾ കോട്ടയം മെഡിക്കൽ കോളെജിലേക്ക് പോയി. ഒരു കാലിൽ അസ്ഥിയൊക്കെ നുറുങ്ങിയ അവസ്ഥയിൽ ഒരുപാട് കമ്പികളൊക്കെ പിടിപ്പിച്ചു മധു കിടക്കുന്നു. വേദനകൊണ്ട് നിലവിളിക്കുന്ന അവനെ ചേർത്തുപിടിച്ചു ഞങ്ങൾ കുറെ നേരം ഇരുന്നു.
കാലിനല്ലേ പരിക്ക്.. കുറച്ചു കാലം പ്ലാസ്ടർ ഇട്ടു കഴിയേണ്ടി വന്നേക്കാം. എന്നാലും ജീവന് കുഴപ്പം വരില്ലല്ലോ എന്ന ആശ്വാസത്തോടെ രാവിലെയോടെ ഞങ്ങൾ മടങ്ങി.
എന്നാൽ രണ്ടാം ദിവസം അറിഞ്ഞത് മധുവിന്റെ മരണവാർത്തയാണ്.
നന്നേ ചെറുപ്പത്തിൽ ഒരു കുടുംബത്തിന്റെ ഭാരം ചുമലിലേറ്റ നല്ലൊരു ചെറുപ്പക്കാരൻ... രംഗബോധമില്ലാതെ ആ കോമാളി വീണ്ടും വീണ്ടും കളി ആവർത്തിക്കുന്നു. എന്തായാലും ഒരു ശൂന്യത അവശേഷിപ്പിച്ചു മധു യാത്രയായി.
ഇന്നും ചിലപ്പോഴൊക്കെ ഓർമ്മയിൽ കടന്നുവരും.. ആ മുഖം.. ആ ചിരി.. "അടുത്ത ഗാനം ശരറാന്തൽ തിരി താഴും... ആലപിക്കുന്നത് വരേണിക്കൽ മധു.. " തുടങ്ങിയ ഡയലോഗുകൾ.. പിന്നെ ഒരു കള്ളച്ചിരിയോടെ "എന്താ പ്രദീപളിയോ...." എന്ന വിളിയും..