Wednesday, October 22, 2014

ഒരു സ്വപ്നച്ചിന്ത്

മരണത്തിന്റെ തണുപ്പിലായിരുന്നു അന്നു നീ.
ചെങ്കുരുന്നിക്കയത്തിന്റെ ആഴത്തില്‍ നിന്നെ കണ്ടപ്പോള്‍
വയലറ്റുനിറമായിരുന്നു ചുറ്റും.
ഞെരിച്ചുകൊല്ലാന്‍ മാത്രം ശക്തി
ജലത്തിനുണ്ടെന്നു തിരിച്ചറിഞ്ഞത് അന്നായിരുന്നു.
വാടിയ ചേമ്പില പോലെ ആഴങ്ങളിലേക്കടിയുന്ന നിന്നെ
നെഞ്ചോടു ചേര്‍ത്ത് പതച്ചുപൊങ്ങുമ്പോള്‍
ശ്വാസം മുട്ടിയില്ല.
എന്നിലും കൂടുതല്‍ ഞാന്‍ സ്നേഹിച്ചിരുന്നത് നിന്നെയായിരുന്നോ?
അതോ നിന്റെ മിഴികളിലെ നക്ഷത്രപ്പൊടിയുടെ
തിളക്കമാണ് എന്റെ ജീവന്‍ നില നിര്‍ത്തുന്നതെന്ന
സ്വാര്‍ത്ഥമായ തിരിച്ചറിവോ?
കാത്തിരിപ്പിന്റെ കറുത്തദിനങ്ങള്‍ക്കൊടുവില്‍
എന്റെ ജീവിതച്ചിരി നിന്റെ ചുണ്ടുകളില്‍ തെളിഞ്ഞു.
മരണസ്വപ്നങ്ങളില്‍ നിന്നും നീ മുക്തയായപ്പോള്‍
എനിക്കു തിരികെ കിട്ടിയത്
ഒരു വയലറ്റു സ്വപ്നമായിരുന്നു.
അതില്‍ രതിമധുരം കലര്‍ന്നത് എന്നെന്ന് ഓര്‍മ്മയില്ല.
കയത്തിന്റെ ആഴങ്ങളില്‍ തളര്‍ന്നുലഞ്ഞ രൂപം
എന്നും ഉണര്‍വ്വേകുന്നു.
മരണമല്ല ശരി ജീവിതം തന്നെയെന്നൊരു
മധുരചിന്തയാണ് നീയിന്നെനിക്ക്.
ഒരു സ്വപ്നച്ചിന്ത്.

Tuesday, October 21, 2014

ഒടുവില്‍ പെയ്ത മഴ


മാനത്ത് കാക്കകള്‍ വട്ടമിട്ടുപറക്കുന്നുണ്ട്. അടുക്കളവാതില്‍പടിയില്‍ പുറത്തേക്ക് കാലു നീട്ടിയിരിപ്പാണ് രാഗിണി. ഒരു മഴയ്ക്കുള്ള ഒരുക്കത്തിലാണ് മാനം. ഇനിയൊരു മഴയ്ക്കിടമില്ലാത്ത മനസ്സുമായി രാഗിണിയും.
അവളുടെ ചിന്തയില്‍ ഒരു ബൈക്ക് പാഞ്ഞുപോകുന്നു.
തകര്‍ത്തുപെയ്യുന്ന മഴ. മഴയിലൂടെ അതാസ്വദിച്ചു വണ്ടിയോടിക്കുകയാണ് മോഹനേട്ടന്‍. പിന്നില്‍ മോഹനേട്ടന്റെ ശരീരത്തോടു പറ്റിച്ചേര്‍ന്ന് രാഗിണിയുമുണ്ട്. നല്ല മഴയില്‍ ഇങ്ങനെ നനഞ്ഞുകുളിച്ചുപോകാന്‍ വലിയ ഇഷ്ടമായിരുന്നു അവള്‍ക്കെന്നും. അവളുടെ ഇഷ്ടമാണ് എന്നും അയാള്‍ക്കും. ആ യാത്ര മിക്കപ്പോഴും ചെന്നുചേരുന്നത് മയില്‍പ്പീലിക്കുന്നിന്‍മുകളിലാണ്.
ആ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ മലയാണ് മയില്‍പ്പീലിക്കുന്ന്. അതിനു മുകളില്‍ കയറി മഴയത്ത് കെട്ടിപ്പുണര്‍ന്നു നില്‍ക്കാന്‍, ചുണ്ടുകോര്‍ക്കാന്‍ എന്നും അടങ്ങാത്ത മോഹമായിരുന്നു അവര്‍ക്ക്.
മഴ കാത്ത് അവര്‍ മണിക്കൂറുകളോളം ആ മലമുകളില്‍ ഇരുന്നിട്ടുണ്ട്. ഭ്രാന്തമായ ആവേശത്തോടെ കൊടും മഴയില്‍ കെട്ടിപ്പുണര്‍ന്നുനിന്നിട്ടുണ്ട്.
എല്ലാം ഒരു സ്വപ്നമായിരുന്നോ...?
ഒരു തുലാമഴയായിരുന്നു ആ സ്വപ്നത്തിന്റെ അവസാനം. കോരിച്ചൊരിയുന്ന മഴ കണ്ട് അടങ്ങാത്ത മോഹവുമായി ഓഫീസിലെ തിരക്കുകളില്‍ മുഖം പൂഴ്ത്തിയിരുന്ന മോഹനേട്ടനെ വിളിച്ചത് രാഗിണിയാണ്. പത്തു മിനിട്ടിനുള്ളില്‍ എത്താമെന്നു പറഞ്ഞപ്പോള്‍ അത്രയും സമയമെടുക്കരുത്, മഴ തോരും മുന്‍പ് വരണമെന്ന് പറഞ്ഞത് ആവേശമൂര്‍ദ്ധന്യത്തിലായിരുന്നു. അത്രയും ക്ഷമകെട്ടത് എന്തിനായിരുന്നു?
പത്തും പതിനഞ്ചും മിനിട്ടുകള്‍ മണിക്കൂറുകള്‍ പോലെ കടന്നുപോയി. പക്ഷേ അന്നത്തെ മഴ സമയമേറെ കഴിഞ്ഞിട്ടും അവസാനിച്ചില്ല. പല തവണ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടാതായപ്പോള്‍ ദേഷ്യമാണു തോന്നിയത്. മുറ്റത്തിറഞ്ഞി മഴനനഞ്ഞുകൊണ്ടുതന്നെ പടിക്കെട്ടിലിരുന്നതു വാശിയിലായിരുന്നു.
ഒടുവില്‍ ഏറെ വൈകി മുറ്റത്തേക്കു വന്ന ആമ്പുലന്‍സില്‍ എത്തിയത് അവളുടെ സ്വപ്നക്കൂടായിരുന്നു. അപ്പോഴും മഴ തോര്‍ന്നിട്ടുണ്ടായിരുന്നില്ല. അവളുടെ മനസ്സില്‍ അവസാനം പെയ്ത മഴ അതായിരുന്നു.
പിന്നീടൊരിക്കലും അവളുടെ മനസ്സില്‍ മഴ പെയ്തിട്ടില്ല. ഒരിയ്ക്കലും.