Tuesday, December 8, 2015

ഒരിടം; രണ്ടു ചിരി



രാവിലെ ധൃതിയിൽ വെള്ളയമ്പലം ബസ് സ്റ്റോപ്പിലേക്ക് വരികയാണ്. പി.എം.ജിയിലെത്തിയാൽ നേരെ ചടയമംഗലം വഴി പോകുന്ന ബസു കിട്ടും. 20 രൂപ മതി ഓട്ടോയിൽ പി.എം.ജിയിലെത്താൻ. പോക്കറ്റൊന്നു തപ്പി.

'ഓ വേണ്ട.. മെഡിക്കൽ കോളേജിനു പോകുന്ന ബസു കിട്ടിയാൽ 7 രൂപയ്ക്ക് പി.എം.ജി എത്തും', മനസ്സ് പിറുപിറുത്തു.

അപ്പോൾ ദാ വരുന്നു ഒരു തമ്പാനൂർ ബസ്. അല്ലെങ്കിലും നമ്മൾ ഒരു വഴിക്ക് പോകാനിറങ്ങിയാൽ ആ വഴിക്കുള്ള വണ്ടി വരില്ല. ബാക്കിയെവിടേക്കും കൃത്യമായി വണ്ടിയുണ്ടാകും.

അസ്വസ്ഥമായ മനസ്സോടെ ആ ബസിനു നേരെ തുറിച്ചു നോക്കി നിൽക്കുമ്പോൾ ബസിൽ നിന്നും വിറച്ചു വിറച്ച് ഇറങ്ങി വരുന്നു, ഒരു അമ്മുമ്മ. വളരെ കഷ്ടപ്പെട്ടാണ്‌ അവർ വണ്ടിയുടെ പടികൾ ഇറങ്ങിയത്‌.

വണ്ടിയിൽ ഇരട്ടമണി മുഴങ്ങി. ഡോറടഞ്ഞു. അപ്പോഴും വണ്ടിയുടെ ബോഡിയിൽ അവരുടെ കൈ ഒരു താങ്ങിനായി വച്ചിട്ടുണ്ടായിരുന്നു.

നെഞ്ചിൽ ഒരു പിടച്ചിലോടെ മുന്നോട്ടു ചാടി. അവരുടെ അടുത്തെത്താനായില്ല. പക്ഷെ, വണ്ടി അനങ്ങിയില്ല. നല്ലവനായ ഡ്രൈവർ ഇടത്ത് വശത്തെ റിയർവ്യൂ മിററിലൂടെ ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.

ഞാൻ വേഗം അമ്മുമ്മയുടെ അടുത്തെത്തി. കയ്യിൽ പിടിച്ചു ഫുട്ട് പാത്തിലേക്ക് കയറ്റി. വണ്ടി മുന്നോട്ടു നീങ്ങി.

'എവിടെ പോകാനാണ് അമ്മെ..?', ഞാൻ അവരോടു ചോദിച്ചു.

'പാങ്ങോട് പട്ടാള ക്യാമ്പ്.' അവരുടെ മറുപടി.

'അയ്യോ അതിനു ഇവിടെ നിന്നാൽ പറ്റില്ലല്ലോ അമ്മെ..' ഞാൻ സംശയത്തോടെ പറഞ്ഞു.

'ഇവിടെ നിന്ന് ഓട്ടോ കിട്ടും. ഞാൻ എല്ലാ മാസവും വരുന്നതാ..' പിന്നെയൊന്നും ഞാൻ പറഞ്ഞില്ല.

ഷെൽറ്ററിനുള്ളിലേക്ക് ഞാൻ നീങ്ങി നിന്നു.

വീണ്ടും ബസു വരുന്നുണ്ടോ എന്ന് നോക്കി അക്ഷമനായി നില്ക്കുമ്പോഴും ആ അമ്മയെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവർ ഫുട്ട് പാത്തിൽ നിന്നുകൊണ്ട് കൈ കാണിച്ചിട്ടൊന്നും ഓട്ടോ നിന്നില്ല.

ചില ഓട്ടോകൾ അടുത്തെത്തുമ്പോഴേക്കും വേറെ ആളുകൾ അതിൽ കയറിയിരുന്നുകഴിയും.

ഒടുവിൽ അവരുടെ ഒപ്പം ആ ബസിൽ നിന്നു തന്നെ ഇറങ്ങിയ ഒരു പെണ്‍കുട്ടിയും അവരോടൊപ്പം നിന്നു ഓട്ടോയ്ക്ക് കൈകാണിച്ചു നിർത്തി കയറിപ്പോയപ്പോൾ ക്ഷമ കെട്ടു ഞാനും അമ്മയുടെ സഹായത്തിനായി കൂടെ കൂടി. രാവിലത്തെ തിരക്കല്ലേ, കാലിയായി വരുന്ന ഓട്ടോകളും കുറവാണ്. ഇതിനിടെ എനിക്ക് പോകേണ്ടിയിരുന്ന രണ്ടു ബസുകൾ പോയി.

എന്തായാലും ദാ ഒരു ഓട്ടോ ദൂരെ നിന്നും ആളില്ലാതെ വരുന്നുണ്ട്. ഞാൻ പ്രതീക്ഷയോടെ കൈ പൊക്കിക്കൊണ്ട് നിന്നു. ഇടയ്ക്ക് ആ അമ്മുമ്മയെ ഒന്നു തിരിഞ്ഞു നോക്കി. അവരും എന്നെ തന്നെ നോക്കി നില്ക്കുകയാണ്. ആ മുഖത്ത് ഒരു ഓമനത്വം ഉണ്ടായിരുന്നു. എങ്കിലും കയ്യിൽ ഇരുന്ന പ്ലാസ്റ്റിക് ബാഗ്‌ ശബ്ദം കേൾപ്പിക്കുന്നത്രത്തോളം അവർ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്റെ ആ തിരിഞ്ഞു നോട്ടത്തിനിടെ ഈ കാഴ്ചകളൊക്കെ കണ്ടു ഷെൽറ്ററിനുള്ളിൽ നിന്നിരുന്ന ഒരു സ്ത്രീ ഓടി എന്റെ മുന്നിലേക്ക്‌ വന്നു ഞങ്ങൾ പ്രതീക്ഷയോടെ നോക്കി നിന്നിരുന്ന ആ ഓട്ടോയിൽ കയറി. വണ്ടി മുന്നോട്ടു നീങ്ങവേ ആക്കിയ ഒരു ചിരിയോടെ ആ മാന്യസുന്ദരി എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വയം മിടുക്കത്തി എന്നു ധരിച്ച ഒരു ചിരി.

എന്റെ വായിൽ കിടന്ന മുറുക്കാനോടൊപ്പം ഒരു തെറിവാക്ക് അരഞ്ഞു ചേർന്നു.

അടുത്ത വണ്ടിയിൽ ആ പാവം അമ്മുമ്മയെ പിടിച്ചു കയറ്റിവിട്ടു. ആ വിറയ്ക്കുന്ന കയ്യിൽ നിന്നും ഞാൻ പിടി വിട്ടപ്പോൾ എന്നെ നോക്കി അവർ ചിരിച്ച ആ ചിരിയുണ്ടല്ലോ... അതു മതി..! അതിന്റെ ഒരു തൃപ്തി പറഞ്ഞാൽ തീരില്ല...! ഈ മോഹനാംഗികൾക്ക്(?) അതു മനസ്സിലാകുകയുമില്ല...!

എത്ര ഒരുങ്ങിയാലും ദുർബ്ബലയായ ഒരമ്മയെ തിരിച്ചറിയാനാവാത്ത ഒരു മനസ്സും സുന്ദരമാകില്ല.. ഒരിക്കലും.

Wednesday, December 2, 2015

മഹാഭാരതത്തിലെ നെടുവീർപ്പ് !



മേഘ പാളികൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നിലാവു പോലെ കോമളൻ. മന്ദസ്മേരം പൊഴിച്ച അമ്പിളിയെ കണ്ട ആമ്പലിൻ വിവശതയിൽ സ്വയം മറന്നവൾ നിന്നു.


നാഗരാജൻ കൗരവ്യന്റെ ഏക മകൾ... ഉലൂപി.


വെണ്ണ തോല്ക്കുമുടലിൽ ബാധിച്ച പാരവശ്യം പ്രകടമാണ്. നീരിൽ നിന്നും എറിയപ്പെട്ട, വെയിലേറ്റ താമരത്തണ്ടു പോലെ അവൾ തളർന്നത് ആ യുവ കോമളനെ കണ്ടിട്ടാണ്.


ധർമ്മം കാക്കാൻ ബ്രഹ്മചര്യം നോറ്റു വനവാസത്തിനിറങ്ങിയ പാർത്ഥനായിരുന്നു ഉലൂപിയുടെ മനസ്സു തളർത്തിയ ആ സുന്ദരൻ.


വികാരം വിവേകത്തെ ഭരിച്ചപ്പോൾ ഗംഗയിൽ സ്നാനത്തിനിറങ്ങിയ പാർത്ഥനിൽ അവൾ പ്രയോഗിച്ചത് ബോധം മറയ്ക്കുന്നതിനുള്ള വിഷത്തുള്ളികൾ.


ഇരുളിലേക്കു മറഞ്ഞ ബോധവുമായി ഗംഗയുടെ ആഴങ്ങളിലേക്കമർന്ന വിജയനെ ഉലൂപിയും സഖിമാരും നാഗപ്രാസാദത്തിലേക്കു മാറ്റി. ഉലൂപിയുടെ അന്തപ്പുരത്തിലേക്ക്.


അരുണകിരണങ്ങൾ മിഴികളിൽ നനുത്ത സ്പർശനമേകിയപ്പോൾ സുന്ദരമായൊരു സ്വപ്നം പോലെ ഫല്ഗുനന്റെ കാഴ്ചയിൽ തെളിഞ്ഞു വന്നത് അതിമനോഹരിയായ ഒരു തരുണി. കാമബാണമേറ്റു വാടിത്തളർന്ന ആ രൂപത്തിന് അഭൗമമായ ഒരു വശ്യതയുണ്ടായിരുന്നു.


മിഴി തുറന്ന പാർത്ഥനു മുന്നിൽ നിസ്സങ്കോചം അവൾ മനസ്സു തുറന്നു.


"പ്രിയനേ... അങ്ങയുടെ ഈ സുന്ദര രൂപം എന്റെ മനസ്സിനെ മഥിപ്പിക്കുന്നു. പ്രളയതുല്യം കാമമോഹം ആത്മാവിനെ ഉലച്ചപ്പോൾ ഹരിതാഭമായൊരു തുരുത്തായി എന്റെ മുന്നിലേക്ക്‌ അങ്ങ് വന്നു. എന്നെ പ്രസാദമായി സ്വീകരിച്ചാലും."


ചെതോഹരിയായ ആ യുവസുന്ദരി അർജ്ജുനന്റെ മാറിലേക്ക്‌ ചാഞ്ഞപ്പോൾ പ്രേയസീസാമീപ്യം എന്നോ മറന്നുപോയ പാണ്ഡവന് തൻറെ പാണീലതകൾ ആ പുലർകാലപുഷ്പത്തെ പുണരുന്നതിൽ നിന്നു തടയാനായില്ല.


മദനത്തിരകളടങ്ങി ശാന്തമായപ്പോൾ ലജ്ജാവിവശത ഉലൂപിയുടെ കവിളുകളിൽ ചെഞ്ചായം പടർത്തി. മിഴികളിൽ അടർന്നുവീഴാൻ പാകത്തിൽ നിന്ന രണ്ടു സ്ഫടികമുത്തുകളെ കൈപ്പുറം കൊണ്ട് തകർത്തു തെറിപ്പിച്ചുകൊണ്ട് അവൾ കൊഞ്ചി,


''എൻറെ ദേവാ... എൻറെ കാന്തനായി എന്നും അങ്ങെൻറെ ഹൃദയത്തിലുണ്ടാകും. ഈ പ്രാസാദം അങ്ങയുടെ സ്വന്തം.''


നിർമ്മമതയോടെ അർജ്ജുനൻ പ്രതിവചിച്ചു, ''പ്രിയേ ഇത് നാഗരാജൻ കൗരവ്യൻറെ പ്രാസാദമാണ്. നീയിപ്പോൾ എന്നോടൊപ്പം പോരിക. അല്ലെങ്കിൽ ഞാനെത്തുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലേക്ക് നിനക്കു വരാം. ദ്രൗപദിയുടെ സപത്നിയായി നിനക്കവിടെ സസുഖം വാഴാം.''


പാർത്ഥവാചകങ്ങൾ മേഘപടലം സൂര്യനിലെന്നപോലെ കമലസമാനമായ അവളുടെ മുഖത്തു നിഴൽ പരത്തി.


''പ്രഭോ, കൗരവ്യൻറെ ഏകമകളാണു ഞാൻ. ഈ രാജ്യത്തിൻറെ അവകാശി. അങ്ങേയ്ക്കിവിടം സ്വന്തം രാജധാനിയാക്കാം. നമ്മുടെ സന്തതി പിൽക്കാല രാജാവാകും. ഇന്ദ്രപ്രസ്ഥത്തിൽ അതിനവസരമുണ്ടാകില്ലല്ലോ...!''


പ്രതീക്ഷയോടെയുള്ള ആ വാചകങ്ങൾ പക്ഷേ വില്ലാളിയായ കിരീടിയിൽ അമർഷമാണുണ്ടാക്കിയത്.


''ഉലൂപീ, ധർമ്മരാജനായ യുധിഷ്ഠിരൻറെ അനുജനാണു ഞാൻ.


എനിക്കെൻറെ ധർമ്മമാണു പ്രധാനം.


നിനക്കെപ്പോൾ വേണമെങ്കിലും ഇന്ദ്രപ്രസ്ഥത്തിലേക്കു വരാം. ഇപ്പോൾ ഞാൻ വിടചൊല്ലുന്നു.''


ഇതു പറഞ്ഞു പ്രാസാദം വിട്ടു നടന്നിറങ്ങിയ വില്ലാളിയുടെ വഴി തടയാൻ ഉലൂപി തുനിഞ്ഞില്ല.


നാളുകൾ പിന്നിട്ടപ്പോഴാണ് കൗരവ്യൻറെ അനന്തരാവകാശി തൻറെ ഉദരത്തിൽ ചലനശേഷി പ്രാപിച്ചത് അവൾ തിരിച്ചറിഞ്ഞത്.


അർജ്ജുനൻറെ പ്രണയോപഹാരം.


മാസങ്ങൾ കഴിഞ്ഞു.


ആഗ്രഹം പോലെ ഉലൂപിക്ക് പിറന്നത് ഐശ്വര്യവും ആരോഗ്യവുമുള്ള പുരുഷശിശുവാണ്. അവന് ഇരാവാൻ എന്നു പേരിട്ടു. അവനെ അക്ഷരവിദ്യയിലും ആയുധവിദ്യയിലും സാമർത്ഥ്യമുള്ളവനായി വളർത്താൻ ഉലൂപിക്കും കൗരവ്യനും കഴിഞ്ഞു.


എന്നാൽ ജീവിതത്തിൽ ഏതാനും മണിക്കൂറുകളുടെ ദാമ്പത്യം മാത്രമനുഭവിച്ച പാവം നാഗകുമാരിയുടെ ശിഷ്ടകാലം ദൈർഘ്യമേറിയൊരു നെടുവീർപ്പു മാത്രമായിത്തീർന്നു.


ഉരുകിയുയരുന്ന മോഹാഗ്നിയുടെ കൊടുംചൂടു വമിക്കുന്നൊരു നെടുവീർപ്പ്.


മഹാഭാരതത്തിൻറെ ഇരുളറയിൽ എന്നും മറഞ്ഞുനിൽക്കുന്ന ചുടുനെടുവീർപ്പ്...!

Wednesday, October 22, 2014

ഒരു സ്വപ്നച്ചിന്ത്

മരണത്തിന്റെ തണുപ്പിലായിരുന്നു അന്നു നീ.
ചെങ്കുരുന്നിക്കയത്തിന്റെ ആഴത്തില്‍ നിന്നെ കണ്ടപ്പോള്‍
വയലറ്റുനിറമായിരുന്നു ചുറ്റും.
ഞെരിച്ചുകൊല്ലാന്‍ മാത്രം ശക്തി
ജലത്തിനുണ്ടെന്നു തിരിച്ചറിഞ്ഞത് അന്നായിരുന്നു.
വാടിയ ചേമ്പില പോലെ ആഴങ്ങളിലേക്കടിയുന്ന നിന്നെ
നെഞ്ചോടു ചേര്‍ത്ത് പതച്ചുപൊങ്ങുമ്പോള്‍
ശ്വാസം മുട്ടിയില്ല.
എന്നിലും കൂടുതല്‍ ഞാന്‍ സ്നേഹിച്ചിരുന്നത് നിന്നെയായിരുന്നോ?
അതോ നിന്റെ മിഴികളിലെ നക്ഷത്രപ്പൊടിയുടെ
തിളക്കമാണ് എന്റെ ജീവന്‍ നില നിര്‍ത്തുന്നതെന്ന
സ്വാര്‍ത്ഥമായ തിരിച്ചറിവോ?
കാത്തിരിപ്പിന്റെ കറുത്തദിനങ്ങള്‍ക്കൊടുവില്‍
എന്റെ ജീവിതച്ചിരി നിന്റെ ചുണ്ടുകളില്‍ തെളിഞ്ഞു.
മരണസ്വപ്നങ്ങളില്‍ നിന്നും നീ മുക്തയായപ്പോള്‍
എനിക്കു തിരികെ കിട്ടിയത്
ഒരു വയലറ്റു സ്വപ്നമായിരുന്നു.
അതില്‍ രതിമധുരം കലര്‍ന്നത് എന്നെന്ന് ഓര്‍മ്മയില്ല.
കയത്തിന്റെ ആഴങ്ങളില്‍ തളര്‍ന്നുലഞ്ഞ രൂപം
എന്നും ഉണര്‍വ്വേകുന്നു.
മരണമല്ല ശരി ജീവിതം തന്നെയെന്നൊരു
മധുരചിന്തയാണ് നീയിന്നെനിക്ക്.
ഒരു സ്വപ്നച്ചിന്ത്.

Tuesday, October 21, 2014

ഒടുവില്‍ പെയ്ത മഴ


മാനത്ത് കാക്കകള്‍ വട്ടമിട്ടുപറക്കുന്നുണ്ട്. അടുക്കളവാതില്‍പടിയില്‍ പുറത്തേക്ക് കാലു നീട്ടിയിരിപ്പാണ് രാഗിണി. ഒരു മഴയ്ക്കുള്ള ഒരുക്കത്തിലാണ് മാനം. ഇനിയൊരു മഴയ്ക്കിടമില്ലാത്ത മനസ്സുമായി രാഗിണിയും.
അവളുടെ ചിന്തയില്‍ ഒരു ബൈക്ക് പാഞ്ഞുപോകുന്നു.
തകര്‍ത്തുപെയ്യുന്ന മഴ. മഴയിലൂടെ അതാസ്വദിച്ചു വണ്ടിയോടിക്കുകയാണ് മോഹനേട്ടന്‍. പിന്നില്‍ മോഹനേട്ടന്റെ ശരീരത്തോടു പറ്റിച്ചേര്‍ന്ന് രാഗിണിയുമുണ്ട്. നല്ല മഴയില്‍ ഇങ്ങനെ നനഞ്ഞുകുളിച്ചുപോകാന്‍ വലിയ ഇഷ്ടമായിരുന്നു അവള്‍ക്കെന്നും. അവളുടെ ഇഷ്ടമാണ് എന്നും അയാള്‍ക്കും. ആ യാത്ര മിക്കപ്പോഴും ചെന്നുചേരുന്നത് മയില്‍പ്പീലിക്കുന്നിന്‍മുകളിലാണ്.
ആ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ മലയാണ് മയില്‍പ്പീലിക്കുന്ന്. അതിനു മുകളില്‍ കയറി മഴയത്ത് കെട്ടിപ്പുണര്‍ന്നു നില്‍ക്കാന്‍, ചുണ്ടുകോര്‍ക്കാന്‍ എന്നും അടങ്ങാത്ത മോഹമായിരുന്നു അവര്‍ക്ക്.
മഴ കാത്ത് അവര്‍ മണിക്കൂറുകളോളം ആ മലമുകളില്‍ ഇരുന്നിട്ടുണ്ട്. ഭ്രാന്തമായ ആവേശത്തോടെ കൊടും മഴയില്‍ കെട്ടിപ്പുണര്‍ന്നുനിന്നിട്ടുണ്ട്.
എല്ലാം ഒരു സ്വപ്നമായിരുന്നോ...?
ഒരു തുലാമഴയായിരുന്നു ആ സ്വപ്നത്തിന്റെ അവസാനം. കോരിച്ചൊരിയുന്ന മഴ കണ്ട് അടങ്ങാത്ത മോഹവുമായി ഓഫീസിലെ തിരക്കുകളില്‍ മുഖം പൂഴ്ത്തിയിരുന്ന മോഹനേട്ടനെ വിളിച്ചത് രാഗിണിയാണ്. പത്തു മിനിട്ടിനുള്ളില്‍ എത്താമെന്നു പറഞ്ഞപ്പോള്‍ അത്രയും സമയമെടുക്കരുത്, മഴ തോരും മുന്‍പ് വരണമെന്ന് പറഞ്ഞത് ആവേശമൂര്‍ദ്ധന്യത്തിലായിരുന്നു. അത്രയും ക്ഷമകെട്ടത് എന്തിനായിരുന്നു?
പത്തും പതിനഞ്ചും മിനിട്ടുകള്‍ മണിക്കൂറുകള്‍ പോലെ കടന്നുപോയി. പക്ഷേ അന്നത്തെ മഴ സമയമേറെ കഴിഞ്ഞിട്ടും അവസാനിച്ചില്ല. പല തവണ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടാതായപ്പോള്‍ ദേഷ്യമാണു തോന്നിയത്. മുറ്റത്തിറഞ്ഞി മഴനനഞ്ഞുകൊണ്ടുതന്നെ പടിക്കെട്ടിലിരുന്നതു വാശിയിലായിരുന്നു.
ഒടുവില്‍ ഏറെ വൈകി മുറ്റത്തേക്കു വന്ന ആമ്പുലന്‍സില്‍ എത്തിയത് അവളുടെ സ്വപ്നക്കൂടായിരുന്നു. അപ്പോഴും മഴ തോര്‍ന്നിട്ടുണ്ടായിരുന്നില്ല. അവളുടെ മനസ്സില്‍ അവസാനം പെയ്ത മഴ അതായിരുന്നു.
പിന്നീടൊരിക്കലും അവളുടെ മനസ്സില്‍ മഴ പെയ്തിട്ടില്ല. ഒരിയ്ക്കലും.

Monday, September 15, 2014

ഗുണപ്പെടാതെ ഒരു തിരിച്ചറിവ്

ഡിഗ്രീ പഠന കാലത്ത് ചില സുഹൃത്തുക്കളുമൊത്തു ഏതെങ്കിലും ഒഴിഞ്ഞ ക്ലാസ്സുമുറിയിൽ സേവ്യർ പാട്ടും കവിതയുമൊക്കെയായി കൂടാറുണ്ടായിരുന്നു. അയാൾ കുത്തിക്കുറിക്കുന്ന വരികൾക്ക് ആസാദ് എന്ന സുഹൃത്ത് ഈണം നല്കി പാടും. അല്ലാത്ത പാട്ടുകളും ആവശ്യക്കാരുടെ അപേക്ഷപ്രകാരം ആസാദ് പാടും.
അന്ന് കോളേജിനു പുറത്തുള്ള പലരും അവരുടെ കോളേജിൽ കയറിയിറങ്ങാറുണ്ടായിരുന്നു. ചിലരൊക്കെ അവരുടെ ഈ സംഗീത മേളയിൽ തൽപ്പരരായി ഒപ്പം കൂടും. അങ്ങനെ സ്ഥിരമായി വന്നിരുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. രാജു. ഇയാൾക്ക് നല്ല സാഹിത്യാഭിരുചി ഒക്കെയുണ്ട്. കുറച്ചു നാളുകൾ കൊണ്ട് സേവ്യറും ആസാദുമൊക്കെയായി ഇദ്ദേഹം നല്ല സൗഹൃദം സ്ഥാപിച്ചു.
കൂടുതൽ പരിചയപ്പെട്ടപ്പോൾ ഉന്നത നിലവാരമുള്ള ഒരു സ്കൂളിൽ പത്താം ക്ലാസ് വരെ നന്നായി പഠിച്ചിരുന്ന ആളായിരുന്നു എന്നും അതിനു ശേഷം നാട് വിട്ടു ബോംബയ്ക്ക് പോയി പല പല പണികളും ചെയ്തു എന്നും അറിഞ്ഞു. ഹോട്ടലിൽ എച്ചിലെടുക്കുന്ന പണി മുതൽ ഒടുവിൽ കള്ളക്കടത്തുകാരുടെ സംഘങ്ങളിൽ വരെ എത്തിയ രാജു വളരെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. ബോംബയിൽ നിന്ന് അടുത്ത കാലത്താണ് രാജു നാട്ടിലെത്തിയത്.
സേവ്യറും സുഹൃത്തുക്കളും ഇയാളെ ഉപദേശിച്ചു നന്നാക്കാം എന്ന ധാരണയിൽ ഇയാളുമായി കൂടുതൽ അടുത്തു. നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ഒക്കെ ചെയ്യുന്ന ഇയാൾ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കുഴപ്പങ്ങളിൽ പെട്ടുപോയത് എന്ന് മനസ്സിലായില്ല. എന്തായാലും നാട്ടിൽ എന്തെങ്കിലും ചെയ്തു ഇനിയുള്ള കാലം നന്നായി മുന്നോട്ടു പോകാം എന്നൊരു മനോഭാവം അയാളിൽ ഉണ്ടാക്കിയെടുക്കാൻ ഈ സൌഹൃദത്തിനു കഴിഞ്ഞു.
നല്ല ബന്ധം ആയെങ്കിലും ഒരിക്കലും രാജു ഇവരെയൊന്നും വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല.
ഒരു ദിവസം രാജുവിന് അത്ഭുതമായി ഒരു  മിന്നൽ സന്ദർശനം നടത്താമെന്ന ധാരണയിൽ സേവ്യർ ഇയാളുടെ വീട് തിരക്കി പോയി. ഊഹം വച്ചും ചിലരോട് ചോദിച്ചും രാജുവിന്റെ വീട്ടിലേക്കു നീങ്ങി. വഴിയിൽ കണ്ട പലരും അവജ്ഞയോടെ നോക്കുന്നത് എന്തിനെന്നു മനസ്സിലായില്ല. രാജുവിന്റെ വീടിനു ചുറ്റും പ്ലാസ്റിക് കൊണ്ട് ഒരു വേലി മറച്ചു കെട്ടിയിട്ടുണ്ടായിരുന്നു. വീട്ടിൽ അപ്രതീക്ഷിതമായി എത്തിയ സുഹൃത്തിനെ കണ്ടു രാജു ഒന്ന് അമ്പരന്നു. വരാന്തയിൽ ഒരു സ്ത്രീ അങ്ങോട്ട്‌ തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു
.
"ആരാ അത്..?" സേവ്യർ രാജുവിനോട് ചോദിച്ചു.
"എന്റെ മമ്മി.." അടക്കം പറയുമ്പോലെ അവൻ അത് പറഞ്ഞപ്പോൾ വാക്കുകൾ വിറച്ചതും മുഖം കുനിഞ്ഞതും എന്തിനെന്നു മനസ്സിലായില്ല.
ഈ സംസാരം കേട്ട് ആ സ്ത്രീ തിരിഞ്ഞു നോക്കി. 'മമ്മീ..' എന്നു വിളിച്ചു പരിചയപ്പെടാൻ തുടങ്ങിയ സേവ്യർ പെട്ടെന്ന് ഒന്നറച്ചു. ആ മുഖം സേവ്യറെ വല്ലാതാക്കിക്കളഞ്ഞു. അക്കാലത്ത് അന്നാട്ടിലെ കുപ്രസിദ്ധയായ ഒരു വേശ്യ ആയിരുന്നു അത്. സന്ധ്യ മയങ്ങുമ്പോൾ നഗരത്തിലെ ഇരുൾത്തുരുത്തുകളിൽ  ഇവരെ സേവ്യർ കാണുമായിരുന്നു. കടകളിലുള്ള പലരും അർഥം വച്ച് സംസാരിക്കുന്നതും  ചിലർ ആട്ടിപ്പായിക്കുന്നതും ഒരിക്കൽ ഒരു കടയുടെ ഇടനാഴിയിൽ നിന്ന തന്നെ ഇവർ കണ്ണുകാണിച്ചു വിളിച്ചതും  സേവ്യർ വെറുപ്പോടെ ഓർത്തു. രാജുവിനെ തിരിഞ്ഞൊന്നു നോക്കാൻ മറന്നു തിരിച്ചിറങ്ങുമ്പോൾ എത്രയും വേഗം അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ...
രാജു എന്തുകൊണ്ട് ഇങ്ങനെയായി എന്നു സേവ്യർ തിരിച്ചറിഞ്ഞു. പക്ഷെ പിന്നെയൊരിക്കലും അവനെ കണ്ടില്ല. ഒരിക്കൽ ഒരു കള്ളനോട്ടു കേസിലെ പ്രതികളുടെ ചിത്രം പത്രങ്ങളിൽ കണ്ടപ്പോൾ തിരിച്ചറിഞ്ഞു രാജുവിന്റെ മുഖം.
ഇന്ന് വർഷങ്ങൾക്കു ശേഷം താൻ രാജുവിനോട് അന്ന് ചെയ്തത് തെറ്റായിരുന്നോ എന്നൊരു കുറ്റബോധം മനസ്സിനെ ഇടയ്ക്കിടെ കരളാറുണ്ട്‌.. ഒരു പക്ഷെ അന്ന് രാജുവിനെ ഉപേക്ഷിക്കാതെ കൂടെ കൂട്ടിയിരുന്നെങ്കിൽ ആ മിടുക്കനായ ആ ചെറുപ്പക്കാരന്റെ വിധി മറ്റൊന്നാവുമായിരുന്നേനേ... വിധിയെ തടുക്കാൻ ആർക്കു കഴിയും....?

Friday, August 22, 2014

ഒരു ചോദ്യം.

ഡിഗ്രി പഠനകാലം. നല്ല മഴയുള്ള ഒരു ദിവസം. കായംകുളം ബസ് സ്റ്റാന്‍റില്‍ നിന്നും പുറത്തിറങ്ങി ശ്രീദേവി ഹോട്ടലിനു മുന്നില്‍ ശശിയണ്ണന്‍റെ കടയോടുചേര്‍ന്ന് മഴനനയാതെ നില്‍ക്കുകയാണ്. അപ്പോഴാണ് സഹപാഠി ആലീസ് കുടയും ചൂടി നടന്നുവരുന്നത് കണ്ടത്. അതീവസുന്ദരിയായ ആലീസിന്‍റെ നാട് കണ്ണൂര്‍ ഭാഗത്തെവിടെയോ ആണ്. ഇവിടെ ഒരു ബന്ധുവിനൊപ്പം നിന്നാണ് പഠിക്കുന്നത്. മറ്റെന്തോ കോഴ്സ് കഴിഞ്ഞുവന്നതിനാലാവാം ഞങ്ങളേക്കാള്‍ ഒന്നുരണ്ടു വയസ്സ് കൂടുതലായിരുന്നു ആലീസിന്. കൂടാതെ സ്ഥിരം വേഷം സാരിയും. (രാജീവേട്ടന്‍റെ പ്രണയിനിയുമായിരുന്നു കക്ഷി)
എന്നെ കണ്ടപ്പോള്‍ 'വരുന്നോടാ..' എന്ന് കണ്ണുകൊണ്ടൊരു ചോദ്യം. ഹോ എന്താ സന്തോഷം. ശശിയണ്ണന്‍റെ വളിച്ച കമന്‍റ് തട്ടിത്തെറിപ്പിച്ചുകൊണ്ട് ഞാന്‍ ഓടി ആലീസിന്‍റെ കുടയില്‍ കയറി.
സ്റ്റാന്‍റില്‍ നിന്നും ഒരു കിലോമീറ്ററിനു മേല്‍ ദൂരമാണ് കോളേജിലേക്ക്. മഴയൊക്കെ ആസ്വദിച്ച് ഞങ്ങള്‍ കോളേജിന്‍റെ പടി കടന്നു. മഴനനഞ്ഞു കടന്നുവരുന്ന കുട്ടികള്‍ക്കിടെ ഞങ്ങളും മുങ്ങി. എന്‍റെ അന്നത്തെ സ്ഥിരം വേഷമായിരുന്ന ഒറ്റമുണ്ടും ഷര്‍ട്ടും കുടഞ്ഞു നേരെയാക്കി ക്ലാസിലേക്ക് നടക്കുമ്പോള്‍ മുകളില്‍ നിന്നും പടികളിറങ്ങി വരുന്ന പെണ്‍കുട്ടികളിലൊരാള്‍ 'പോകല്ലേ.. പോകല്ലേ..' എന്ന് പറഞ്ഞുകൊണ്ട് ഓടിയടുത്തുവന്നു.
പ്രീഡിഗ്രി കുട്ടികളാണ്. എന്താണു കാര്യമെന്നു മനസ്സിലാകും മുന്‍പേ എന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റിലേക്ക് നാലായി മടക്കിയ ഒരു പേപ്പര്‍ ഇട്ടു. ഷീജ തന്നതാണ് എന്നും പറഞ്ഞിട്ട് ആ കുട്ടി തിരികെയോടി.
ഷീജയെ നന്നായി അറിയാമായിരുന്നു. അജിത്തും വിജിയും തമ്മില്‍ പ്രണയസല്ലാപങ്ങള്‍ നടത്തുമ്പോള്‍ അതിനു കൂട്ടായി ‍ഞാന്‍ ചിലപ്പോള്‍ ഉണ്ടാകും. അപ്പോള്‍ ഷീജയും കൂടെ കൂടാറുണ്ടായിരുന്നു. പലതവണ ഇങ്ങനെ കണ്ട് തമാശകളും കഥകളുമൊക്കെ പറഞ്ഞ് അടുപ്പമായിരുന്നു. (അജിത്തിനും വിജിക്കും ഇപ്പോള്‍ മക്കള്‍ രണ്ട്. മൂത്ത മകള്‍ വിവാഹപ്രായമായിട്ടുണ്ടാവും. അതോ വിവാഹം കഴിഞ്ഞോ എന്നും അറിയില്ല.)
എന്തായാലും അതൊരു പ്രണയക്കുറിപ്പായിരുന്നു. പക്ഷേ നേരത്തേ തന്നെ ഒരു പ്രണയം തലയ്ക്കു പിടിച്ചിരുന്നതിനാല്‍ എനിക്ക് പ്രതികരിക്കാന്‍ ആകുമായിരുന്നില്ല. അടുത്ത ദിവസം ഷീജയെ കണ്ടപ്പോള്‍ ഞാന്‍ അയാളോടു കാര്യങ്ങള്‍ പറഞ്ഞു. കുറെ സങ്കടം ആ മുഖത്തു കണ്ടു. പക്ഷേ ഒന്നും പറഞ്ഞില്ല.
ഏതാനും ആഴ്ച്ചകള്‍ക്കു ശേഷം കോളേജ് അടച്ചു. പിന്നെ അയാളെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഡിഗ്രി അവസാനവര്‍ഷം പകുതി കഴിഞ്ഞ ഒരു ദിവസം ഷീജ എന്നെ തേടി കോളേജില്‍ വന്നു. കൈയില്‍ ഒരു കല്യാണക്കുറിയുമായി. പക്ഷേ ഒട്ടും സന്തുഷ്ടയായിരുന്നില്ല അയാള്‍. ഇഷ്ടമല്ലാത്ത വിവാഹമാണ്, വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊടുക്കുകയാണ് എന്നൊക്കെ പറഞ്ഞു. തിരികെ പോകുമ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്നതു കണ്ടു. ഒരു പ്രയോജനവുമില്ലാത്ത ഒരു നെടുവീര്‍പ്പ് പൊഴിക്കാനേ എനിക്കായുള്ളൂ.
വര്‍ഷങ്ങളേറെ കഴിഞ്ഞു. തെയിലക്കച്ചവടവുമായി കറങ്ങിനടന്ന കാലത്ത് ഒരു ദിവസം കായംകുളത്ത് കോണ്‍ഗ്രസ് ഓഫീസിനു മുന്നിലുള്ള പാന്‍ കടയില്‍ നിന്നും ഒരു മുറുക്കാന്‍ വാങ്ങി ചവച്ചുകൊണ്ടു തിരിഞ്ഞത് ഷീജയുടെ മുന്നിലേക്കാണ്. ഒരു പക്ഷേ പഴയ ഷീജയുടെ നിഴല്‍രൂപത്തിലേക്ക്. നല്ല പുഷ്ടിയുള്ള ശരീരമായിരുന്നു അയാളുടേത്. ഇപ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം. നാലഞ്ചു വയസ്സുള്ള ഒരു കുട്ടിയും കൂടെയുണ്ട്.
'ഏയ് ഷീജ...' ഞാന്‍ വിളിച്ചപ്പോഴാണ് അയാള്‍ എന്നെ കണ്ടത്.
'ആ പ്രദീപേട്ടാ..., എന്താ ഇവിടെ..? ഇപ്പോള്‍ എന്തു ചെയ്യുവാ..?' ശാന്തമായ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു. ഒടുവില്‍ അയാളോട് വിശേഷങ്ങള്‍ ചോദിച്ചു. ഷീജ പറഞ്ഞ കാര്യങ്ങള്‍ ഒട്ടും സുഖകരമായിരുന്നില്ല. ഭര്‍ത്താവിന്‍റെ മദ്യപാനം, മര്‍ദ്ദനങ്ങള്‍, ഒടുവില്‍ ഇപ്പോള്‍ ഭര്‍ത്താവ് കായംകുളം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കിടപ്പാണ്. കരള്‍ രോഗം ബാധിച്ച് ഏതാണ്ട് അവശനായ അവസ്ഥയില്‍. കശുവണ്ടിഫാക്ടറിയില്‍ ജോലിക്കു പോകേണ്ടിവന്ന ഷീജയുടെ ദുരവസ്ഥ. ഒരക്ഷരം തിരികെ മിണ്ടാനാകാതെ ഞാന്‍ നിന്നു.
ഒടുവില്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍ എന്നോടായി ഒരു ചോദ്യം, 'പ്രദീപേട്ടന്‍റെ അന്നത്തെ അയാള്‍ വേറെ കല്യാണം കഴിച്ചത് അറിഞ്ഞിരുന്നല്ലോ അല്ലേ...?' എന്തിനെന്നറിയാത്ത ഒരു പിടച്ചില്‍ ഇന്നും ആ ചോദ്യം അവശേഷിപ്പിക്കുന്നു.

Thursday, July 3, 2014

എന്റെ വില്ല്യം; അയ്യപ്പനും.


മൂന്നാം ക്ലാസ്സിൽ പാതി ആയപ്പോഴാണ് അരൂർ ഗവ.യു.പി. സ്കൂളിൽ ചേരുന്നത്. അന്ന് അമ്മ അവിടെ അധ്യാപിക ആയിരുന്നു. ഞാനും അമ്മയും സ്കൂളിനു ഏതാണ്ട് അര കിലോമീറ്റർ ദൂരെയുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
അന്ന് ഞങ്ങളുടെ വീടിനു തൊട്ടടുത്ത വീട്ടിൽ എന്റെ പ്രായമുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. വില്ല്യം. ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന അവന്റെ വീട്ടുകാരുടെ പ്രധാന വരുമാന മാർഗ്ഗം കയറു പിരിക്കൽ ആയിരുന്നു. ഇന്നത്തേതു പോലെ വരവു ചകിരി പിരിക്കുകയല്ല. പല സ്ഥലത്ത് നിന്നും തൊണ്ട് സംഘടിപ്പിച്ചു വീടിനടുത്തുള്ള കുളത്തിൽ ഇടും. അത് അഴുകി പരുവമാകുമ്പോൾ എടുത്തു തല്ലി ചകിരിയാക്കി അത് പിരിച്ചു കയർ ഉണ്ടാക്കി കടകളിൽ കൊണ്ടുപോയി വിൽക്കും.
അരൂർ ക്ഷേത്രത്തിൽ ഉത്സവം വരുമ്പോൾ വില്ല്യം കപ്പലണ്ടി(നിലക്കടല) വിൽക്കും. അത് വിൽക്കുമ്പോൾ അവൻ അസ്സൽ ഒരു കച്ചവടക്കാരനായി രൂപാന്തരപ്പെടും. പത്തു പൈസ, നാലണ, അമ്പതു പൈസ എന്നിങ്ങനെ പല വിലയ്ക്കുള്ള പ്രത്യേകം പൊതികൾ കയ്യിൽ ഉണ്ടാവും. എല്ലാം കൂടെ ഒരു ചെറിയ കുട്ടയിൽ ഇട്ടുകൊണ്ട്"അണ്ട്യെ... പ്പൽണ്ട്യെ.." എന്നൊരു പ്രത്യേക താളത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടാവും നടപ്പ്. ചിലപ്പോൾ ഞാനും അവനൊപ്പം കൂടും.
അക്കാലത്ത് ഞാൻ ഒരു വലിയ അയ്യപ്പഭക്തനാണ്. ഒരിക്കൽ എവിടെ നിന്നോ അയ്യപ്പൻറെ ചിത്രമുള്ള ഒരു ലോക്കറ്റ് എനിക്ക് എവിടെ നിന്നോ കിട്ടി. ഞാൻ ഇത് സ്ഥിരം കൊണ്ടുനടക്കും. ഭക്ഷണം കഴിക്കുമ്പോൾ ലോക്കറ്റും അരികില വച്ച് അതിനു മുന്പിലും ഒരു ചെറിയ പാത്രത്തിൽ ചോറും കറികളും വയ്ക്കും. ഞാൻ കഴിച്ചു കഴിയുമ്പോൾ അയ്യപ്പൻറെ പങ്കും കഴിക്കും.
നാലാം ക്ലാസ്സിലെ പരീക്ഷ തീരുന്ന ദിവസം വില്ല്യം എന്നോട് പറഞ്ഞു, "എടാ നീ പരീക്ഷ കഴിഞ്ഞു നാട്ടിൽ പോകില്ലേ..? നിന്റെ അയ്യപ്പനെ എനിക്ക് തന്നിട്ട് പോകാമോ..? നീ രണ്ടു മാസം കഴിഞ്ഞല്ലേ വരൂ..? നിന്റെ ഓർമ്മയ്ക്ക്ഞാൻ അത് സൂക്ഷിച്ചു വയ്ക്കാം."
എന്റെ പ്രിയ സുഹൃത്തല്ലേ. തീരെ മനസ്സില്ലായിരുന്നു അത് കൊടുക്കാൻ. പക്ഷെ അവനോടു പറ്റില്ല എന്ന് പറയാനും വയ്യ. ഒടുവില ഞാൻ അത് കൊടുത്തു. അവൻ ഭദ്രമായി അത് വീട്ടിൽ കൊണ്ടുപോവുകയും ചെയ്തു.
രാത്രി അയ്യപ്പന് ചോറ് കൊടുക്കാതെ എനിക്ക് ഉണ്ണാൻ കഴിയുന്നില്ല.
"എന്താടാ നിനക്ക് ചോറ് വേണ്ടേ..?" അമ്മ ചോദിക്കുകയും ദേഷ്യപ്പെടുകയും വടി എടുക്കുകയുമൊക്കെ ചെയ്തപ്പോൾ ഞാൻ അല്പ്പം ഊണ് കഴിച്ചെന്നു വരുത്തി. നേരത്തെ ഉറങ്ങാൻ കിടന്നു. പിറ്റേ ദിവസം രാവിലെ നാട്ടിൽ പോകാനുള്ള ഒരുക്കങ്ങളിലാണ് അമ്മ.
രാത്രി എപ്പോഴോ ഞാൻ അയ്യപ്പനെ സ്വപ്നം കണ്ടുണർന്നു. ഭയങ്കര കരച്ചിലും ബഹളവുമായി. അമ്മയും കുറെ വിഷമിച്ചു. അമ്മയോട് അപ്പോഴാണ്ഞാൻ കാര്യങ്ങൾ പറയുന്നത്..സാരമില്ല നമുക്ക് രാവിലെ അത് വാങ്ങാം എന്നൊക്കെ പറഞ്ഞു അമ്മ സമാധാനിപ്പിച്ചു.
പിറ്റേന്നു വെളുപ്പിന് ന്ന്ജനും അമ്മയും കൂടെ വില്ല്യമിന്റെ വീട്ടിൽ പോയി. അമ്മ അവിടത്തെ അമ്മയോടും അവനോടും കാര്യങ്ങൾ പറഞ്ഞു. എന്റെ പ്രശ്നങ്ങൾ മനസ്സിലായ അവനും അമ്മയും കൂടെ അയ്യപ്പനെ എനിക്ക് തിരികെ തന്നു. ഞാൻ അവനോടു കണ്ണീരോടെ യാത്ര പറഞ്ഞു തിരികെ പോന്നു. പക്ഷെ അപ്പോൾ മുതൽ മനസ്സിൽ ഭയങ്കര വിഷമവും. നാട്ടിലേക്കുള്ള യാത്രയിലും ഞാൻ ആകെ വിഷണ്ണൻ ആയിരുന്നു.
നാട്ടിൽ എത്തിയപ്പോൾ അമ്മുമ്മയും അപ്പുപ്പനും എന്റെ വിഷമത്തെ കുറിച്ച് ചോദിച്ചു. അമ്മ എല്ലാം വിശദമായി പറഞ്ഞു.
"സാരമില്ല മോനെ ചുനക്കര അമ്പലത്തിലെ ആറാട്ട്അടുത്ത ദിവസമാ.. നമുക്ക് നല്ലൊരു അയ്യപ്പനെ വാങ്ങാം എന്നിട്ട് പോകുമ്പോൾ അവനു കൊടുക്കാം." അമ്മുമ്മ എന്നെ സമാധാനിപ്പിച്ചു.
അടുത്ത ദിവസം അത് വാങ്ങുകയും ചെയ്തു. പിന്നെ എത്രയും പെട്ടെന്ന് എനിക്ക് വില്ല്യമിന്റെ അടുത്ത് എത്താൻ ധൃതി ആയിരുന്നു. എങ്ങനെയൊക്കെയോ അവധിക്കാലം തള്ളിവിട്ടു.
നാട്ടിൽ നിന്നും തിരികെയുള്ള യാത്രയിൽ ഞാൻ വളരെ ഉൽസാഹവാൻ ആയിരുന്നു. എത്രയും പെട്ടെന്ന് വില്യമിനെ കാണാനുള്ള മോഹം. അവനുവേണ്ടി കരുതിയ അയ്യപ്പനെ ഞാൻ യാത്രയിലുടനീളം നിലത്തുവയ്ക്കാതെ ചേർത്തുപിടിച്ചിരുന്നു.
വീട്ടിലെത്തിയ ഉടൻ അമ്മയോട് പറഞ്ഞിട്ട് ഞാൻ വില്ല്യമിന്റെ വീട്ടിലേക്കു ഓടി. അവിടെ പതിവില്ലാത്ത ചിലരും ഉണ്ടായിരുന്നു. വില്യമിനെ ഞാൻ അവിടെയെല്ലാം തേടി. കണ്ടില്ല. ഒടുവിൽ നേരെ അവരുടെ അടുക്കളയിലേക്കു കയറി. അവന്റെ അമ്മയെ തേടി.
അവിടെ ഞാൻ കണ്ടു ഒരു ജഡം പോലെ കരി പുരണ്ട ഭിത്തിയോട് ചേർന്ന്വെറും നിലത്തു കിടക്കുന്നു അമ്മ. എനിക്കെന്തോ ദുശ്ശങ്ക തോന്നി. എങ്കിലും വിളിച്ചു, "അമ്മെ.. അമ്മെ.. വില്ല്യം എന്തെ..? ഞാൻ അവനു കൊണ്ടുവന്നതാ ഇത്..."
ഭ്രാന്തു പിടിച്ചതുപോലെ പൊട്ടിക്കരഞ്ഞുകൊണ്ട് അവർ എണീറ്റ്എന്നെ വാരിപ്പുണർന്നു. എന്റെ കയ്യിൽ നിന്നും അയ്യപ്പനെ അവർ വാങ്ങിയില്ല.. എന്റെ മുഖത്ത് ഒരുപാട് ഉമ്മകൾ തന്നുകൊണ്ട് അവർ എങ്ങിപ്പറഞ്ഞു..
"പോയി മോനെ... നിന്റെ വില്ല്യം പോയി..." ഒന്നും മനസ്സിലാകാതിരുന്ന എന്നെ ആരൊക്കെയോ അവരുടെ കയ്യിൽ നിന്നും പിടിച്ചു മാറ്റി. ഞാൻ അമ്പരപ്പോടെ വീട്ടിലേക്കു ഓടി.
വീട്ടിൽ ചെന്നപ്പോഴേക്കും അമ്മ കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞിരുന്നു. എന്നോ ഒരു തുരുമ്പിച്ച ആണി അവന്റെ കാലിൽ കൊണ്ടിരുന്നു. ആരും ശ്രദ്ധിച്ചില്ല. കുറെ ദിവസങ്ങളായി അവനു പനിയായിരുന്നു. എന്തോ കഷായമൊക്കെ കൊടുത്തുകൊണ്ടിരുന്നു. പക്ഷെ മൂന്നുനാലു ദിവസങ്ങൾ മുൻപ് ഒരു വെളുപ്പിന് അവൻ മരിച്ചു.
ഇപ്പോഴും അയ്യപ്പനെ ഓർക്കുമ്പോൾ മനസ്സിൽ നിറയുന്നത് എന്റെ കുഞ്ഞു വില്ല്യം ആണ്. എന്റെ മനസ്സിൽ.. മിഴിക്കോണിൽ ഒരു നീർത്തുള്ളിയായി എന്നുമുണ്ട് എന്റെ വില്ല്യം. എന്റെ കുഞ്ഞു വില്ല്യം.