Tuesday, December 8, 2015

ഒരിടം; രണ്ടു ചിരി



രാവിലെ ധൃതിയിൽ വെള്ളയമ്പലം ബസ് സ്റ്റോപ്പിലേക്ക് വരികയാണ്. പി.എം.ജിയിലെത്തിയാൽ നേരെ ചടയമംഗലം വഴി പോകുന്ന ബസു കിട്ടും. 20 രൂപ മതി ഓട്ടോയിൽ പി.എം.ജിയിലെത്താൻ. പോക്കറ്റൊന്നു തപ്പി.

'ഓ വേണ്ട.. മെഡിക്കൽ കോളേജിനു പോകുന്ന ബസു കിട്ടിയാൽ 7 രൂപയ്ക്ക് പി.എം.ജി എത്തും', മനസ്സ് പിറുപിറുത്തു.

അപ്പോൾ ദാ വരുന്നു ഒരു തമ്പാനൂർ ബസ്. അല്ലെങ്കിലും നമ്മൾ ഒരു വഴിക്ക് പോകാനിറങ്ങിയാൽ ആ വഴിക്കുള്ള വണ്ടി വരില്ല. ബാക്കിയെവിടേക്കും കൃത്യമായി വണ്ടിയുണ്ടാകും.

അസ്വസ്ഥമായ മനസ്സോടെ ആ ബസിനു നേരെ തുറിച്ചു നോക്കി നിൽക്കുമ്പോൾ ബസിൽ നിന്നും വിറച്ചു വിറച്ച് ഇറങ്ങി വരുന്നു, ഒരു അമ്മുമ്മ. വളരെ കഷ്ടപ്പെട്ടാണ്‌ അവർ വണ്ടിയുടെ പടികൾ ഇറങ്ങിയത്‌.

വണ്ടിയിൽ ഇരട്ടമണി മുഴങ്ങി. ഡോറടഞ്ഞു. അപ്പോഴും വണ്ടിയുടെ ബോഡിയിൽ അവരുടെ കൈ ഒരു താങ്ങിനായി വച്ചിട്ടുണ്ടായിരുന്നു.

നെഞ്ചിൽ ഒരു പിടച്ചിലോടെ മുന്നോട്ടു ചാടി. അവരുടെ അടുത്തെത്താനായില്ല. പക്ഷെ, വണ്ടി അനങ്ങിയില്ല. നല്ലവനായ ഡ്രൈവർ ഇടത്ത് വശത്തെ റിയർവ്യൂ മിററിലൂടെ ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.

ഞാൻ വേഗം അമ്മുമ്മയുടെ അടുത്തെത്തി. കയ്യിൽ പിടിച്ചു ഫുട്ട് പാത്തിലേക്ക് കയറ്റി. വണ്ടി മുന്നോട്ടു നീങ്ങി.

'എവിടെ പോകാനാണ് അമ്മെ..?', ഞാൻ അവരോടു ചോദിച്ചു.

'പാങ്ങോട് പട്ടാള ക്യാമ്പ്.' അവരുടെ മറുപടി.

'അയ്യോ അതിനു ഇവിടെ നിന്നാൽ പറ്റില്ലല്ലോ അമ്മെ..' ഞാൻ സംശയത്തോടെ പറഞ്ഞു.

'ഇവിടെ നിന്ന് ഓട്ടോ കിട്ടും. ഞാൻ എല്ലാ മാസവും വരുന്നതാ..' പിന്നെയൊന്നും ഞാൻ പറഞ്ഞില്ല.

ഷെൽറ്ററിനുള്ളിലേക്ക് ഞാൻ നീങ്ങി നിന്നു.

വീണ്ടും ബസു വരുന്നുണ്ടോ എന്ന് നോക്കി അക്ഷമനായി നില്ക്കുമ്പോഴും ആ അമ്മയെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവർ ഫുട്ട് പാത്തിൽ നിന്നുകൊണ്ട് കൈ കാണിച്ചിട്ടൊന്നും ഓട്ടോ നിന്നില്ല.

ചില ഓട്ടോകൾ അടുത്തെത്തുമ്പോഴേക്കും വേറെ ആളുകൾ അതിൽ കയറിയിരുന്നുകഴിയും.

ഒടുവിൽ അവരുടെ ഒപ്പം ആ ബസിൽ നിന്നു തന്നെ ഇറങ്ങിയ ഒരു പെണ്‍കുട്ടിയും അവരോടൊപ്പം നിന്നു ഓട്ടോയ്ക്ക് കൈകാണിച്ചു നിർത്തി കയറിപ്പോയപ്പോൾ ക്ഷമ കെട്ടു ഞാനും അമ്മയുടെ സഹായത്തിനായി കൂടെ കൂടി. രാവിലത്തെ തിരക്കല്ലേ, കാലിയായി വരുന്ന ഓട്ടോകളും കുറവാണ്. ഇതിനിടെ എനിക്ക് പോകേണ്ടിയിരുന്ന രണ്ടു ബസുകൾ പോയി.

എന്തായാലും ദാ ഒരു ഓട്ടോ ദൂരെ നിന്നും ആളില്ലാതെ വരുന്നുണ്ട്. ഞാൻ പ്രതീക്ഷയോടെ കൈ പൊക്കിക്കൊണ്ട് നിന്നു. ഇടയ്ക്ക് ആ അമ്മുമ്മയെ ഒന്നു തിരിഞ്ഞു നോക്കി. അവരും എന്നെ തന്നെ നോക്കി നില്ക്കുകയാണ്. ആ മുഖത്ത് ഒരു ഓമനത്വം ഉണ്ടായിരുന്നു. എങ്കിലും കയ്യിൽ ഇരുന്ന പ്ലാസ്റ്റിക് ബാഗ്‌ ശബ്ദം കേൾപ്പിക്കുന്നത്രത്തോളം അവർ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്റെ ആ തിരിഞ്ഞു നോട്ടത്തിനിടെ ഈ കാഴ്ചകളൊക്കെ കണ്ടു ഷെൽറ്ററിനുള്ളിൽ നിന്നിരുന്ന ഒരു സ്ത്രീ ഓടി എന്റെ മുന്നിലേക്ക്‌ വന്നു ഞങ്ങൾ പ്രതീക്ഷയോടെ നോക്കി നിന്നിരുന്ന ആ ഓട്ടോയിൽ കയറി. വണ്ടി മുന്നോട്ടു നീങ്ങവേ ആക്കിയ ഒരു ചിരിയോടെ ആ മാന്യസുന്ദരി എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വയം മിടുക്കത്തി എന്നു ധരിച്ച ഒരു ചിരി.

എന്റെ വായിൽ കിടന്ന മുറുക്കാനോടൊപ്പം ഒരു തെറിവാക്ക് അരഞ്ഞു ചേർന്നു.

അടുത്ത വണ്ടിയിൽ ആ പാവം അമ്മുമ്മയെ പിടിച്ചു കയറ്റിവിട്ടു. ആ വിറയ്ക്കുന്ന കയ്യിൽ നിന്നും ഞാൻ പിടി വിട്ടപ്പോൾ എന്നെ നോക്കി അവർ ചിരിച്ച ആ ചിരിയുണ്ടല്ലോ... അതു മതി..! അതിന്റെ ഒരു തൃപ്തി പറഞ്ഞാൽ തീരില്ല...! ഈ മോഹനാംഗികൾക്ക്(?) അതു മനസ്സിലാകുകയുമില്ല...!

എത്ര ഒരുങ്ങിയാലും ദുർബ്ബലയായ ഒരമ്മയെ തിരിച്ചറിയാനാവാത്ത ഒരു മനസ്സും സുന്ദരമാകില്ല.. ഒരിക്കലും.

No comments:

Post a Comment