Thursday, July 3, 2014

എന്റെ വില്ല്യം; അയ്യപ്പനും.


മൂന്നാം ക്ലാസ്സിൽ പാതി ആയപ്പോഴാണ് അരൂർ ഗവ.യു.പി. സ്കൂളിൽ ചേരുന്നത്. അന്ന് അമ്മ അവിടെ അധ്യാപിക ആയിരുന്നു. ഞാനും അമ്മയും സ്കൂളിനു ഏതാണ്ട് അര കിലോമീറ്റർ ദൂരെയുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
അന്ന് ഞങ്ങളുടെ വീടിനു തൊട്ടടുത്ത വീട്ടിൽ എന്റെ പ്രായമുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. വില്ല്യം. ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന അവന്റെ വീട്ടുകാരുടെ പ്രധാന വരുമാന മാർഗ്ഗം കയറു പിരിക്കൽ ആയിരുന്നു. ഇന്നത്തേതു പോലെ വരവു ചകിരി പിരിക്കുകയല്ല. പല സ്ഥലത്ത് നിന്നും തൊണ്ട് സംഘടിപ്പിച്ചു വീടിനടുത്തുള്ള കുളത്തിൽ ഇടും. അത് അഴുകി പരുവമാകുമ്പോൾ എടുത്തു തല്ലി ചകിരിയാക്കി അത് പിരിച്ചു കയർ ഉണ്ടാക്കി കടകളിൽ കൊണ്ടുപോയി വിൽക്കും.
അരൂർ ക്ഷേത്രത്തിൽ ഉത്സവം വരുമ്പോൾ വില്ല്യം കപ്പലണ്ടി(നിലക്കടല) വിൽക്കും. അത് വിൽക്കുമ്പോൾ അവൻ അസ്സൽ ഒരു കച്ചവടക്കാരനായി രൂപാന്തരപ്പെടും. പത്തു പൈസ, നാലണ, അമ്പതു പൈസ എന്നിങ്ങനെ പല വിലയ്ക്കുള്ള പ്രത്യേകം പൊതികൾ കയ്യിൽ ഉണ്ടാവും. എല്ലാം കൂടെ ഒരു ചെറിയ കുട്ടയിൽ ഇട്ടുകൊണ്ട്"അണ്ട്യെ... പ്പൽണ്ട്യെ.." എന്നൊരു പ്രത്യേക താളത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടാവും നടപ്പ്. ചിലപ്പോൾ ഞാനും അവനൊപ്പം കൂടും.
അക്കാലത്ത് ഞാൻ ഒരു വലിയ അയ്യപ്പഭക്തനാണ്. ഒരിക്കൽ എവിടെ നിന്നോ അയ്യപ്പൻറെ ചിത്രമുള്ള ഒരു ലോക്കറ്റ് എനിക്ക് എവിടെ നിന്നോ കിട്ടി. ഞാൻ ഇത് സ്ഥിരം കൊണ്ടുനടക്കും. ഭക്ഷണം കഴിക്കുമ്പോൾ ലോക്കറ്റും അരികില വച്ച് അതിനു മുന്പിലും ഒരു ചെറിയ പാത്രത്തിൽ ചോറും കറികളും വയ്ക്കും. ഞാൻ കഴിച്ചു കഴിയുമ്പോൾ അയ്യപ്പൻറെ പങ്കും കഴിക്കും.
നാലാം ക്ലാസ്സിലെ പരീക്ഷ തീരുന്ന ദിവസം വില്ല്യം എന്നോട് പറഞ്ഞു, "എടാ നീ പരീക്ഷ കഴിഞ്ഞു നാട്ടിൽ പോകില്ലേ..? നിന്റെ അയ്യപ്പനെ എനിക്ക് തന്നിട്ട് പോകാമോ..? നീ രണ്ടു മാസം കഴിഞ്ഞല്ലേ വരൂ..? നിന്റെ ഓർമ്മയ്ക്ക്ഞാൻ അത് സൂക്ഷിച്ചു വയ്ക്കാം."
എന്റെ പ്രിയ സുഹൃത്തല്ലേ. തീരെ മനസ്സില്ലായിരുന്നു അത് കൊടുക്കാൻ. പക്ഷെ അവനോടു പറ്റില്ല എന്ന് പറയാനും വയ്യ. ഒടുവില ഞാൻ അത് കൊടുത്തു. അവൻ ഭദ്രമായി അത് വീട്ടിൽ കൊണ്ടുപോവുകയും ചെയ്തു.
രാത്രി അയ്യപ്പന് ചോറ് കൊടുക്കാതെ എനിക്ക് ഉണ്ണാൻ കഴിയുന്നില്ല.
"എന്താടാ നിനക്ക് ചോറ് വേണ്ടേ..?" അമ്മ ചോദിക്കുകയും ദേഷ്യപ്പെടുകയും വടി എടുക്കുകയുമൊക്കെ ചെയ്തപ്പോൾ ഞാൻ അല്പ്പം ഊണ് കഴിച്ചെന്നു വരുത്തി. നേരത്തെ ഉറങ്ങാൻ കിടന്നു. പിറ്റേ ദിവസം രാവിലെ നാട്ടിൽ പോകാനുള്ള ഒരുക്കങ്ങളിലാണ് അമ്മ.
രാത്രി എപ്പോഴോ ഞാൻ അയ്യപ്പനെ സ്വപ്നം കണ്ടുണർന്നു. ഭയങ്കര കരച്ചിലും ബഹളവുമായി. അമ്മയും കുറെ വിഷമിച്ചു. അമ്മയോട് അപ്പോഴാണ്ഞാൻ കാര്യങ്ങൾ പറയുന്നത്..സാരമില്ല നമുക്ക് രാവിലെ അത് വാങ്ങാം എന്നൊക്കെ പറഞ്ഞു അമ്മ സമാധാനിപ്പിച്ചു.
പിറ്റേന്നു വെളുപ്പിന് ന്ന്ജനും അമ്മയും കൂടെ വില്ല്യമിന്റെ വീട്ടിൽ പോയി. അമ്മ അവിടത്തെ അമ്മയോടും അവനോടും കാര്യങ്ങൾ പറഞ്ഞു. എന്റെ പ്രശ്നങ്ങൾ മനസ്സിലായ അവനും അമ്മയും കൂടെ അയ്യപ്പനെ എനിക്ക് തിരികെ തന്നു. ഞാൻ അവനോടു കണ്ണീരോടെ യാത്ര പറഞ്ഞു തിരികെ പോന്നു. പക്ഷെ അപ്പോൾ മുതൽ മനസ്സിൽ ഭയങ്കര വിഷമവും. നാട്ടിലേക്കുള്ള യാത്രയിലും ഞാൻ ആകെ വിഷണ്ണൻ ആയിരുന്നു.
നാട്ടിൽ എത്തിയപ്പോൾ അമ്മുമ്മയും അപ്പുപ്പനും എന്റെ വിഷമത്തെ കുറിച്ച് ചോദിച്ചു. അമ്മ എല്ലാം വിശദമായി പറഞ്ഞു.
"സാരമില്ല മോനെ ചുനക്കര അമ്പലത്തിലെ ആറാട്ട്അടുത്ത ദിവസമാ.. നമുക്ക് നല്ലൊരു അയ്യപ്പനെ വാങ്ങാം എന്നിട്ട് പോകുമ്പോൾ അവനു കൊടുക്കാം." അമ്മുമ്മ എന്നെ സമാധാനിപ്പിച്ചു.
അടുത്ത ദിവസം അത് വാങ്ങുകയും ചെയ്തു. പിന്നെ എത്രയും പെട്ടെന്ന് എനിക്ക് വില്ല്യമിന്റെ അടുത്ത് എത്താൻ ധൃതി ആയിരുന്നു. എങ്ങനെയൊക്കെയോ അവധിക്കാലം തള്ളിവിട്ടു.
നാട്ടിൽ നിന്നും തിരികെയുള്ള യാത്രയിൽ ഞാൻ വളരെ ഉൽസാഹവാൻ ആയിരുന്നു. എത്രയും പെട്ടെന്ന് വില്യമിനെ കാണാനുള്ള മോഹം. അവനുവേണ്ടി കരുതിയ അയ്യപ്പനെ ഞാൻ യാത്രയിലുടനീളം നിലത്തുവയ്ക്കാതെ ചേർത്തുപിടിച്ചിരുന്നു.
വീട്ടിലെത്തിയ ഉടൻ അമ്മയോട് പറഞ്ഞിട്ട് ഞാൻ വില്ല്യമിന്റെ വീട്ടിലേക്കു ഓടി. അവിടെ പതിവില്ലാത്ത ചിലരും ഉണ്ടായിരുന്നു. വില്യമിനെ ഞാൻ അവിടെയെല്ലാം തേടി. കണ്ടില്ല. ഒടുവിൽ നേരെ അവരുടെ അടുക്കളയിലേക്കു കയറി. അവന്റെ അമ്മയെ തേടി.
അവിടെ ഞാൻ കണ്ടു ഒരു ജഡം പോലെ കരി പുരണ്ട ഭിത്തിയോട് ചേർന്ന്വെറും നിലത്തു കിടക്കുന്നു അമ്മ. എനിക്കെന്തോ ദുശ്ശങ്ക തോന്നി. എങ്കിലും വിളിച്ചു, "അമ്മെ.. അമ്മെ.. വില്ല്യം എന്തെ..? ഞാൻ അവനു കൊണ്ടുവന്നതാ ഇത്..."
ഭ്രാന്തു പിടിച്ചതുപോലെ പൊട്ടിക്കരഞ്ഞുകൊണ്ട് അവർ എണീറ്റ്എന്നെ വാരിപ്പുണർന്നു. എന്റെ കയ്യിൽ നിന്നും അയ്യപ്പനെ അവർ വാങ്ങിയില്ല.. എന്റെ മുഖത്ത് ഒരുപാട് ഉമ്മകൾ തന്നുകൊണ്ട് അവർ എങ്ങിപ്പറഞ്ഞു..
"പോയി മോനെ... നിന്റെ വില്ല്യം പോയി..." ഒന്നും മനസ്സിലാകാതിരുന്ന എന്നെ ആരൊക്കെയോ അവരുടെ കയ്യിൽ നിന്നും പിടിച്ചു മാറ്റി. ഞാൻ അമ്പരപ്പോടെ വീട്ടിലേക്കു ഓടി.
വീട്ടിൽ ചെന്നപ്പോഴേക്കും അമ്മ കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞിരുന്നു. എന്നോ ഒരു തുരുമ്പിച്ച ആണി അവന്റെ കാലിൽ കൊണ്ടിരുന്നു. ആരും ശ്രദ്ധിച്ചില്ല. കുറെ ദിവസങ്ങളായി അവനു പനിയായിരുന്നു. എന്തോ കഷായമൊക്കെ കൊടുത്തുകൊണ്ടിരുന്നു. പക്ഷെ മൂന്നുനാലു ദിവസങ്ങൾ മുൻപ് ഒരു വെളുപ്പിന് അവൻ മരിച്ചു.
ഇപ്പോഴും അയ്യപ്പനെ ഓർക്കുമ്പോൾ മനസ്സിൽ നിറയുന്നത് എന്റെ കുഞ്ഞു വില്ല്യം ആണ്. എന്റെ മനസ്സിൽ.. മിഴിക്കോണിൽ ഒരു നീർത്തുള്ളിയായി എന്നുമുണ്ട് എന്റെ വില്ല്യം. എന്റെ കുഞ്ഞു വില്ല്യം.

No comments:

Post a Comment