Monday, March 6, 2017

കാണാപ്പുറം

അങ്ങിങ്ങായി ചിതറി വീഴുന്ന ചെറിയ വെളിച്ചത്തുണ്ടുകൾക്കിടെ നിഴൽരൂപം അമർന്നിട്ടില്ലാത്ത ഒരു കസേര കണ്ടെത്താൻ തലപ്പാവു ചുറ്റിയ രാജഭൃത്യനേ ഓർമിപ്പിച്ച ആ ബെയറർ സഹായിച്ചു. മോഹിപ്പിക്കുന്ന വേഷവിധാനങ്ങളോടെ ഇവിടെ തങ്ങളുടെ പുരുഷന്മാരോട് (അതോ കാമുകരോ..) ഒപ്പം വന്ന യുവതികളെ അവൻ കൌതുകത്തോടെ നോക്കി. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. കൊക്കുരുമ്മുന്ന പക്ഷികളെ പോലെ ചിലർ... ചുണ്ട് കോർക്കുന്നതും കെട്ടിപ്പുണരുന്നതും അവനിൽ മിശ്രവികാരങ്ങൾ ഉണർത്തി..
ഏസീയുടെ കുളിർമ്മ ശരീരത്തിനുള്ളിലേക്ക് അരിച്ചു കയറാൻ തുടങ്ങിയപ്പോൾ ഒരു സിഗരറ്റു വലിച്ചാലോ എന്ന് തോന്നിയെങ്കിലും കയറിവരുമ്പോൾ കണ്ട 'നോ സ്മോക്കിംഗ് ഏരിയ' എന്ന ബോർഡ് അവനോർത്തപ്പോൾ അതു വേണ്ടെന്നു വച്ചു.
ഇവിടെ വച്ച് ഒന്നു കാണണമെന്ന് ഫ്രെഞ്ചു പറഞ്ഞത് എന്തിനാണ് എന്നറിയില്ല. അവൻ ഇനി എപ്പോൾ വരുമോ എന്തോ..
യാദൃശ്ചികമായാണ് അവന്റെ കണ്ണുകൾ ആ ഇരുണ്ട മൂലയിലേക്ക് പാറി വീണത്‌. അവിടെ രണ്ടു ചെറുപ്പക്കാർക്കിടയിൽ ആധുനികവേഷവിധാനങ്ങളുമായി ഒരു പെണ്‍കുട്ടി. അവൻ ഒന്നു ഞെട്ടി.. ഇത്.. ഇത് രാജിയല്ലേ..? തെക്കേലെ രഘുവണ്ണന്റെ മകൾ.. അവൻ കണ്ണു വീണ്ടും വീണ്ടും തുടച്ചു നോക്കി.. അതെ അവൾ തന്നെ..
രഘുവണ്ണൻ അച്ഛന്റെ അടുത്ത സുഹൃത്താണ്. നിത്യജീവിതത്തിനായി തെങ്ങുകയറുന്ന പാവം. രണ്ടു വർഷം മുൻപ് മകൾ പ്ലസ് റ്റൂവിന് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയപ്പോൾ നാട്ടുകാർക്കു മുഴുവൻ സദ്യയൊരുക്കി കൊടുത്ത സ്നേഹധനനായ അച്ഛൻ. അന്ന് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയതിനു നാട്ടുകാർ പിരിവിട്ടു ഒരു തുക നല്കി അനുമോദിച്ച കുട്ടി. ഈ പട്ടണത്തിലാണ് അവൾ പഠിക്കുന്നത് എന്നറിയാമായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു രാജി വരുമെന്ന് പറഞ്ഞു അവൾക്കു വേണ്ടതൊക്കെ വാങ്ങാൻ വേണ്ടി അച്ഛന്റെ കയ്യിൽ നിന്നും രഘുവണ്ണന്റെ ഭാര്യ രാജമ്മച്ചേച്ചി ആയിരം രൂപ വാങ്ങിയത് ഇന്നലെയായിരുന്നു. പക്ഷെ ഇത്...
ഫ്രെഞ്ചു വന്നതും അവനോടൊപ്പം തീതൈലം വിഴുങ്ങിയതും അവൻ ഒരു ജോലി വാഗ്ദാനം ചെയ്തതുമൊന്നും അറിഞ്ഞില്ല..ഒന്നും കേൾക്കാൻ കഴിയുമായിരുന്നില്ല.. മനസ്സിൽ നിറയെ രഘുവണ്ണനും രാജമ്മച്ചേച്ചിയുമായിരുന്നു. കാണേണ്ടിയിരുന്നില്ല ഇതൊന്നും... ഇവിടെ വരേണ്ടിയിരുന്നില്ല... ദൈവമേ...

No comments:

Post a Comment