Wednesday, December 2, 2015

മഹാഭാരതത്തിലെ നെടുവീർപ്പ് !



മേഘ പാളികൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നിലാവു പോലെ കോമളൻ. മന്ദസ്മേരം പൊഴിച്ച അമ്പിളിയെ കണ്ട ആമ്പലിൻ വിവശതയിൽ സ്വയം മറന്നവൾ നിന്നു.


നാഗരാജൻ കൗരവ്യന്റെ ഏക മകൾ... ഉലൂപി.


വെണ്ണ തോല്ക്കുമുടലിൽ ബാധിച്ച പാരവശ്യം പ്രകടമാണ്. നീരിൽ നിന്നും എറിയപ്പെട്ട, വെയിലേറ്റ താമരത്തണ്ടു പോലെ അവൾ തളർന്നത് ആ യുവ കോമളനെ കണ്ടിട്ടാണ്.


ധർമ്മം കാക്കാൻ ബ്രഹ്മചര്യം നോറ്റു വനവാസത്തിനിറങ്ങിയ പാർത്ഥനായിരുന്നു ഉലൂപിയുടെ മനസ്സു തളർത്തിയ ആ സുന്ദരൻ.


വികാരം വിവേകത്തെ ഭരിച്ചപ്പോൾ ഗംഗയിൽ സ്നാനത്തിനിറങ്ങിയ പാർത്ഥനിൽ അവൾ പ്രയോഗിച്ചത് ബോധം മറയ്ക്കുന്നതിനുള്ള വിഷത്തുള്ളികൾ.


ഇരുളിലേക്കു മറഞ്ഞ ബോധവുമായി ഗംഗയുടെ ആഴങ്ങളിലേക്കമർന്ന വിജയനെ ഉലൂപിയും സഖിമാരും നാഗപ്രാസാദത്തിലേക്കു മാറ്റി. ഉലൂപിയുടെ അന്തപ്പുരത്തിലേക്ക്.


അരുണകിരണങ്ങൾ മിഴികളിൽ നനുത്ത സ്പർശനമേകിയപ്പോൾ സുന്ദരമായൊരു സ്വപ്നം പോലെ ഫല്ഗുനന്റെ കാഴ്ചയിൽ തെളിഞ്ഞു വന്നത് അതിമനോഹരിയായ ഒരു തരുണി. കാമബാണമേറ്റു വാടിത്തളർന്ന ആ രൂപത്തിന് അഭൗമമായ ഒരു വശ്യതയുണ്ടായിരുന്നു.


മിഴി തുറന്ന പാർത്ഥനു മുന്നിൽ നിസ്സങ്കോചം അവൾ മനസ്സു തുറന്നു.


"പ്രിയനേ... അങ്ങയുടെ ഈ സുന്ദര രൂപം എന്റെ മനസ്സിനെ മഥിപ്പിക്കുന്നു. പ്രളയതുല്യം കാമമോഹം ആത്മാവിനെ ഉലച്ചപ്പോൾ ഹരിതാഭമായൊരു തുരുത്തായി എന്റെ മുന്നിലേക്ക്‌ അങ്ങ് വന്നു. എന്നെ പ്രസാദമായി സ്വീകരിച്ചാലും."


ചെതോഹരിയായ ആ യുവസുന്ദരി അർജ്ജുനന്റെ മാറിലേക്ക്‌ ചാഞ്ഞപ്പോൾ പ്രേയസീസാമീപ്യം എന്നോ മറന്നുപോയ പാണ്ഡവന് തൻറെ പാണീലതകൾ ആ പുലർകാലപുഷ്പത്തെ പുണരുന്നതിൽ നിന്നു തടയാനായില്ല.


മദനത്തിരകളടങ്ങി ശാന്തമായപ്പോൾ ലജ്ജാവിവശത ഉലൂപിയുടെ കവിളുകളിൽ ചെഞ്ചായം പടർത്തി. മിഴികളിൽ അടർന്നുവീഴാൻ പാകത്തിൽ നിന്ന രണ്ടു സ്ഫടികമുത്തുകളെ കൈപ്പുറം കൊണ്ട് തകർത്തു തെറിപ്പിച്ചുകൊണ്ട് അവൾ കൊഞ്ചി,


''എൻറെ ദേവാ... എൻറെ കാന്തനായി എന്നും അങ്ങെൻറെ ഹൃദയത്തിലുണ്ടാകും. ഈ പ്രാസാദം അങ്ങയുടെ സ്വന്തം.''


നിർമ്മമതയോടെ അർജ്ജുനൻ പ്രതിവചിച്ചു, ''പ്രിയേ ഇത് നാഗരാജൻ കൗരവ്യൻറെ പ്രാസാദമാണ്. നീയിപ്പോൾ എന്നോടൊപ്പം പോരിക. അല്ലെങ്കിൽ ഞാനെത്തുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലേക്ക് നിനക്കു വരാം. ദ്രൗപദിയുടെ സപത്നിയായി നിനക്കവിടെ സസുഖം വാഴാം.''


പാർത്ഥവാചകങ്ങൾ മേഘപടലം സൂര്യനിലെന്നപോലെ കമലസമാനമായ അവളുടെ മുഖത്തു നിഴൽ പരത്തി.


''പ്രഭോ, കൗരവ്യൻറെ ഏകമകളാണു ഞാൻ. ഈ രാജ്യത്തിൻറെ അവകാശി. അങ്ങേയ്ക്കിവിടം സ്വന്തം രാജധാനിയാക്കാം. നമ്മുടെ സന്തതി പിൽക്കാല രാജാവാകും. ഇന്ദ്രപ്രസ്ഥത്തിൽ അതിനവസരമുണ്ടാകില്ലല്ലോ...!''


പ്രതീക്ഷയോടെയുള്ള ആ വാചകങ്ങൾ പക്ഷേ വില്ലാളിയായ കിരീടിയിൽ അമർഷമാണുണ്ടാക്കിയത്.


''ഉലൂപീ, ധർമ്മരാജനായ യുധിഷ്ഠിരൻറെ അനുജനാണു ഞാൻ.


എനിക്കെൻറെ ധർമ്മമാണു പ്രധാനം.


നിനക്കെപ്പോൾ വേണമെങ്കിലും ഇന്ദ്രപ്രസ്ഥത്തിലേക്കു വരാം. ഇപ്പോൾ ഞാൻ വിടചൊല്ലുന്നു.''


ഇതു പറഞ്ഞു പ്രാസാദം വിട്ടു നടന്നിറങ്ങിയ വില്ലാളിയുടെ വഴി തടയാൻ ഉലൂപി തുനിഞ്ഞില്ല.


നാളുകൾ പിന്നിട്ടപ്പോഴാണ് കൗരവ്യൻറെ അനന്തരാവകാശി തൻറെ ഉദരത്തിൽ ചലനശേഷി പ്രാപിച്ചത് അവൾ തിരിച്ചറിഞ്ഞത്.


അർജ്ജുനൻറെ പ്രണയോപഹാരം.


മാസങ്ങൾ കഴിഞ്ഞു.


ആഗ്രഹം പോലെ ഉലൂപിക്ക് പിറന്നത് ഐശ്വര്യവും ആരോഗ്യവുമുള്ള പുരുഷശിശുവാണ്. അവന് ഇരാവാൻ എന്നു പേരിട്ടു. അവനെ അക്ഷരവിദ്യയിലും ആയുധവിദ്യയിലും സാമർത്ഥ്യമുള്ളവനായി വളർത്താൻ ഉലൂപിക്കും കൗരവ്യനും കഴിഞ്ഞു.


എന്നാൽ ജീവിതത്തിൽ ഏതാനും മണിക്കൂറുകളുടെ ദാമ്പത്യം മാത്രമനുഭവിച്ച പാവം നാഗകുമാരിയുടെ ശിഷ്ടകാലം ദൈർഘ്യമേറിയൊരു നെടുവീർപ്പു മാത്രമായിത്തീർന്നു.


ഉരുകിയുയരുന്ന മോഹാഗ്നിയുടെ കൊടുംചൂടു വമിക്കുന്നൊരു നെടുവീർപ്പ്.


മഹാഭാരതത്തിൻറെ ഇരുളറയിൽ എന്നും മറഞ്ഞുനിൽക്കുന്ന ചുടുനെടുവീർപ്പ്...!

No comments:

Post a Comment