Wednesday, October 22, 2014

ഒരു സ്വപ്നച്ചിന്ത്

മരണത്തിന്റെ തണുപ്പിലായിരുന്നു അന്നു നീ.
ചെങ്കുരുന്നിക്കയത്തിന്റെ ആഴത്തില്‍ നിന്നെ കണ്ടപ്പോള്‍
വയലറ്റുനിറമായിരുന്നു ചുറ്റും.
ഞെരിച്ചുകൊല്ലാന്‍ മാത്രം ശക്തി
ജലത്തിനുണ്ടെന്നു തിരിച്ചറിഞ്ഞത് അന്നായിരുന്നു.
വാടിയ ചേമ്പില പോലെ ആഴങ്ങളിലേക്കടിയുന്ന നിന്നെ
നെഞ്ചോടു ചേര്‍ത്ത് പതച്ചുപൊങ്ങുമ്പോള്‍
ശ്വാസം മുട്ടിയില്ല.
എന്നിലും കൂടുതല്‍ ഞാന്‍ സ്നേഹിച്ചിരുന്നത് നിന്നെയായിരുന്നോ?
അതോ നിന്റെ മിഴികളിലെ നക്ഷത്രപ്പൊടിയുടെ
തിളക്കമാണ് എന്റെ ജീവന്‍ നില നിര്‍ത്തുന്നതെന്ന
സ്വാര്‍ത്ഥമായ തിരിച്ചറിവോ?
കാത്തിരിപ്പിന്റെ കറുത്തദിനങ്ങള്‍ക്കൊടുവില്‍
എന്റെ ജീവിതച്ചിരി നിന്റെ ചുണ്ടുകളില്‍ തെളിഞ്ഞു.
മരണസ്വപ്നങ്ങളില്‍ നിന്നും നീ മുക്തയായപ്പോള്‍
എനിക്കു തിരികെ കിട്ടിയത്
ഒരു വയലറ്റു സ്വപ്നമായിരുന്നു.
അതില്‍ രതിമധുരം കലര്‍ന്നത് എന്നെന്ന് ഓര്‍മ്മയില്ല.
കയത്തിന്റെ ആഴങ്ങളില്‍ തളര്‍ന്നുലഞ്ഞ രൂപം
എന്നും ഉണര്‍വ്വേകുന്നു.
മരണമല്ല ശരി ജീവിതം തന്നെയെന്നൊരു
മധുരചിന്തയാണ് നീയിന്നെനിക്ക്.
ഒരു സ്വപ്നച്ചിന്ത്.

4 comments:

  1. മരണമല്ല ശരി ജീവിതം തന്നെയെന്നൊരു
    മധുരചിന്തയാണ് നീയിന്നെനിക്ക്.
    ഒരു സ്വപ്നച്ചിന്ത്.
    നല്ല വരികള്‍ ചേട്ടാ

    ReplyDelete
  2. സ്നേഹം പ്രീതാ.... പ്രവാഹിനി

    ReplyDelete
  3. നന്നായിരിയ്ക്കുന്നു, ആശംസകള്‍

    ReplyDelete