Monday, June 23, 2014

ചാരിത്ര്യത്തിന്റെ മറുവശം

നല്ല മഴയുള്ള ഒരു അവധി ദിവസം ഉച്ച കഴിഞ്ഞപ്പോഴാണ് മനുവിന്റെ താമസസ്ഥലത്തേക്ക് അഖിലും മറ്റു സുഹൃത്തുക്കളും എത്തിയത്. അഖിൽ അന്ന് കോളേജിലെ രാഷ്ട്രീയ നേതാവാണ്‌. സമ്പന്നനും. ഒപ്പമുള്ളവരിൽ ഒരാൾ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അനുജൻ, രാജീവൻ. കൂടെയുള്ളതു ലാലു. എന്ത് തരികിടയ്ക്കും അഖിലിനൊപ്പം നിൽക്കുന്നവൻ.
"നീ വൈകിട്ട് നാട്ടിൽ പോകുന്നുണ്ടോ..?" അഖിലിന്റെ ചോദ്യം.
"ഇല്ലെടാ ഈയാഴ്ച പോകുന്നില്ല. എന്തെടാ..?" മനു അന്വേഷിച്ചു.
ഒരു ദിവസം അവധിയുണ്ടെങ്കിൽ മനു വീട് പിടിക്കാൻ നോക്കും. എന്നാൽ ഇന്ന് കുറച്ചു പാഠഭാഗങ്ങൾ നോക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതിനാൽ വാടകവീട്ടിൽ തന്നെ കഴിയാം എന്ന് കരുതിയിരിക്കുകയാണ്.
"എന്നാൽ ഞങ്ങൾ രാത്രീൽ വരാം. ഒരു പാർട്ടീം കൂടെ കാണും." സന്തോഷ ഭാവത്തിൽ അഖിൽ പറഞ്ഞു.
"ആരെടാ..?"
"അതൊന്നും നീയറിയേണ്ടാ. നീ ഇന്ന് രാത്രി പുതിയൊരു ജന്മത്തിനു തുടക്കം കുറിക്കുന്നു. അത്രേം കരുതിയാൽ മതി." ലാലു പരിഹാസച്ചിരിയോടെ പറഞ്ഞു. 
"പിന്നെ ഫുഡ്ഡൊക്കെ ഞങ്ങൾ കൊണ്ടുവരാം. നീ എങ്ങും പോകണ്ടാ.." രാജീവൻ കൂട്ടിച്ചേർത്തു.
എന്താണാവോ ഇവന്റെയൊക്കെ ഭാവം. മനു തല ചൊറിഞ്ഞു നിന്നപ്പോൾ അഖിലും സംഘവും രണ്ടു ബൈക്കുകളിലായി പുറത്തേക്കിറങ്ങി.
വീട് വാടകയ്ക്ക് എടുത്തത് തന്നെ അഖിലിന്റെ നിർബന്ധപ്രകാരമാണ്. വാടക കൊടുക്കുന്നതും അവൻ തന്നെ. പിന്നെ എപ്പോൾ എന്ത് ആവശ്യത്തിനും മനുവിനോടൊപ്പം അവൻ നിൽക്കാറുണ്ട്. നല്ലൊരു സുഹൃത്താണ് അവൻ. പിന്നെന്തിനു കൂടുതൽ ചിന്തിക്കണം. അവൻ പുസ്തകത്തിലേക്ക് തല പൂഴ്ത്തി.
രാത്രി എട്ടുമണിയായപ്പോൾ രാജീവനും ലാലുവും കൂടി ഒരു ബൈക്കിൽ എത്തി. പൊറോട്ട, ചിക്കൻ, ചപ്പാത്തി തുടങ്ങി വിഭവസമൃദ്ധമായ അത്താഴപ്പൊതിയും കരുതിയിരുന്നു. രാജീവനെ വിട്ടിട്ടു ലാലു തിരികെ പോയി.
"അഖിൽ എവിടെ രാജീവാ..?" മനു അന്വേഷിച്ചു.
"അവൻ ഒരു കക്ഷിയെ പൊക്കാൻ പോയേക്കുവാ. പത്തു മണി കഴിയുമ്പോൾ വരും." ചിരിയോടെ രാജീവൻ പറഞ്ഞു.
"ആരാടാ..? എന്തേലും തരികിട പരിപാടിയാണോ..?" മനുവിന് ആകാംക്ഷയായി.
"നീയൊന്നു മിണ്ടാതിരിക്ക്‌. നമുക്ക് രണ്ടെണ്ണം വിടാം. എന്റെ കയ്യിൽ സാധനമുണ്ട്. നീ വാ." രാജീവൻ മനുവിനെയും കൂട്ടി അടുക്കളയിലേക്കു കയറി.
ഒന്നും രണ്ടും പെഗ്ഗുകൾ വിഴുങ്ങി ഇരുവരും കലാ, സാഹിത്യ, രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്നു. അതങ്ങനെ നീണ്ടു നീണ്ടു പോയി. ഏതാണ്ട് പതിനൊന്നു മണിയോടടുത്തപ്പോൾ ലാലു ബൈക്കിൽ മുറ്റത്തേക്ക്‌ വന്നു. ബൈക്ക് സ്റ്റാൻഡിൽ വച്ച ശേഷം അവൻ ഓടിക്കയറിവന്നു മുൻവശത്തുള്ള ലൈറ്റുകൾ ഓഫാക്കി. തൊട്ടു പിന്നാലെ അടുത്ത ബൈക്കിൽ അഖിലും വന്നു. അഖിലിനൊപ്പം ഒരു നിഴൽ പോലെ ഉണ്ടായിരുന്ന ആളെ അകത്തെത്തിയ ശേഷമാണ് മനു കാണുന്നത്. തലമൂടി സാരിയിട്ടിരുന്ന ഒരു സ്ത്രീ.
"എന്താടാ ഇത്..? എന്താ നിന്റെ ഭാവം..?" മനു ചൂടായി.
"നീയൊന്നും പറയേണ്ടാ. നീയിങ്ങു വാ." അഖിൽ അവനെ വിളിച്ചുകൊണ്ടുപോയി. "നീയിവിടിരിക്ക്. ഞങ്ങൾ മാറിമാറി നിനക്ക് കൂട്ടിരിക്കാം. അവൾക്കും."
മനു നേരെ അടുക്കളയിലേക്കു പോയി രാജീവൻ കൊണ്ട് വന്ന മദ്യം രണ്ടു മൂന്നു തവണ മടമടാന്നു കുടിച്ചു. പിന്നെ അവന്റെ വായനാ മുറിയിലേക്ക് പോയി.
മണിക്കൂറുകൾ കടന്നു പോയി. ഇടയ്ക്ക് ലാലു വന്നു അവനെ നോക്കിയിട്ട് പോയതും അവനറിഞ്ഞു. മൂന്നു മണിയായപ്പോൾ അഖിൽ അവന്റെയടുത്തെത്തി. "എടാ ഇതൊക്കെ ജീവിതത്തിലെ ഒരു രസമല്ലേ...? നീയൊരു കാര്യം ചെയ്യു. നീ അവളുടെയടുത്തൊന്നു പോയിനോക്ക്‌ . എല്ലാം അറിഞ്ഞിരിക്കേണ്ടേ..? വാ എണീല്ക്ക്..." അഖിൽ അവന്റെ കയ്യിൽ പിടിച്ചു അകത്തെ മുറിയിലേക്ക് പോയി. ലാലുവും രാജീവനും പരസ്പരം കണ്ണിറുക്കി ചിരിക്കുന്നത് അവൻ കാണാതിരുന്നില്ല.
മുറിയിലേക്ക് കടന്നപ്പോൾ അവൻ കണ്ടു. മാറിനു മുകളിൽ വച്ച് പാവാട ഉടുത്തു  കിടക്കയിലിരിക്കുന്ന സ്ത്രീയെ.
"ഡീ ഇവന് ഒന്നും അറിയില്ല. എല്ലാമൊന്നു പഠിപ്പിച്ചു കൊടുക്കണം കേട്ടോ." അഖിൽ അവളോട്‌ അത് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി വാതിലടച്ചു.
വശ്യമായ ഒരു ചിരിയോടെ അവൾ എണീറ്റ്‌ അവന്റെ കയ്യിൽ പിടിച്ചു. അവളോട്‌ ചേർന്നു അവനും കിടക്കയിലിരുന്നു.
"വാ മോനെ.." അവന്റെ കയ്യിൽ പിടിച്ചു കിടത്താൻ ശ്രമിച്ച അവളുടെ കൈ ബലമായി പിടിച്ചു മാറ്റി അവൻ ചോദിച്ചു,
"ഇതെങ്ങനെ നിങ്ങൾക്ക് സാധിക്കുന്നു..? ഞാൻ നാലാമത്തെ ആളല്ലേ..?"
"അതിനെന്താ എനിക്കതൊരു പ്രശ്നമല്ലല്ലോ..." അഭിമാനം സ്ഫുരിച്ച ശബ്ദം പോലെയാണ് അവനതു തോന്നിയത്.
"നിങ്ങൾക്കിതിൽ നിന്നും എന്ത് സുഖം കിട്ടും..?"
"നിങ്ങൾക്ക് കിട്ടുന്ന സുഖം തന്നെ എനിക്കും കിട്ടും" അവൾ ചിരിയോടെ മൊഴിഞ്ഞു.
"കള്ളം. കള്ളമാണ്. ആർക്കും ഒരേ തവണ പലരെ പ്രാപിക്കുമ്പോൾ സുഖമല്ല കിട്ടുക." മനുവിന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തു.
ആ സ്ത്രീയിൽ അതുവരെയുള്ള ലോലഭാവം മാറിയത് പൊടുന്നനെയായിരുന്നു. മുഖം രൗദ്രതയാർന്നു. കണ്ണുകളിൽ നിന്നും തീ പറക്കുംപോലെ മനുവിന് തോന്നി.
"എനിക്ക് സുഖമാണ്. വല്ലവനും വേണ്ടി തല്ലുണ്ടാക്കിയിരുന്ന എന്റെ കെട്ട്യോൻ ആരുടെയോ വെട്ടേറ്റു രണ്ടു കാലും ഒരു കയ്യും ഇല്ലാതെ എന്റെ വീട്ടിലുണ്ട്. അയാൾക്ക്‌ വേണ്ടതെല്ലാം... എന്റെ ശരീരവും കൊടുക്കുമ്പോൾ എനിക്ക് സുഖമാണ്. എന്റെ രണ്ടു മക്കളുടെയും വയറു നിറഞ്ഞു അവരുടെ മുഖത്തു സന്തോഷം കാണുമ്പോൾ എനിക്ക് സുഖമാണ്. കാശൊള്ളവന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ എന്റെ  കുഞ്ഞുങ്ങളും പഠിക്കുമ്പോൾ.., അവരെ വിളിക്കാനും മുറ്റത്തു വണ്ടി വന്നു നിക്കുമ്പോൾ എനിക്ക് സുഖമാണ്. കണ്ട എരപ്പയോടൊന്നും  ഞാൻ തെണ്ടുന്നില്ല. എന്റെ ശരീരം കൊടുത്തു ഞാൻ ഉണ്ണുമ്പോൾ കഴയ്ക്കുന്നവനൊക്കെ കഴക്കട്ടെ. അവനൊക്കെയാ സൊന്തം അമ്മയേം പെങ്ങളേം കേറിപ്പിടിക്കുന്നത്. എന്നിട്ടെന്റെ സൊഹം അന്വേഷിക്കുന്നു.. ത്ഫൂൂ.." 
ബഹളം കേട്ട് മുറിയിലേക്ക് ഓടി വന്ന എല്ലാവരുടെയും മുൻപിൽ നിന്ന് പിറുപിറുപ്പോടെ അവർ വസ്ത്രം ധരിച്ചു.
"എന്താടാ എന്താ പറ്റിയെ" എന്ന കൂട്ടുകാരുടെ ചോദ്യം മനു കേട്ടില്ല. അവന്റെ ബോധമണ്ഡലം മുഴുവൻ ആ സ്ത്രീയുടെ കണ്ണുകളിലെ അഗ്നിയായിരുന്നു. വാക്കുകളിലെ കരുത്തായിരുന്നു. എന്തൊക്കെയോ ചില വസ്തുതകൾ അവന്റെ ബോധത്തിലേക്ക്‌ അരിച്ചിറങ്ങുന്നത് പോലെ... പിന്നെ ഒന്നും മിണ്ടാതെ അവൻ പുറത്തേക്കിറങ്ങി... മുറ്റത്തേക്ക്‌.. പിന്നെ മുറ്റവും കടന്നു നടന്നു.. എങ്ങോട്ടെന്നില്ലാതെ.

No comments:

Post a Comment