Saturday, June 21, 2014

തേങ്ങലിൻ മണമുള്ള ഓർമ്മ

ഇന്ന് മറ്റൊരു ജൂണ്‍ 21. ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു തേങ്ങലിന്റെ ഓർമ്മയാണ്‌ ഈ ദിനത്തിന്. രക്ത ഗന്ധം കിനിയുന്ന ഓർമ്മ. എന്റെ സഹോദര തുല്യനും പ്രിയസഖാവുമായിരുന്ന അജിത് വെട്ടേറ്റു മരിച്ചത് 1991 ജൂണ്‍ 21 നായിരുന്നു.
1986 ലെ ഡിസംബറിൽ സ. ഭുവനേശ്വരൻ രക്തസാക്ഷി ദിനതിനായിരുന്നു ആദ്യമായി അജിത്‌ എന്നെ ഒരു സംഘടനാ (SFI ) പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. കരിമുളക്കലിൽ ഉള്ള ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒരു സൈക്കിൾ റാലി.
ക്രമേണ വ്യക്തി ബന്ധവും കുടുംബ ബന്ധവും ശക്തമായി. ചുരുങ്ങിയ കാലം കൊണ്ട് സംഘടനാ രംഗത്ത്‌ ഞാൻ വളർന്നു. ഒപ്പം ഞങ്ങളുടെ സൌഹൃദവും.
കുറത്തികാടിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലും കാറും കോളും നിറഞ്ഞു. ഏതാണ്ട് പ്രതിവർഷം ഒരു കൊലപാതകം എന്ന നിലയിലേക്ക് വഷളായ അവസ്ഥ. പലപ്പോഴും ഭീകരത അന്തരീക്ഷത്തിൽ പടരും. ചോരത്തിളപ്പിന്റെ ആവേശം വീട് മറന്നും രാപകലില്ലാതെ സംഘർഷങ്ങളിലേക്ക് എന്റെ സുഹൃത്തുക്കൾക്കൊപ്പം എന്നെയും പിടിച്ചിറക്കി.
ആക്രമണവും പ്രത്യാക്രമണവും ഒക്കെയായി 89, 90, 91 കാലങ്ങൾ കടന്നുപോയി. ഇക്കാലം കായംകുളം എം എസ് എം കോളേജിലെ എന്റെ ഡിഗ്രീ പഠനകാലം കൂടെയായിരുന്നു. എന്തിനും കൂടെ നില്ക്കാൻ പോന്ന സൌഹൃദങ്ങൾ കോളേജിലും മുതല്ക്കൂട്ടായി.
അജിത്തിന്റെ മരണത്തിൽ കലാശിച്ച പ്രശ്നങ്ങളുടെ തുടക്കം 91 ഏപ്രിൽ 18 ആയിരുന്നു. അജിത്തിന്റെ അച്ഛന് നേരെ ഉണ്ടായ ആക്രമണം. മെയ്‌ 1 നു പ്രത്യാക്രമണം. തുടർന്ന് അജിത്തിനെയും എന്നെയും കേന്ദ്രീകരിച്ചു നടന്ന പ്ലാനിംഗുകൾ.
ജൂണ്‍ 18 എന്റെ ഒരു പരീക്ഷയുണ്ട്. രാവിലെ കായംകുളത്തിന് പോയി. കായംകുളത്ത് എന്റെ സുഹൃത്തും അവിടത്തെ SFI നേതാവുമായിരുന്നു എസ് നജീബിന്റെ വീട്ടിൽ ഉച്ചവരെ കഴിച്ചു കൂട്ടി. ഉച്ചയ്ക്ക് കോളെജിലേക്ക് നടക്കുമ്പോൾ വീടിനടുത്തു തടത്തിലാലിൽ ഉള്ള ഷിബു നൈനാൻ പിന്നിൽ നിന്നും വിളിച്ചു.
"പ്രദീപേ നീയറിഞ്ഞില്ലേ..? അജിത്തിന് വെട്ടേറ്റു. മാവേലിക്കര ഗവ: ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി."
ശരീരത്തിൽ പൊടുന്നനെ തീ പിടിച്ചത് പോലെയാണ് തോന്നിയത്. ഉടൻ തന്നെ അടുത്ത ബസിൽ കയറി മാവേലിക്കരയ്ക്ക് പോയി.  ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ നിന്നും മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി എന്നറിയുന്നത്.
നേരെ കുറത്തികാട്ടെക്ക് പോകാം എന്ന് കരുതി സ്ടാന്റിലേക്ക് നടക്കുമ്പോൾ ഹൈസ്കൂൾ ജംഗ്ഷനിലെ സൂപ്പർ തയ്യൽ കടയിലെ തയ്യൽക്കാരായിരുന്ന രണ്ടു രാജേന്ദ്രൻമാർ സൈക്കിളിൽ വരുന്നു. കണ്ടയുടൻ അവർ പറഞ്ഞത് "ഇപ്പോൾ അളിയൻ അങ്ങോട്ട്‌ പോകരുത്. പ്രശ്നമാണ് എന്നാണ്.
പിന്നെ നേരെ മെഡിക്കൽ കോളെജിലേക്ക് പോകാം എന്ന് കരുതി. അപ്പോഴാണ്‌ കയ്യിൽ പൈസ കുറവാണല്ലോ എന്ന് ഓർക്കുന്നത്. ഭാഗ്യത്തിന് അജിത്തിന്റെ ബന്ധു കൂടിയായ മധു എന്ന സുഹൃത്തിനെ അവിടെ വച്ച് കണ്ടു. മധുവിന്റെ കയ്യിൽ ഉണ്ടായിരുന്ന 30 രൂപ കൂടി വാങ്ങി നേരെ ആലപ്പുഴ ബസിൽ കയറി.
ഹോസ്പിറ്റലിൽ എത്തുമ്പോൾ ആദ്യം കണ്ടത് ഷാജിയണ്ണനെയാണ്. "എടാ ബ്ലഡ് വേണം. ബി+." എന്റെ രക്തഗ്രൂപ്പും അതുതന്നെയാണ്. ആദ്യം രക്തം കൊടുത്തു. അതുകഴിഞ്ഞ് അജിത്തിന്റെ അടുത്തെത്തി. എല്ലാ സുഹൃത്തുക്കളും സഖാക്കളും ഉണ്ട്. കാലിൽ മാത്രമാണ് മുറിവുകൾ. വെട്ടിയറഞ്ഞുകളഞ്ഞു ദുഷ്ടന്മാർ. വേദനയോടെയെങ്കിലും ആ സമയം സംസാരിച്ചിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിലും.
പക്ഷെ 21 നു പുലർച്ചെ ഒരൽപം ഭേദമുണ്ട് എന്ന് തോന്നിപ്പിച്ച ശേഷം കണ്ണുകൾ അടച്ചു. എന്നെന്നേക്കുമായി.
എന്റെ മനസ്സിൽ പിന്നീടുണ്ടായത് ഒരു ശൂന്യത മാത്രമായിരുന്നു.
അക്കാലത്തെ ശരികളും വസ്തുതകളും അറിഞ്ഞു കൂടെ നിന്ന ഒരാളെ ഇവിടെ ഓർക്കാതിരിക്കാനും ആവില്ല എന്റെ മുരളിയെ. മുരളിയെ ഒരുപാടു തവണ ഇവിടെ പരാമർശിച്ചിട്ടുണ്ട്. ആത്മാർഥതയുടെ ആൾ രൂപമാണ് ഇവൻ. പിന്നെ എന്തിനും തയ്യാറായി കൂടെ നിന്ന അമ്പിളി. ഉടൻ പ്രതികരിച്ച ബാലകൃഷ്ണൻ.
പക്ഷെ ഇന്നും ഞാൻ ഉറപ്പിക്കുന്നു. "പ്രിയനേ ഒപ്പം ഞാനുണ്ടായിരുന്നെങ്കിൽ വിട്ടുകൊടുക്കില്ലായിരുന്നു നിന്നെ ഞാൻ. ഒന്നിനുമായില്ലെങ്കിൽ മരണത്തിലും ഞാൻ ഒപ്പമുണ്ടായിരുന്നേനെ."

No comments:

Post a Comment