Thursday, June 12, 2014

കൊച്ചിക്കാളി

കൊച്ചിക്കാളിയമ്മയെ അമ്മ ചേർത്ത് മറ്റാരെങ്കിലും വിളിച്ചിരുന്നോ എന്നറിയില്ല. വെറും കൊച്ചിക്കാളി. തലമുറകൾക്കപ്പുറം ''കമ്മ്യൂണിസം എന്ന ഭൂതം" കേരളത്തെ ബാധിച്ചു തുടങ്ങിയ കാലത്ത് കൊച്ചിക്കാളി യുവതിയായിരുന്നു. കറുമ്പന്റെ കൈ പിടിച്ചു അഞ്ചാലുമ്മൂട്ടിലേക്കു വന്ന കാലം മുതൽ കൊച്ചിക്കാളിയും കമ്മ്യൂണിസ്റ്റ് ആയി. കറുമ്പൻ അന്നാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് ആയിരുന്നു. ഇന്ന് ആരും ഓർക്കാത്ത, അറിയാത്ത ഒരു പഴയ കമ്മ്യൂണിസ്റ്റ്.
വയസ്സെത്രയുണ്ടെന്നു ചോദിച്ചാൽ കൊച്ചിക്കാളിയമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുകയേയുള്ളൂ. പക്ഷെ കല്ല്യാണം കഴിഞ്ഞ നാളുകളും കല്ലുമല തെക്കേ മുക്കിനൂന്നു കല്ല്യാണച്ചെക്കന്റെ കൈ പിടിച്ചു കാടും പടലോം താണ്ടി അഞ്ചാലുംമൂട് വരെ നടന്നതും ഗൗരവക്കാരനായ കറുമ്പനെ ഒന്നും രണ്ടും പറഞ്ഞു ചിരിപ്പിച്ചതും രാമേട്ടൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുടീൽ വന്നു ഒളിവിളിരുന്നതും ഒക്കെ ചിലപ്പോൾ അവർ പറയും.
ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് രാമേട്ടൻ ഒളിവിലിരുന്ന നാളും പോലീസ് പിടിക്കാൻ വന്നതുമായ കഥയാണ്‌. ജീവിതത്തിൽ ഒരു പക്ഷെ ഒരു സ്ത്രീയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം. അതിങ്ങനെയായിരുന്നു.
രാമേട്ടൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. പേരു പോലും അതു തന്നെയാണോ എന്ന് അറിയില്ല. ഒരു വൈകുന്നേരം കറുമ്പൻ (കൊച്ചിക്കാളിയമ്മ അങ്ങനെ തന്നെയായിരുന്നു ഭർത്താവിനെ വിളിച്ചിരുന്നത്.) ഈർക്കിലിൽ കോർത്ത കുറെ വരാലും ഒരു 'ചൊമട്' ചീനീമായി കേറിവന്നു.
"ഡീ ഇന്ന് രാത്രി രാമേട്ടൻ വരും. പാർട്ടീടെ വല്യ നേതാവാ. ആരും അറിയരുത്. തെക്കേലെ കാളീടെ ഒരു തഴപ്പാ മേടിച്ചോ. നാളെ ഇച്ചിര് ചീനി പുഴുങ്ങിയൊണക്കാനാന്നു പറഞ്ഞാ മതി"
"എന്തിനാ തഴപ്പാ..?"
"പറഞ്ഞത് കേട്ടാ മതി." കറുമ്പനു ദേഷ്യം വന്നാ പിന്നെ നിവൃത്തിയില്ല.
രാത്രി ഒരുപാട് ഇരുട്ടിക്കഴിഞ്ഞപ്പോൾ ഒരു കറുത്ത മുണ്ടും കളം കളം ഉടുപ്പുമിട്ട രാമേട്ടൻ കറുമ്പന്റെ കൂടെ കുടിയിലെത്തി. കുടിയിൽ ആകെയുള്ള ഒറ്റ മുറിയിൽ, ഉള്ള നിലത്ത് ഒരു വശത്ത്‌ രാമേട്ടനും മറു വശത്ത്‌ കറുമ്പനും കൊച്ചിക്കാളീം കെടന്നു. ആരും ഒറങ്ങീട്ടൊന്നുമില്ല. പിന്നേം കുറെ നേരം കഴിഞ്ഞു. എന്തോ ചെറിയ ശബ്ദങ്ങൾ കുടിയ്ക്കടുത്തേക്ക് എത്തുന്നത് പോലെ തോന്നി. കറുമ്പൻ രാമേട്ടനോട്‌ അടക്കം പറഞ്ഞു,
"സഖാവേ തഴപ്പായിലോട്ടു ചുരുണ്ടോ...ഞാനൊന്ന് നോക്കാം." കറുമ്പൻ ഓലവിടവിലൂടെ പുറത്തേക്ക് നോക്കി. പിന്നെ ധൃതിയിൽ കൊച്ചിക്കാളീടെ മേലേക്ക് വീണു. അവർക്ക് ശബ്ദിക്കാനാവും മുൻപേ ഉടുതുണി പറിച്ചു കളഞ്ഞു. സ്വന്തം നീലക്കരയൻ തോർത്തും അഴിച്ചു കളഞ്ഞ് അവരെ കെട്ടിപ്പുണർന്നു. അമ്പരന്നുപോയ കൊച്ചിക്കാളിയുടെ വായ്‌ അയാൾ ബലമായി കൈ കൊണ്ട് പൊത്തി.
പൊടുന്നനെ ബൂട്ടുകളുടെ ശബ്ദവും വിസിൽ ശബ്ദവും. ഒപ്പം കുടിയുടെ വാതിൽ ചാരി വച്ചിരുന്ന ചെറ്റമറ ഇളകിവീനു. കണ്ണഞ്ചിക്കുന്ന വെളിച്ചം മുറിയിൽ പരന്നു. മുൻപിൽ നിന്ന പോലീസുകാരൻ നഗ്നരായി പുണർന്നു കിടക്കുന്ന ദമ്പതികളെ കണ്ടു. പെട്ടെന്ന് വെളിച്ചം കെടുത്താൻ പറഞ്ഞു പുറത്തിറങ്ങി. കറുമ്പനെ പുറത്തേക്ക് വിളിച്ചു. പിന്നെ ചോദ്യോം പറച്ചിലും പുറത്തു വച്ചായിരുന്നു. രാമേട്ടന്റെ വരവ് അവർ അറിഞ്ഞു. പക്ഷെ അൽപ്പം വിരട്ടലും ഭേദ്യവും ഒക്കെയുണ്ടായെങ്കിലും ഇവിടെയെത്തിയില്ല എന്ന കറുമ്പന്റെ മറുപടി വിശ്വസിച്ചു അവർ പോവുകയും ചെയ്തു.
ഒരു പകൽ അവിടെ കഴിഞ്ഞ രാമേട്ടൻ അടുത്ത രാത്രിയിലാണ് തിരികെ പോയത്. ആ പകൽ മുഴുവൻ കൊച്ചിക്കാളി കുടിക്കുള്ളിൽ കേറിയില്ല. രാമേട്ടന്റെ കഥ പിന്നീടൊന്നും അവർക്ക് അറിയുകയുമില്ല. കഥകളുടെ കെട്ടുമായി ഈ ലോകം വിട്ട നാൾ വരെ  കൊച്ചിക്കാളി കമ്മ്യൂണിസ്റ്റു തന്നെയായിരുന്നു. കറുമ്പൻ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റ് ആയ കമ്മ്യൂണിസ്റ്റ്.

No comments:

Post a Comment