ഫോണ്‍
നിർത്താതെ ശബ്ദിച്ചപ്പോൾ
കൊല്ലാനുള്ള ദേഷ്യമാണ്
തോന്നിയത്. ഇന്നലെ
രാത്രി ഏറെ വൈകിയാണ് വന്നത്.
ഒന്നുറങ്ങാനും
സമ്മതിക്കില്ലല്ലോ !
"ആരാ.."
ഫോണെടുത്ത
വിനോദ് ദേഷ്യം മറയ്ക്കാതെ
ചോദിച്ചു.
"വിനുവേട്ടാ
ഇത് ഞാനാണ് സത്യൻ."
ഫോണിലെ
മറുപടി കേട്ടപ്പോൾ വിനോദ്
ഒന്ന് തണുത്തു.
"എന്തെടാ
ഈ വെളുപ്പിന്..?"
"എനിക്ക്
വിനുവേട്ടനെ ഒന്ന് കാണണം.
ഇപ്പോൾ
തന്നെ." എന്തെങ്കിലും
അത്യാവശ്യമില്ലാതെ അവൻ കാണാൻ
നിർബന്ധിക്കില്ല എന്നറിയാം.
"നീയെവിടെയാ..?"
വിനോദ്
ശാന്തമായി ചോദിച്ചു.
"ഞാൻ
ഏട്ടന്റെ ഓഫീസിലുണ്ട്."
"ശരി
അവിടെ തന്നെയിരുന്നോളൂ.
ഞാൻ ദാ
വന്നു." ഉടൻ
തന്നെ തയ്യാറായി വിനോദ്
ഇറങ്ങുമ്പോൾ ഭാര്യയുടെ
മുറുമുറുക്കലുകൾഉണ്ടായെങ്കിലും
അതു ശ്രദ്ധിച്ചില്ല.
ഓഫീസിന്റെ
പടി കയറുമ്പോൾ തന്നെ കണ്ടു
സത്യൻ വഴിക്കണ്ണുമായി കാത്തു
നില്ക്കുന്നു.
"എന്തെടാ
എന്ത് പറ്റി..?" സത്യന്റെ
അടുത്തെത്തി വിനോദ് ചോദിച്ചു.
"അത്...
അത്....
ഇന്നലെ മുതൽ
സെലീനയെ കാണുന്നില്ല."
വിക്കി
വിക്കി അവൻ പറഞ്ഞു.
"അതെവിടെ
പോയി..? അവളുടെ
വീട്ടിലെങ്ങാനും പോയിട്ടുണ്ടാവും.
നിങ്ങൾ
തമ്മിൽ വഴക്കെന്തെങ്കിലും
ഉണ്ടായോ...?" വിനോദ്
ആരാഞ്ഞു.
"ഇല്ലേട്ടാ.
അത്...
അവനെയും
കാണുന്നില്ല ആ സുകുവിനേയും."
സത്യന്റെ
മുഖം വേദന കൊണ്ട്
ച്ചുളിയുന്നുണ്ടായിരുന്നു.
"ങേ..
അത്..
അതെങ്ങനെ...?
അതിനു യാതൊരു
സാധ്യതയുമില്ലല്ലൊടാ...അവനു
നിങ്ങളെ അത്രയ്ക്കിഷ്ടമായിരുന്നല്ലോ...!"
വിനോദിന്
വിശ്വസിക്കാനായില്ല.
അതിനു
കാരണമുണ്ട്. ഒരുപാട്
കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു
സുകുവിന്റേത്. ഏറെക്കാലം
വിനോദിന്റെ വിശ്വസ്തനായി
കൂടെ നിന്നു. തനിക്കൊരു
ജോലി വേണം എന്ന് അവൻ നിരന്തരം
വിനോദിനെ അലട്ടിയിരുന്നു.
അക്കാലത്ത്
സത്യന് രണ്ടു ഓട്ടോറിക്ഷകൾ
ഉണ്ടായിരുന്നു. സമൂഹത്തിൽ
നല്ല പേരുള്ള ഒരു ഓട്ടോ ഡ്രൈവർ
ആയിരുന്നു സത്യൻ. നല്ല
കുടുംബം. സുകുവിന്
ഓട്ടോറിക്ഷ ഓടിക്കാൻ അറിയാം.
അതിനാൽ
വിനോദ് സത്യനെ കണ്ടു കാര്യം
പറയുകയും സത്യൻ അവനെ സ്നേഹപൂർവ്വം
സ്വീകരിക്കുകയും ചെയ്തു.
സ്വന്തം
സഹോദരനെപ്പോലെയാണ് സത്യൻ
സുകുവിനോട് പെരുമാറിയത്.
സ്വന്തം
വീട്ടിൽ തന്നെ അവനു താമസസൗകര്യം
നല്കി. സ്വന്തം
ഭാര്യയോടും മക്കളോടുമൊപ്പം
സിനിമയ്ക്ക് കൊണ്ടുപോയി.
നല്ല ഭക്ഷണവും
വസ്ത്രവും നല്കി. ഒക്കെ
വിനോദിനും അറിവുള്ള
കാര്യങ്ങളായിരുന്നു.
കൂടാതെ
ഭാര്യ സെലീന സത്യന് ജീവനായിരുന്നു.
അവളെ ശകുനം
കണ്ടുകൊണ്ടു മാത്രമേ അവൻ
വണ്ടിയിറക്കുകയുള്ളൂ.
മാറിവരുന്ന
സിനിമകളെല്ലാം കാണിക്കും.
പുതിയ
ഫാഷനിലുള്ള ചുരിദാറുകൾ
ഇടയ്ക്കിടെ അവളെയും കൊണ്ടുപോയി
വാങ്ങിക്കൊടുക്കും.
സ്നേഹം
തുളുമ്പിയ കുടുംബജീവിതം.
പിന്നെ
എന്താണ് സംഭവിച്ചത്...?
വിനോദിന്
സത്യൻ പറയുന്നത് വിശ്വസിക്കാൻ
കഴിഞ്ഞില്ല.
"എന്തായാലും
ഞാനൊന്ന് അന്വേഷിക്കട്ടെ.
നീ വീട്ടിലേക്കു
ചെല്ല്. അവിടെ
മക്കൾ മാത്രമല്ലേയുള്ളൂ.."
സത്യനെ
വീട്ടിലേക്കു വിട്ടു സുകുവുമായി
ബന്ധമുള്ളവരെ തേടി വിനോദ്
യാത്രയായി.
ആഴ്ചയൊന്നെടുത്തെങ്കിലും
സുകുവിനേയും സെലീനയെയും
കണ്ടെത്താൻ അവനു കഴിഞ്ഞു.
കാലടിയ്ക്കടുത്തു
ഒരു സുഹൃത്തിന്റെ വീട്ടിൽ
ഇരുവരും നവദമ്പതികളെ പോലെ
കഴിയുകയാണ്. കണ്ടയുടൻ
സുകുവിന്റെ ചെകിട് നോക്കി
ഒന്ന് കൊടുത്ത ശേഷമാണ് വിനോദ്
സംസാരം തുടങ്ങിയത്.
"എടാ
നിന്നെ സ്വന്തം അനിയനെ പോലെയല്ലേ
അവൻ സ്നേഹിച്ചത്? നീ
ഈ പണി അവനോടു ചെയ്തല്ലോ...
പാല് തന്ന
കയ്ക്കു തന്നെ നീ കൊത്തി
അല്ലെ.."
"അവനോടു
ചോദിക്കേണ്ട ഞാനാണ് അവനെ
കൂട്ടി ഇറങ്ങിയത്."
ഇന്ന് വരെ
കാണാത്ത മുഖഭാവത്തോടെ സെലീന
മുന്നിലേക്ക് വന്നു.
"എങ്കിൽ
നിന്നോട് ചോദിക്കാം നീയെന്തിനാണ്
ഇങ്ങനൊരു ചതി അവനോടു ചെയ്തത്..?"
സെലീന
ഒരു ക്രൌര്യഭാവത്തോടെ അവനെ
നോക്കിയതല്ലാതെ ഉത്തരം
പറഞ്ഞില്ല.
"എടീ
നിന്നോട് എന്ത് തെറ്റാണ് അവൻ
ചെയ്തത്..?" വിനോദ്
വീണ്ടും ചോദിച്ചു.
ഇപ്പോഴും
ഉത്തരമൊന്നും ഉണ്ടായില്ല.
അവളെ കൈക്ക്
പിടിച്ചു അൽപ്പം മാറ്റി
നിർത്തി ശബ്ദത്തിന്റെ തീവ്രത
കുറച്ചു അവൻ വീണ്ടും ചോദിച്ചു.
"നിന്നെ
എന്റെ അനുജത്തിയായല്ലേ ഞാൻ
ഇതേവരെ കണ്ടിട്ടുള്ളൂ.
സത്യത്തിൽ
എന്താണ് പ്രശ്നം..? അവനു
നിന്നോട് സ്നേഹമല്ലേ
ഉണ്ടായിരുന്നുള്ളൂ..?"
"ഉം.."
അവൾ മൂളി.
"നിന്നെ
പുതിയ സിനിമകൾ കാനിക്കുകേം
പുതിയ ഫാഷനിലുള്ള ഡ്രസ്സ്
വാങ്ങിത്തരികേം ഒക്കെ
ചെയ്യുമായിരുന്നില്ലെ..?"
"ഉം..."
അവൾ വീണ്ടും
മൂളി.
"സത്യന്
എന്തെങ്കിലും ലൈംഗിക തകരാറുകൾ
ഉണ്ടായിരുന്നോ..?"
"ഇല്ല...ഇല്ല.."
അവൾ
നിഷേധാത്മകമായി തലയാട്ടി.
"പിന്നെന്താണ്
കുഴപ്പം..? എന്തിനാണ്
നീ ഇവന്റെ കൂടെ പോന്നത്..?
അവനെക്കാൾ
എന്ത് മെച്ചമാണ് ഇവാൻ നിനക്ക്
തരുന്നത്..?"
"അതൊന്നും
ചോദിക്കരുത് വിനുവേട്ടാ..
പക്ഷെ എന്നെ
തിരികെ കൊണ്ടുപോകാൻ ശ്രമിക്കരുത്.
നിർബന്ധിച്ചാൽ
ഞാൻ ഈ റെയിൽ പാളത്തിൽ തല
വയ്ക്കും." വീടിനു
മുന്നിൽ കൂടി പോകുന്ന റെയിൽവേ
പാളം ചൂണ്ടി അവൾ പറഞ്ഞു.
വിനോദിന്
ആകെ ഭ്രാന്തു പിടിക്കും പോലെ
തോന്നി. ഒടുവിൽ
തിരികെ പോകാൻ തീരുമാനിച്ചു.
തിരികെ
നാട്ടിലെത്തുമ്പോൾ സത്യൻ
അവന്റെ വരവ് പ്രതീക്ഷിച്ചു
വീടിനു മുന്നിൽ തന്നെയുണ്ട്.
ഒന്നും
മറയ്ക്കാതെ വിനോദ് കാര്യങ്ങളെല്ലാം
സത്യനോട് പറഞ്ഞു. ഒടുവിൽ
അവനോടു ചോദിച്ചു,
"ഇപ്പോൾ
ഒരാഴ്ചയിലേറെയായി അവർ
ഭാര്യാഭർത്താക്കന്മാരായി
ജീവിക്കുകയാണ്. ഇനി
നിനക്കവളെ വേണോ..?"
"വേണം
വിനുവേട്ടാ. അവൾ
പാവമാണ്. അവൾക്കൊരു
തെറ്റുപറ്റിയതാവും..
അവൾ തിരികെ
വന്നാൽ മതി. എനിക്കവളെ
വേണം."
സത്യത്തിൽ
വിനോദ് ഞെട്ടിപ്പോയി.
ഇങ്ങനെയും
മനുഷ്യരുണ്ടല്ലോ എന്ന്.
"എങ്കിൽ
ശരി. നാളെ
രാവിലെ നമുക്കൊരുമിച്ചു
പോകാം അവിടേക്ക്."
വിനോദ്
ഉറപ്പിച്ചു. വൈകിട്ട്
തന്നെ സുകുവിന്റെയും സെലീനയുടെയും
വീട്ടുകാരെ കൂടി വിവരം
അറിയിക്കാൻ അവൻ മറന്നില്ല.
അടുത്ത
ദിവസം മൂന്നു വണ്ടികളിലായി
എല്ലാവരും കൂടി കാലടിയ്ക്ക്
പോയി. എല്ലാവരെയും
കണ്ടപ്പോൾ സെലീന ഉള്ളിലേക്ക്
വലിഞ്ഞു. മുൻപിൽ
നടന്നു ചെന്ന് വീട്ടിലേക്കു
കയറിയ വിനോദിന് നേരെ രൂക്ഷമായി
നോക്കിക്കൊണ്ട് സുകു മുരണ്ടു,
"ചതിയാണിത്.
എല്ലാവരെയും
ഇങ്ങോട്ടു കൂട്ടി വന്നത്."
വിനോദിന്
കൊപമാണ് വന്നത് അവന്റെ കൈ
ഉയരും മുൻപ് സുകു ദൂരേക്ക്
മാറി. സുകുവിന്റെ
ബന്ധുക്കൾ സുകുവിനോടും
സെലീനയുടെ ബന്ധുക്കൾ സെലീനയോടും
സംസാരിക്കുമ്പോൾ വിനോദും
സത്യനും നിശ്ശബ്ദരായി
സ്വീകരണമുറിയിൽ ഇരുന്നു.
ഒടുവിൽ
സെലീനയുടെ ബന്ധുക്കൾ പുറത്തിറങ്ങി
സത്യൻ അവളുമായി ഒന്ന് സംസാരിച്ചു
നോക്കാൻ ആവശ്യപ്പെട്ടു.
സത്യൻ മെല്ലെ
അവൾ ഇരിക്കുന്ന മുറിയിലേക്ക്
കടന്നു."
ഏതാണ്ട്
മുക്കാൽ മണിക്കൂറായിട്ടും
അവർ മുറി തുറന്നു പുറത്തു
വരാതിരുന്നപ്പോൾ എല്ലാവർക്കും
ഭയമായി. വിനോദ്
നേരെ മുറിക്കുള്ളിലേക്ക്
കയറി നോക്കി. അവിടെ
കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു.
സത്യനും
സെലീനയും കെട്ടിപ്പുണർന്നിരുന്നു
കരയുകയാണ്.
"മതി
മതി.. ഇനി
ബാക്കി വീട്ടിൽ ചെന്നിട്ടാകാം."
ഇരുവരെയും
വിളിച്ചു പുറത്തിറങ്ങുമ്പോൾ
സുകു വെളിയിൽ ബന്ധുക്കളുടെ
നടുവിൽ നിന്നു ഇതെല്ലാം
കാണുന്നുണ്ടായിരുന്നു.
സുകുവിനെ
നോക്കാതിരിക്കാൻ സെലീന
ശ്രമിക്കുന്നതായി വിനോദിന്
തോന്നി.
എന്തായാലും
എല്ലാം കലങ്ങിത്തെളിഞ്ഞല്ലോ
എന്നാ ആശ്വാസത്തിൽ എല്ലാവരും
വണ്ടിയിൽ കയറുമ്പോൾ സെലീന
കത്തുന്ന കണ്ണുകളോടെ മറ്റാരും
കേൾക്കാതെ വിനോദിനോട് പറഞ്ഞു,
"ചതിയനാണ്
നിങ്ങൾ."
"ആകട്ടെ
കുറച്ചു നാൾ കഴിഞ്ഞു നീ തിരിച്ചു
പറഞ്ഞോളും." ഒരു
ചിരിയോടെ വിനോദ് പ്രതിവചിച്ചു.
ദിവസങ്ങളും
മാസങ്ങളും കടന്നുപോയി.
വിനോദ്
ഇടയ്ക്ക് സത്യനോട് കാര്യങ്ങൾ
അന്വേഷിക്കാരുണ്ടായിരുന്നു.
ഒരിക്കൽ
അവൻ സത്യനോട് ഭാര്യയേയും
കുട്ടികളെയും കൂട്ടി സുഭാഷ്
പാർക്കിലേക്ക് വരാൻ ക്ഷണിച്ചു.
വിനോദും
ഭാര്യയും കുട്ടികളും എല്ലാവരുമായി
ചിലവിടാൻ.
കുട്ടികളുടെ
കളികളും വലിയവരുടെ തമാശകളും
ഒക്കെയായി നിറമുള്ള സായാഹ്നമായി
അത്. ഇടയ്ക്ക്
സെലീനയോട് വിനോദ് അന്വേഷിച്ചു,
"എങ്ങനെയുണ്ടെടീ
ഇപ്പോൾ..? അന്ന്
നീ പറഞ്ഞ അഭിപ്രായം തന്നെയാണോ
ഇപ്പോഴും..? ഞാൻ
ചതിയനാണോ..?"
"അതൊന്നും
ഓർമ്മിപ്പിക്കല്ലേ ഏട്ടാ..
ഇപ്പോൾ
എനിക്കറിയാം ഞാൻ ഭാഗ്യവതിയാണ്.
വിനുവേട്ടൻ
അന്നു ചെയ്തതാണ് ശരി.
എങ്ങനെ
നന്ദി പറയണം എന്നറിയില്ല."
അവളുടെ
കണ്ണുകളിൽ നീർ പൊടിഞ്ഞു
തുടങ്ങിയപ്പോൾ വിനോദിന്റെ
മനസ്സിൽ അവളുടെ അന്നത്തെ ആ
കത്തുന്ന കണ്ണുകളാണ് കടന്നുവന്നത്.
"എന്താണീ
പെണ്ണിന്റെ മനസ്സ്"
എന്ന ഒരു
ചിന്തക്കഷ്ണവും.