ഡിഗ്രി
പഠനകാലം. നല്ല
മഴയുള്ള ഒരു ദിവസം.
കായംകുളം
ബസ് സ്റ്റാന്റില്‍ നിന്നും
പുറത്തിറങ്ങി ശ്രീദേവി
ഹോട്ടലിനു മുന്നില്‍ ശശിയണ്ണന്റെ
കടയോടുചേര്‍ന്ന് മഴനനയാതെ
നില്‍ക്കുകയാണ്. അപ്പോഴാണ്
സഹപാഠി ആലീസ് കുടയും ചൂടി
നടന്നുവരുന്നത് കണ്ടത്.
അതീവസുന്ദരിയായ
ആലീസിന്റെ നാട് കണ്ണൂര്‍
ഭാഗത്തെവിടെയോ ആണ്.
ഇവിടെ ഒരു
ബന്ധുവിനൊപ്പം നിന്നാണ്
പഠിക്കുന്നത്. മറ്റെന്തോ
കോഴ്സ് കഴിഞ്ഞുവന്നതിനാലാവാം
ഞങ്ങളേക്കാള്‍ ഒന്നുരണ്ടു
വയസ്സ് കൂടുതലായിരുന്നു
ആലീസിന്. കൂടാതെ
സ്ഥിരം വേഷം സാരിയും.
(രാജീവേട്ടന്റെ
പ്രണയിനിയുമായിരുന്നു കക്ഷി)
എന്നെ
കണ്ടപ്പോള്‍ 'വരുന്നോടാ..'
എന്ന്
കണ്ണുകൊണ്ടൊരു ചോദ്യം.
ഹോ എന്താ
സന്തോഷം. ശശിയണ്ണന്റെ
വളിച്ച കമന്റ് തട്ടിത്തെറിപ്പിച്ചുകൊണ്ട്
ഞാന്‍ ഓടി ആലീസിന്റെ കുടയില്‍
കയറി.
സ്റ്റാന്റില്‍
നിന്നും ഒരു കിലോമീറ്ററിനു
മേല്‍ ദൂരമാണ് കോളേജിലേക്ക്.
മഴയൊക്കെ
ആസ്വദിച്ച് ഞങ്ങള്‍ കോളേജിന്റെ
പടി കടന്നു. മഴനനഞ്ഞു
കടന്നുവരുന്ന കുട്ടികള്‍ക്കിടെ
ഞങ്ങളും മുങ്ങി. എന്റെ
അന്നത്തെ സ്ഥിരം വേഷമായിരുന്ന
ഒറ്റമുണ്ടും ഷര്‍ട്ടും കുടഞ്ഞു
നേരെയാക്കി ക്ലാസിലേക്ക്
നടക്കുമ്പോള്‍ മുകളില്‍
നിന്നും പടികളിറങ്ങി വരുന്ന
പെണ്‍കുട്ടികളിലൊരാള്‍
'പോകല്ലേ..
പോകല്ലേ..'
എന്ന്
പറഞ്ഞുകൊണ്ട് ഓടിയടുത്തുവന്നു.
പ്രീഡിഗ്രി
കുട്ടികളാണ്. എന്താണു
കാര്യമെന്നു മനസ്സിലാകും
മുന്‍പേ എന്റെ ഷര്‍ട്ടിന്റെ
പോക്കറ്റിലേക്ക് നാലായി
മടക്കിയ ഒരു പേപ്പര്‍ ഇട്ടു.
ഷീജ തന്നതാണ്
എന്നും പറഞ്ഞിട്ട് ആ കുട്ടി
തിരികെയോടി.
ഷീജയെ
നന്നായി അറിയാമായിരുന്നു.
അജിത്തും
വിജിയും തമ്മില്‍ പ്രണയസല്ലാപങ്ങള്‍
നടത്തുമ്പോള്‍ അതിനു കൂട്ടായി
ഞാന്‍ ചിലപ്പോള്‍ ഉണ്ടാകും.
അപ്പോള്‍
ഷീജയും കൂടെ കൂടാറുണ്ടായിരുന്നു.
പലതവണ ഇങ്ങനെ
കണ്ട് തമാശകളും കഥകളുമൊക്കെ
പറഞ്ഞ് അടുപ്പമായിരുന്നു.
(അജിത്തിനും
വിജിക്കും ഇപ്പോള്‍ മക്കള്‍
രണ്ട്. മൂത്ത
മകള്‍ വിവാഹപ്രായമായിട്ടുണ്ടാവും.
അതോ വിവാഹം
കഴിഞ്ഞോ എന്നും അറിയില്ല.)
എന്തായാലും
അതൊരു പ്രണയക്കുറിപ്പായിരുന്നു.
പക്ഷേ നേരത്തേ
തന്നെ ഒരു പ്രണയം തലയ്ക്കു
പിടിച്ചിരുന്നതിനാല്‍ എനിക്ക്
പ്രതികരിക്കാന്‍ ആകുമായിരുന്നില്ല.
അടുത്ത
ദിവസം ഷീജയെ കണ്ടപ്പോള്‍
ഞാന്‍ അയാളോടു കാര്യങ്ങള്‍
പറഞ്ഞു. കുറെ
സങ്കടം ആ മുഖത്തു കണ്ടു.
പക്ഷേ ഒന്നും
പറഞ്ഞില്ല.
ഏതാനും
ആഴ്ച്ചകള്‍ക്കു ശേഷം കോളേജ്
അടച്ചു. പിന്നെ
അയാളെ കുറിച്ച് യാതൊരു
വിവരവുമില്ലായിരുന്നു.
ഡിഗ്രി
അവസാനവര്‍ഷം പകുതി കഴിഞ്ഞ
ഒരു ദിവസം ഷീജ എന്നെ തേടി
കോളേജില്‍ വന്നു. കൈയില്‍
ഒരു കല്യാണക്കുറിയുമായി.
പക്ഷേ ഒട്ടും
സന്തുഷ്ടയായിരുന്നില്ല
അയാള്‍. ഇഷ്ടമല്ലാത്ത
വിവാഹമാണ്, വീട്ടുകാരുടെ
നിര്‍ബന്ധത്തിനു വഴങ്ങിക്കൊടുക്കുകയാണ്
എന്നൊക്കെ പറഞ്ഞു. തിരികെ
പോകുമ്പോള്‍ നിറഞ്ഞ കണ്ണുകള്‍
തുടയ്ക്കുന്നതു കണ്ടു.
ഒരു
പ്രയോജനവുമില്ലാത്ത ഒരു
നെടുവീര്‍പ്പ് പൊഴിക്കാനേ
എനിക്കായുള്ളൂ.
വര്‍ഷങ്ങളേറെ
കഴിഞ്ഞു. തെയിലക്കച്ചവടവുമായി
കറങ്ങിനടന്ന കാലത്ത് ഒരു
ദിവസം കായംകുളത്ത് കോണ്‍ഗ്രസ്
ഓഫീസിനു മുന്നിലുള്ള പാന്‍
കടയില്‍ നിന്നും ഒരു മുറുക്കാന്‍
വാങ്ങി ചവച്ചുകൊണ്ടു തിരിഞ്ഞത്
ഷീജയുടെ മുന്നിലേക്കാണ്.
ഒരു പക്ഷേ
പഴയ ഷീജയുടെ നിഴല്‍രൂപത്തിലേക്ക്.
നല്ല
പുഷ്ടിയുള്ള ശരീരമായിരുന്നു
അയാളുടേത്. ഇപ്പോള്‍
മെലിഞ്ഞുണങ്ങിയ ഒരു രൂപം.
നാലഞ്ചു
വയസ്സുള്ള ഒരു കുട്ടിയും
കൂടെയുണ്ട്.
'ഏയ്
ഷീജ...' ഞാന്‍
വിളിച്ചപ്പോഴാണ് അയാള്‍
എന്നെ കണ്ടത്.
'ആ
പ്രദീപേട്ടാ..., എന്താ
ഇവിടെ..? ഇപ്പോള്‍
എന്തു ചെയ്യുവാ..?' ശാന്തമായ
ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
ഞാന്‍
കാര്യങ്ങളൊക്കെ പറഞ്ഞു.
ഒടുവില്‍
അയാളോട് വിശേഷങ്ങള്‍ ചോദിച്ചു.
ഷീജ പറഞ്ഞ
കാര്യങ്ങള്‍ ഒട്ടും
സുഖകരമായിരുന്നില്ല.
ഭര്‍ത്താവിന്റെ
മദ്യപാനം, മര്‍ദ്ദനങ്ങള്‍,
ഒടുവില്‍
ഇപ്പോള്‍ ഭര്‍ത്താവ് കായംകുളം
ഗവണ്മെന്റ് ആശുപത്രിയില്‍
കിടപ്പാണ്. കരള്‍
രോഗം ബാധിച്ച് ഏതാണ്ട് അവശനായ
അവസ്ഥയില്‍. കശുവണ്ടിഫാക്ടറിയില്‍
ജോലിക്കു പോകേണ്ടിവന്ന ഷീജയുടെ
ദുരവസ്ഥ. ഒരക്ഷരം
തിരികെ മിണ്ടാനാകാതെ ഞാന്‍
നിന്നു.
ഒടുവില്‍
യാത്ര പറഞ്ഞു പിരിയുമ്പോള്‍
എന്നോടായി ഒരു ചോദ്യം,
'പ്രദീപേട്ടന്റെ
അന്നത്തെ അയാള്‍ വേറെ കല്യാണം
കഴിച്ചത് അറിഞ്ഞിരുന്നല്ലോ
അല്ലേ...?' എന്തിനെന്നറിയാത്ത
ഒരു പിടച്ചില്‍ ഇന്നും ആ
ചോദ്യം അവശേഷിപ്പിക്കുന്നു.